ജനുവരി 2 മുതൽ അബുദാബിയിൽ തിരക്ക് കൂടിയ മണിക്കൂറുകളായ കാലത്ത് 7 മുതൽ 9 മണിവരെയും വൈകുന്നേരം 5 മുതൽ 7 മണിവരെയും, ടോൾ നിരക്കുകൾ ഈടാക്കിത്തുടങ്ങി എങ്കിലും ടോൾ സിസ്റ്റത്തിൽ രെജിസ്റ്റർ ചെയ്യാൻ ഇതുവരെ കഴിയാത്ത മറ്റു എമിറേറ്റുകളിൽ നിന്നുള്ള വാഹനങ്ങൾക്ക് രജിസ്ട്രേഷൻ നടപടികൾ പിഴകൂടാതെ പൂർത്തിയാക്കാൻ 3 മാസം അധികസമയം അനുവദിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട് സെന്റർ(ITC) അറിയിച്ചു.
ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, അൽ മഖ്ത പാലം, മുസഫ പാലം എന്നിവിടങ്ങളിലെ ടോൾ ഗേറ്റുകളിൽ ഇരുവശങ്ങളിലേക്കും വാഹനഗതാഗതം ഏറ്റവും കൂടുതൽ ആയ കാലത്ത് 7 മുതൽ 9 മണിവരെയും വൈകുന്നേരം 5 മുതൽ 7 മണിവരെയും 4 ദിർഹം ആണ് ടോൾ തുകയായി ഈടാക്കുന്നത്. പൊതു അവധി, വെള്ളിയാഴ്ച ദിവസങ്ങളിലും മറ്റു മണിക്കൂറുകളിലും ടോൾ ഗേറ്റിലൂടെ കടന്നു പോകാൻ തുക ഈടാക്കുന്നതല്ല. അബുദാബിയിൽ ഉള്ള വാഹനങ്ങൾ സ്വയമേവ ഈ രെജിസ്ട്രേഷൻ സിസ്റ്റത്തിന് കീഴിൽ വരുമെങ്കിലും മറ്റു എമിറേറ്റുകളിൽ നിന്നുള്ള വാഹനങ്ങൾക്ക് ഓൺലൈൻ വഴി വാഹനങ്ങൾ രെജിസ്റ്റർ ചെയ്യണ്ടതുണ്ട്. ഈ നടപടികൾക്കാണ് ഇപ്പോൾ അധിക സമയം അനുവദിച്ചിരിക്കുന്നത്.