അബുദാബി – അഗ്നിശമന സേവനങ്ങൾക്കുള്ള പ്രത്യേക യന്ത്രസംവിധാനം പരീക്ഷിച്ചു

GCC News

മുന്നൂറു മീറ്റർ ദൂരത്ത് നിന്ന് പോലും നിയന്ത്രിക്കാവുന്ന അഗ്നിശമന സേവനങ്ങൾക്കുള്ള പ്രത്യേക യന്ത്രമനുഷ്യനെ അബുദാബി സിവിൽ ഡിഫെൻസ് വിജയകരമായി പരീക്ഷിച്ചു. എണ്ണശുദ്ധീകരണശാലകളിലെയും, രാസവസ്തുക്കളുടെ നിർമ്മാണശാലകളിലെയും, തുരങ്കങ്ങൾ പോലുള്ള ഇടങ്ങളിലെയും അഗ്നിബാധകൾ പോലുള്ള അത്യന്തം അപകടകരമായ സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്നതാണ് TAF35 എന്ന ഈ യന്ത്രസംവിധാനം.

ദൂരെയിരുന്നു കൊണ്ട്‌ നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളുള്ള ഈ അഗ്നിശമനയന്ത്രത്തിന്റെ നിർമ്മാണം ജർമ്മൻ അഗ്നിശമന ഉപകരണങ്ങൾ നിർമ്മിക്കുന്ന മഗിരസ് (Magirus) ആണ് നിർവഹിച്ചിരിക്കുനത്. ഈ യന്ത്രത്തിന്റെ ചലനം, വേഗത, അഗ്നി പടരുന്നത് നിയന്ത്രിക്കാനായി വെള്ളമോ, രാസ വസ്തുക്കളോ അതിവേഗത്തിൽ പ്രയോഗിക്കുക തുടങ്ങിയവയെല്ലാം മനുഷ്യർക്ക് വിദൂരമായി നിയന്ത്രിക്കാനാകും. അഗ്നിശമനസേനാനികൾക്ക് അത്യന്തം അപകടകരവും, ദുഷ്കരവുമായ സാഹചര്യങ്ങളിലെല്ലാം TAF35-ന്റെ സേവനം ഉപയോഗിക്കാനാകും.