ഇന്ന് മുതൽ അബുദാബിയിൽ, തിരക്ക് കൂടിയ മണിക്കൂറുകളായ കാലത്ത് 7 മുതൽ 9 മണിവരെയും വൈകുന്നേരം 5 മുതൽ 7 മണിവരെയും, ടോൾ നിരക്കുകൾ ഈടാക്കിത്തുടങ്ങുന്നു. വാഹനഗതാഗതം ഏറ്റവും കൂടുതൽ ആയ ഈ മണിക്കൂറുകളിൽ, 4 ദിർഹം ആണ് ടോൾ തുകയായി ഈടാക്കുന്നത്. തുടർന്നുള്ള മണിക്കൂറുകളിലും പൊതു അവധി, വെള്ളിയാഴ്‌ച ദിവസങ്ങളിലും ടോൾ ഗേറ്റുകളിലൂടെ യാത്ര സൗജന്യമായിരിക്കും എന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ(ITC) അറിയിച്ചു.
ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, അൽ മഖ്ത പാലം, മുസഫ പാലം എന്നിവിടങ്ങളിലെ ടോൾ ഗേറ്റുകളിൽ ഇരുവശങ്ങളിലേക്കും ടോൾ ബാധകമാണ്. ഒരു ദിവസം കൂടിയത് 16 ദിർഹം വരെയും, മാസത്തിൽ ആദ്യ വാഹനത്തിനു 200 ദിർഹവും , രണ്ടാമത്തേതിന് 150 ദിർഹവും തുടർന്നുള്ള ഓരോ വാഹനത്തിനും 100 ദിർഹവും ആയി മാസ പരിധി നിജപ്പെടുത്തിയിട്ടുണ്ട്.
പുതിർന്ന പൗരന്മാർക്കും, കുറഞ്ഞ വരുമാനമുള്ളവർക്കും, അംഗപരിമിതർക്കും രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ടോൾ ഉണ്ടായിരിക്കുന്നതല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പൊതു ബസുകൾ, സ്‌കൂൾ ബസുകൾ, അബുദാബിയിൽ രെജിസ്റ്റർ ചെയ്ത ടാക്സികൾ, അത്യാവശ്യ സേവനങ്ങൾക്കുള്ള വാഹനങ്ങൾ, ബൈക്കുകൾ, ഇലക്ട്രിക്ക് വാഹനങ്ങൾ മുതലായവയെ ടോളിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആദ്യ ദിവസം 100 ദിർഹവും, രണ്ടാമത്തെ ദിവസം 200 ദിർഹവും, മൂന്നാമത്തെ ദിവസം 300 ദിർഹവും, പരമാവധി 10,000 ദിർഹവും ആണ് പിഴ തുക.