അത്ഭുതങ്ങളുടെ ഇന്ത്യ – അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിക്കുന്ന ഇന്ത്യാ ഫെസ്റ്റ് ഫെബ്രുവരി 6-നു തുടങ്ങും

GCC News

അത്ഭുതങ്ങളുടെ ഇന്ത്യ എന്ന ശീർഷകത്തിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിക്കുന്ന ഇന്ത്യാ ഫെസ്റ്റിനു ഫെബ്രുവരി 6, വ്യാഴാഴ്ച്ച തുടക്കമാകും. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ആദ്യമായി സംഘടിപ്പിക്കുന്ന ഭാരതോത്സവം വൈവിധ്യങ്ങളുടെ ഇന്ത്യ അത്ഭുതങ്ങളുടെ ഇന്ത്യയാണെന്ന സന്ദേശം ഉയർത്തിപിടിക്കുന്നതാണെന്നു ഇസ്ലാമിക് സെന്റർ ആക്ടിങ് പ്രസിഡന്റ് ടി.കെ. അബ്ദുൽ സലാം, ജനറൽ സെക്രട്ടറി എം.പി.എം. റഷീദ് എന്നിവർ അറിയിച്ചു. ഫെബ്രുവരി 6, 7, 8 തീയതികളിൽ വൈകീട്ട് 5 മുതൽ രാത്രി 11 മണി വരെയാണ് ഈ ഇന്ത്യൻ കലകളുടെ വർണോത്സവം നടക്കുന്നത്.

ഇന്തോ-യുഎഇ ബന്ധത്തിന്റെ നേർസാക്ഷിയെന്ന ഖ്യാതിപേറുന്ന ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഇന്ത്യൻ പ്രധാനമന്ത്രി ശിലാസ്ഥാപനം നിർവഹിക്കുക, രാഷ്‌ട്രപതി ഉദ്ഘാടനം നിർവഹിക്കുക തുടങ്ങി നിരവധി ചരിത്ര സംഭവങ്ങൾക്ക് വേദിയായിട്ടുണ്ട്. ഭാരതത്തിന്റെ സ,സംസ്കാരവും മഹത്തായ പാരമ്പര്യവും അറബ് രാജ്യത്ത് പരിചയപെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ള ഇന്ത്യൻ ഇസ്ലാമിക് സെന്റർ അതുകൊണ്ട് തന്നെ ഇന്ത്യാ ഫെസ്റ്റിൽ ഇരു രാജ്യങ്ങളുടെയും സംസ്കാരങ്ങലുമായി ബന്ധപ്പെടുന്ന രീതിയിലാണ് ഈ ഉത്സവം സംഘടിപ്പിക്കുന്നത്. ഇന്തോ-അറബ് സംസ്കാരങ്ങളെ തൊട്ടുണർത്തുന്ന വിവിധ കലാപരിപാടികലാണ് ഈ ആഘോഷങ്ങളുടെ ഭാഗമായി തയാറാകുന്നത്.

ഇരുനൂറില്പരം കലാകാരന്മാർ അണിനിരക്കുന്ന വേറിട്ട കലാപരിപാടികൾ മൂന്ന് ദിവസം നീണ്ടു നിൽക്കും. ഫെബ്രുവരി 7-നു ഉച്ചയ്ക്ക് ഒന്നര മുതൽ അഞ്ചു വരെ ഫാമിലികൾക്ക് മാത്രമായിരിക്കും പ്രവേശനം. പത്ത് ദിർഹമാണ് പ്രവേശന നിരക്ക്. ഈ പ്രവേശനകൂപ്പൺ അടിസ്ഥാനമാക്കിയുള്ള സമ്മാന നറുക്കെടുപ്പുകളും ഉണ്ട്. ഒന്നാം സമ്മാനമായി കാറും മറ്റു നൂറോളം സമ്മാനങ്ങളും ഉണ്ട്. മുപ്പതോളം വിവിധ സ്റ്റാളുകൾ, നാവിൽ കൊതിയൂറും വിഭവങ്ങളുമായി തട്ടുകടകളും, സ്വാദേറും ഭക്ഷണത്തനിമയുമായി കെഎംസിസി കുടുംബിനികളൊരുക്കുന്ന പ്രത്യേക അടുക്കളകൾ, ഉന്നത വിദ്യാഭ്യാസ രംഗത്തെ ഭാവിയിലെ വിവിധ അവസരങ്ങളെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരിചയപ്പെടുത്തുന്ന ഗൈഡിങ് സെന്ററുകൾ എന്നിവയെല്ലാം ഇന്ത്യാ ഫെസ്റ്റിന്റെ ഭാഗമായി ഒരുങ്ങുന്നു.

1 thought on “അത്ഭുതങ്ങളുടെ ഇന്ത്യ – അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിക്കുന്ന ഇന്ത്യാ ഫെസ്റ്റ് ഫെബ്രുവരി 6-നു തുടങ്ങും

Comments are closed.