അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിക്കുന്ന മൂന്ന് നാൾ നീണ്ടു നിൽക്കുന്ന ഇന്ത്യാ ഫെസ്റ്റിന് ഫെബ്രുവരി 6-നു വർണ്ണാഭമായ തുടക്കം. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ആദ്യമായി സംഘടിപ്പിക്കുന്ന ഭാരതോത്സവത്തിന്റെ ഉദ്ഘാടനം ഇന്ത്യൻ എംബസി കോൺസുൽ രാജ മുരുകൻ നിർവഹിച്ചു. വൈവിധ്യങ്ങളുടെ ഇന്ത്യ അത്ഭുതങ്ങളുടെ ഇന്ത്യ എന്ന സന്ദേശം ഉൾകൊണ്ടുള്ള ഈ മേളയുടെ ഉദ്ഘാടന വേളയിൽ ഇന്ത്യൻ സമൂഹത്തിന്റെ സൗമ്യതയെ അബുദാബി പോലീസ് സാമൂഹിക സുരക്ഷാ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അഹ്മദ് സൈഫ് ബിൻ സൈത്തൂൺ അൽ മുഹൈരി പ്രത്യേകം പ്രശംസിച്ചു.
ഇസ്ലാമിക് സെന്റർ ആക്ടിങ് പ്രസിഡന്റ് ടി.കെ. അബ്ദുൽ സലാം അധ്യക്ഷതവഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി എം.പി.എം. റഷീദ് സ്വാഗതമോതി. അബുദാബിയിലെ വിവിധ സാംസ്കാരിക രംഗത്തെയും വാണിജ്യ രംഗത്തെയും പ്രമുഖർ ഉദ്ഘാടന പരിപാടികളിൽ പ്രസംഗിച്ചു.
വർണ്ണാഭമായ ഘോഷയാത്ര, വാദ്യമേളം, കുട്ടികളുടെ വിവിധ കലാപരിപാടികൾ നാടൻ വിഭവങ്ങൾ, മലബാർ കൈപുണ്യത്തിന്റെ രുചി വൈവിധ്യങ്ങൾ തുടങ്ങിയവ ഈ കലോത്സവത്തിന് മാറ്റുകൂട്ടുന്ന ഘടകങ്ങളായിരുന്നു.
സ്ത്രീകളും കുട്ടികളും കുടുംബാംഗങ്ങളും ചേർന്നൊരു ഒത്തുകൂടലിന്റെ സംഗമവേദിയായി ഇന്ത്യ ഫെസ്റ്റ് 2020 മാറുകയായിരുന്നു. തിരക്കു നിയന്ത്രിക്കാനായി കാര്യക്ഷമമായ രീതിയിൽ നടപടികളൊരുക്കുന്നതിലും, വാഹങ്ങൾക്കായി പാർക്കിങ് സൗകര്യങ്ങൾ ഒരുക്കുന്നതിലും സംഘാടക പ്രവർത്തകർ പുലർത്തിയ ശ്രദ്ധ ഏവരുടെയും പ്രശംസ പിടിച്ച് പറ്റുന്ന ഒന്നായിരുന്നു.
ചിത്രങ്ങൾക്ക് കടപ്പാട്: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ
2 thoughts on “അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഇന്ത്യാ ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം”
Comments are closed.