അവധിക്കാലം ആകാശത്തിന്റെ അറിവുകൾക്കൊപ്പം – ​ഐ.എസ്​.ആർ.ഒ ഒരുക്കുന്ന പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം

India News

ശാസ്​ത്രം, ബഹിരാകാശ ഗവേഷണം എന്നിവയിലെല്ലാം താൽപര്യമുള്ള കുട്ടികൾക്കായി ഐ.എസ്​.ആർ.ഒ ഈ അവധിക്കാലത്ത്​ ആകാശത്തിന്റെ അറിവുകളെ തൊട്ടറിയുന്നതിനായി ഒരു മികച്ച അവസരം ഒരുക്കുന്നു!

​ഐ.എസ്​.ആർ.ഒ ഒരുക്കുന്ന ‘യുവിക’ എന്ന വേനൽ കാല യുവ ശാസ്‌ത്രജ്ഞ ക്യാമ്പിലേക്ക്​ എട്ടാം ക്ലാസ് പൂർത്തിയാക്കിയ നിലവിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കാണ് പങ്കെടുക്കാനാവുക. ബഹിരാകാശ ശാസ്ത്രത്തിന്റെ അടിസ്ഥാന വിവരങ്ങൾ, ബഹിരാകാശ രംഗത്തെ നൂതന സാങ്കേതിക വിദ്യകളുടെ സംക്ഷിപ്ത രൂപങ്ങൾ, ഉപഗ്രഹ പരിജ്ഞാനം എന്നിങ്ങനെ പല മേഖലകളിലും കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. ബഹിരാകാശ ഗവേഷണ രംഗത്ത് ഭാവിയില്‍ പരിശീലനം നേടാനും പഠിക്കാ നും താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കലാണ് ‘യുവിക’ -യുടെ ലക്ഷ്യം.

മെയ് 11 മുതൽ 22 വരെ നടക്കുന്ന ഈ പരിശീലന പരിപാടിയിലേക്ക് ഫെബ്രുവരി 24 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. പ്രവാസി ഭാരതീയരായ വിദ്യാര്‍ത്ഥികള്‍ക്കും ഈ പരിപാടിയിലേക്ക് അപേക്ഷിക്കാവുന്നതാണു. ഓരോ സംസ്ഥാനത്തു നിന്നും കേന്ദ്ര ഭരണപ്രദേശത്തു നിന്നും സി ബി എസ് സി, ഐ സി എസ് ഇ, സംസ്ഥാന സിലബസ്സുകളിൽ ഉൾപ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികളെ വീതമാണ് തിരഞ്ഞെടുക്കുക. 8-ാം ക്ലാസ്സിലെ വിദ്യാഭ്യാസ മികവും പാഠ്യേതര രംഗത്തെ മികവുകളും അടിസ്ഥാനമാക്കിയായിരിക്കും വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. 8-ാം ക്ലാസ്സിൽ മികച്ച മാർക്കു നേടിയവർ​, ജില്ലാ/സംസ്​ഥാന കലാകായിക മത്സരങ്ങളിൽ സമ്മാനം ലഭിച്ചവർ​, എൻ.സി.സി,സ്​കൗട്ട്​ എന്നിവയിൽ അംഗമായവർ, പഞ്ചായത്ത്​, ഗ്രാമീണ മേഖലകളിലെ സ്​കൂളുകളിൽ പഠിക്കുന്നവർ തുടങ്ങിയവർക്ക് മുൻതൂക്കം ലഭിക്കും.​

​ഐ.എസ്​.ആർ.ഒയുടെ അഹ്​മദാബാദ്​, ബാംഗ്ലൂർ, ഷില്ലോങ്​, തിരുവനന്തപുരം എന്നീ സെൻററുകളിൽ വെച്ചായിരിക്കും പരിശീലനം. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ യാത്ര, പഠന പുസ്തകങ്ങൾ, ഭക്ഷണം, താമസം തുടങ്ങിയ ചെലവുകളെല്ലാം ഐ.എസ്.ആർ.ഒ വഹിക്കും.

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ ആയി രെജിസ്റ്റർ ചെയ്യുന്നതിനും: https://www.isro.gov.in/update/22-jan-2020/young-scientist-programme-2020

തയ്യാറാക്കിയത്: Jaleel Chakkolayil