ഡിസംബർ 29 – നിർഭയാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘സധൈര്യം മുന്നോട്ട്’ എന്ന കാമ്പയിൻ സംഘടിപ്പിക്കുന്നു

Kerala News

നിർഭയാ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘സധൈര്യം മുന്നോട്ട്’, ‘പൊതുയിടം എന്റേതും’ എന്നീ ആശയങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി 2019 ഡിസംബര്‍ 29 ന് രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ രാത്രി നടത്തം അഥവാ നൈറ്റ് വാക്ക് സംഘടിപ്പിക്കുന്നു. സ്ത്രീകൾക്കെതിരെ ഉയർന്നുവരുന്ന അക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായും, ഇത്തരം അതിക്രമങ്ങൾക്കെതിരെ പൊതുസമൂഹത്തിന്റെ മനസാക്ഷിയെ ഉണർത്തുന്നതിനു വേണ്ടിയും ആണ് ‘പൊതുയിടം എന്റേതും’ എന്ന സന്ദേശം ഉൾക്കൊള്ളുന്ന ഈ രാത്രികാല നടത്തത്തിലൂടെ ഉദ്ദേശിക്കുന്നത്.

രാത്രിസമയങ്ങളിൽ പൊതുഇടങ്ങളിൽ സഞ്ചരിക്കുന്നതിനു സ്ത്രീകൾക്കുള്ളിൽ തന്നെയുള്ള സങ്കോചവും, അകാരണമായ ഭയവും മാറ്റിയെടുക്കുക എന്നതും, പൊതുസമൂഹത്തിന്റെ സ്ത്രീകൾ രാത്രികാലങ്ങളിൽ പൊതുഇടങ്ങളിൽ സഞ്ചരിക്കുന്നതിനെതിരെ ഉള്ള ചിന്താഗതികൾ മാറ്റിയെടുക്കുക എന്നതും ഈ പ്രചാരണപ്രവർത്തനത്തിന്റെ ലക്ഷ്യങ്ങളാണ്.

സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 100 പട്ടണങ്ങളിലാണ് ‘പൊതുയിടം എന്റേതും’ എന്ന നൈറ്റ് വാക്ക് സംഘടിപ്പിച്ചിരിക്കുന്നത്.
ഇതിന്റെഭാഗമായി 29 നു രാത്രി 11 മുതല്‍ പുലര്‍ച്ചെ ഒന്നു വരെ ഇത്തരം തിരഞ്ഞെടുത്ത പട്ടണങ്ങളുടെ വീഥികളില്‍ സ്ത്രീകള്‍ രാത്രി നടക്കും. ഈ പരിപാടിയുടെ നടത്തിപ്പിനായി എല്ലാ ജില്ലകളിലും ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ചെയര്‍മാനായും ബന്ധപ്പെട്ട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍/ ജനപ്രതിനിധി രക്ഷാധികാരിയായും കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ജനമൈത്രി പോലീസ്, റസിഡന്റ്‌സ് അസോസിയേഷന്‍, കുടുംബശ്രീ, വിവിധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടും. ഓരോ ജില്ലയിലെ വനിതാ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ സംഘടനാ പ്രവര്‍ത്തകര്‍, സാംസ്‌കാരിക മേഖലയിലെ പ്രമുഖ വനിതകള്‍ തുടങ്ങിയവര്‍ ഈ പ്രചാരണ നടത്തത്തിൽ പങ്കെടുക്കും.