തലസ്ഥാന നഗരിയിൽ അടിയന്തിര ആവശ്യങ്ങൾക്കായി എത്തുന്ന സ്ത്രീകൾക്ക് ഇനി താമസിക്കാൻ സുരക്ഷിതമായ സ്ഥലമില്ലെന്ന ആശങ്ക വേണ്ട. സ്ത്രീകൾക്കായി നഗരകേന്ദ്രമായ തമ്പാനൂർ ബസ് ടെർമിനലിന്റെ എട്ടാം നിലയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന വൺ ഡേ ഹോം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.
പരീക്ഷ, ചികിത്സ പോലുള്ള അത്യാവശ്യ ഘട്ടങ്ങളിൽ നഗരത്തിലെത്തുന്ന സത്രീകൾക്ക് സുരക്ഷിതമായി തങ്ങാൻ ലക്ഷ്യമിട്ടാണ് വൺ ഡേ ഹോമിന് തുടക്കം കുറിച്ചതെന്നും ഇത് ക്രമേണ മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. യാത്രാ വേളകളിലെ ബുദ്ധിമുട്ടുകൾ പരിഹരിച്ച പോലെ സ്ത്രീകളുടെ ആരോഗ്യരംഗത്തെ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ പദ്ധതികൾ ആവിഷ്‌കരിച്ചു വരികയാണ്. തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾക്കും തൊഴിൽജന്യ രോഗങ്ങൾ നേരിടാനും ശ്രമം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ആദ്യമായാണ് വൺ ഡേ ഹോം ആരംഭിക്കുന്നത്. വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നഗരസഭയുമായി സംയോജിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചത്. പെൺകുട്ടികൾക്കും അമ്മമാരോടൊപ്പമുളള 12 വയസുവരെയുളള ആൺകുട്ടികൾക്കും വൺ ഡേ ഹോമിൽ പരമാവധി മൂന്നു ദിവസം വരെ തങ്ങാനാകും. ആറ് ക്യുബിക്കിളും 25 പേർക്ക് താമസിക്കാവുന്ന ഡോർമിറ്ററിയുമാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. എയർകണ്ടീഷൻ സൗകര്യം, ഡ്രെസിംഗ് റൂം, ശുചിമുറികൾ, കുടിവെള്ളം എന്നീ സൗകര്യങ്ങൾ ഉണ്ട്. ഡോർമിറ്ററിക്ക് പ്രതിദിനം 150 രൂപയും ക്യുബിക്കിളിന് 250 രൂപയും ചാർജ് ഈടാക്കും.
പ്രവേശനത്തിന് അഡ്വാൻസ് ബുക്കിംഗ് ഉണ്ടായിരിക്കുന്നതല്ല. പ്രവേശന സമയത്ത് തിരുവനന്തപുരത്ത് എത്തിയതിന്റെ കാരണം ജീവനക്കാരെ ബോധ്യപ്പെടുത്തണം. അഡ്മിഷൻ സമയത്ത് ഒറിജിനൽ ഐഡി പ്രൂഫ് ഹാജരാക്കണം. അടിയന്തിര സാഹചര്യങ്ങളിൽ മൂന്ന് ദിവസം വരെ പ്രവേശനം അനുവദിക്കും.
സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തന്നെ ഇതിനകം സ്ത്രീകൾക്കുള്ള രാത്രികാല അഭയ കേന്ദ്രമായ എന്റെ കൂട് കേന്ദ്രത്തോടു ചേർന്നാണ് വൺ ഡേ ഹോമും പ്രവർത്തിക്കുന്നത്.
സ്ഥാപനത്തിന്റെ പ്രവർത്തനം ജീവനക്കാരുടെ പെരുമാറ്റം എന്നിവ സംബന്ധിച്ച് പരാതികൾ, നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ directorate.wcd@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിലോ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 0471 – 2346508 എന്ന ഫോൺ നമ്പറിലോ അറിയിക്കാം. സ്ഥാപനത്തിലെ ജീവനക്കാരുടെ ബന്ധുക്കളെ അനധികൃതമായി സ്ഥാപനത്തിൽ താമസിപ്പിക്കുന്നതല്ല.
മേയർ കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ജെൻഡർ അഡൈ്വസർ ടി.കെ.ആനന്ദി, നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്.സിന്ധു, തമ്പാനൂർ വാർഡ് കൗൺസിലർ ജയലക്ഷ്മി, വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, ഡയറക്ടർ ടി.വി.അനുപമ, ജില്ലാ വനിത ശിശുവികസന ഓഫീസർ സബീനബീഗം എസ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.