കൊറോണാ വൈറസ് പ്രതിരോധിക്കുന്നതിനായി അബുദാബിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൈക്കൊള്ളുന്ന സുരക്ഷാ നടപടികളെക്കുറിച്ച് രക്ഷിതാക്കൾക്ക് ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) അറിയിപ്പ് നൽകി.
COVID-19 തടയുന്നതിനും സ്‌കൂളുകളിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും എടുത്തിട്ടുള്ള പുതിയ പ്രതിരോധ നടപടികളെ രക്ഷിതാക്കളെ അറിയിക്കുന്നതിനോടൊപ്പം, രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ രക്ഷിതാക്കൾക്ക് പങ്കാളികളാകാവുന്ന നിർദ്ദേശങ്ങളും ഫെബ്രുവരി 29-നു പുറത്തിറക്കിയ ഈ അറിയിപ്പിലുണ്ട്. രാജ്യത്തെ വിദ്യാലയങ്ങളിൽ കൊറോണാ പ്രതിരോധ നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഫെബ്രുവരി 2 മുതൽ കൈകൊണ്ട നടപടികൾ ഈ കുറിപ്പിൽ വിശദമാക്കിയിട്ടുണ്ട്.
പുതുതായി കൈക്കൊണ്ട പ്രതിരോധ നടപടികൾ:
- സ്‌കൂളുകളിൽ നിന്നുള്ള പഠന യാത്രകൾ ഒഴിവാക്കി; സെമിനാറുകൾ, കോൺഫറൻസുകൾ, മേളകൾ തുടങ്ങി ആളുകൾ ഒത്തുചേരാൻ സാധ്യതയുള്ള പരിപാടികൾ എല്ലാം സ്‌കൂളുകളിൽ നിരോധിച്ചു.
- സ്‌കൂളുകളിലെ നീന്തൽക്കുളങ്ങൾ ഉപയോഗിക്കാൻ പാടില്ല.
- സ്‌കൂൾ അസംബ്ലികൾ താത്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. ക്‌ളാസുകളുടെ ഇടയിലെ ഇടവേളകൾ പല ക്‌ളാസുകൾക്ക് പല സമയത്ത് നല്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിലൂടെ കുട്ടികൾ ഒത്ത് ചേരുന്നത് നിയന്ത്രിക്കാനാകും.
- രോഗലക്ഷങ്ങൾ ഉള്ള വിദ്യാർഥികൾ അദ്ധ്യാപകർ തുടങ്ങി ആരെയും രോഗം ഭേദമാകുന്നത് വരെ സ്‌കൂൾ പരിസരങ്ങളിൽ തുടരാൻ അനുവദിക്കാതിരിക്കുക.
- സ്‌കൂളുകളിൽ കർശനമായ ശുചിത്വ നടപടികൾ ഉറപ്പാക്കണം. സ്‌കൂളുകളിൽ കൃത്യമായ ഇടവേളകളിൽ മാനദണ്ഡങ്ങൾ പ്രകാരം വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും ചെയ്യണം.
രക്ഷിതാക്കൾക്കുള്ള നിർദ്ദേശങ്ങൾ:
- രോഗബാധ തടയുന്നതിനായി കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുക.
- നിങ്ങളുടെ കുട്ടികൾക്ക് പനി, ചുമ, ശ്വാസംമുട്ടൽ എന്നീ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആരോഗ്യ പരിചരണം ഉറപ്പാക്കുക. അവരുടെ രോഗം പൂർണ്ണമായും ഭേദമാകുന്നത് വരെ അവരെ വീടുകളിൽ തുടരാൻ അനുവദിക്കുക.
കൊറോണാ വൈറസ് സംബന്ധമായ വാർത്തകൾക്കും അറിയിപ്പുകൾക്കും അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്തിന്റെ ഔദ്യോഗിക പേജ് സന്ദർശിക്കാം.