ബഹ്‌റൈനിൽ നിന്നും കുവൈറ്റിൽ നിന്നും ആദ്യമായി COVID-19 സ്ഥിരീകരിച്ചു

GCC News

ബഹ്‌റൈനിൽ നിന്നും കുവൈറ്റിൽ നിന്നും ആദ്യമായി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു കൊണ്ട് ഇരു രാജ്യങ്ങളിലെയും ആരോഗ്യമന്ത്രാലയങ്ങൾ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകളിലൂടെ അല്പം മുന്നേ രോഗ വിവരം പങ്കുവെച്ചു.

ഇറാനിൽ നിന്നും രാജ്യത്തേക്ക് തിരികെ വന്ന ബഹ്‌റൈനി പൗരനാണ് ബഹ്‌റൈനിൽ COVID-19 സ്ഥിരീകരിച്ചിട്ടുള്ളത്. ആരോഗ്യ പരിചരണങ്ങൾക്കും, സൂക്ഷ്മ പരിശോധനകൾക്കുമായി ഇദ്ദേഹത്തെ ഇബ്രാഹിം ഖലീൽ കാനൂ മെഡിക്കൽ സെന്ററിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിദഗ്ദരായ ഒരു മെഡിക്കൽ സംഘം നിലവിൽ ഇദ്ദേഹത്തെ പരിശോധിച്ച് വരുന്നതായും, രോഗം പടരാതിരിക്കാനായി അദ്ദേഹവുമായി സമ്പർക്കം പുലർത്തിയിരുന്നവരെ സൂക്ഷമപരിശോധനകൾക്ക് വിധേയരാക്കുന്നതിനുള്ള നടപടികൾ എടുത്തതായും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊറോണാ ബാധ പടരാതിരിക്കാനായി വേണ്ട പതിരോധനടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

https://twitter.com/MOH_Bahrain/status/1231827809078849536

ലോകാരോഗ്യ സംഘടനയുടെ ചട്ടങ്ങൾക്ക് അനുസരിച്ചുള്ള നിരീക്ഷണ നടപടികൾ കൈക്കൊണ്ടതായും, രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും യാത്ര ചെയ്ത് വന്നവരെ പ്രത്യേകം ആരോഗ്യ പരിശോധനകൾക്ക് വിധേയരാക്കുമെന്നും അധികൃതർ അറിയിച്ചു. രോഗ ലക്ഷണങ്ങൾ ഉള്ള പൗരന്മാരോട് 444 എന്ന കൊറോണാ രോഗം സംബന്ധിച്ചുള്ള നടപടികൾക്കായുള്ള പ്രത്യേക നമ്പറിൽ ഉടൻ ബന്ധപ്പെടാനും, ആരോഗ്യവിദഗ്ദർ നൽകുന്ന ഉത്തരവുകൾ പാലിക്കാനും, മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കാനും ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

കുവൈറ്റിൽ നിന്ന് 3 പേർക്കാണ് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

ഇറാനിൽ കുടുങ്ങികിടന്നിരുന്ന 700 യാത്രക്കാരെ കഴിഞ്ഞ ദിവസം കുവൈറ്റ് വ്യോമമാർഗം തിരികെയെത്തിച്ചിരുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള അറിയിപ്പനുസരിച്ച് ഇറാനിലെ മഷാദ് (Mashhad) മേഖലയിൽ നിന്നും തിരികെയെത്തിച്ച മൂന്നു പേർക്കാണ് COVID-19 രോഗബാധ കണ്ടെത്തിയത്.