അന്താരാഷ്ട്ര വനിതാ വാരാചരണം: വനിതകളുടെ ഇരുചക്ര വാഹന റാലി സംഘടിപ്പിച്ചു

Kerala News

അന്താരാഷ്ട്ര വനിത വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ വനിതകളുടെ  ഇരുചക്രവാഹന റാലി സംഘടിപ്പിച്ചു.  വെള്ളയമ്പലം മാനവീയം വീഥിയിൽ നിന്ന് ആരംഭിച്ച  ഇരുചക്രവാഹന റാലി എ.ഡി.ജി.പി.  ബി. സന്ധ്യ  ഫ്ളാഗ് ഓഫ് ചെയ്തു.

സ്ത്രീ സുരക്ഷയ്ക്കും ലഹരിക്കുമെതിരായ ഭീമ ഹർജി എ.ഡി.ജി.പിക്ക് കൈമാറി. വാഹന റാലിയിൽ നൂറോളം സ്ത്രീകൾ  പങ്കെടുത്തു. 25 ഓളം ട്രാൻസ് വുമണും റാലിയുടെ ഭാഗമായി.  സ്ത്രീകൾക്ക് സ്വതന്ത്രവും നിർഭയവും സുരക്ഷിതവുമായ സഞ്ചാര സ്വാതന്ത്ര്യമുറപ്പാക്കൽ, മദ്യത്തിനും മയക്കുമരുന്നിനുമെതിരായ നിതാന്ത ജാഗ്രതയുണർത്തൽ, തുല്യ നീതി അവസര സമത്വം എന്നിവ എല്ലാ മേഖലകളിലും നടപ്പിലാക്കൽ തുടങ്ങിയ സന്ദേശമുൾക്കൊള്ളുന്നതാണ് റാലി.

നഗരത്തിന്റെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് മാനവീയം വീഥിയിലെ നീർമാതളച്ചുവട്ടിൽ റാലി പൂർത്തിയാക്കി. തുടർന്ന് വിവിധ സാംസ്‌കാരിക പരിപാടികൾ അരങ്ങേറി. വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടർ ടി വി അനുപമ, ജെൻഡർ അഡൈ്വസർ ടി. കെ. ആനന്ദി തുടങ്ങിയവർ സംബന്ധിച്ചു.