കെ. എസ്.സി ഭരത് മുരളി നാടകോത്സവം
അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച പത്താമത് ഭരത് മുരളി നാടകോത്സവത്തിന്റെ രണ്ടാം ദിനമായ ഡിസംബർ 26 വ്യാഴാഴ്ച രാത്രി അബുദാബി ശക്തി തിയറ്റേഴ്സ് അവതരിപ്പിച്ച സോഫക്കിൾസിന്റെ വിശ്വവിഖ്യാത പുരാതന ഗ്രീക്ക് ദുരന്ത നാടകമായ ” ഈഡിപ്പസ് ” അവതരണ രീതിയിലെ പുതുമകൊണ്ടും അഭിനേതാക്കളുടെ മികവുറ്റ പ്രകടനം കൊണ്ടും ശ്രദ്ധേയമായി . അഗമ്യഗമനം, കൊലപാതകം, കുറ്റബോധം, ഒരു മനുഷ്യന്റെ ജീവിതത്തെക്കുറിച്ചുള്ള സത്യാന്വേഷണം എന്നിവ ഉൾക്കൊണ്ട “ഈഡിപ്പസ് ” കേരള സോഷ്യൽ സെന്റർ അങ്കണത്തിൽ തിങ്ങി നിറഞ്ഞ നാടകാസ്വാദകർക്ക് വേറിട്ട അനുഭവമായി.
പ്രശസ്ത സിനിമാ നാടക സംവിധായകനും ദേശീയ അവാർഡ് ജേതാവും 5 തവണ ഭരത് മുരളി നാടകോത്സവത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരവും ലഭിച്ച സുവീരനാണ് നാടകം അണിയിച്ചൊരുക്കിയത് . പ്രവചനങ്ങളിൽ വിശ്വസിച്ചുകൊണ്ട്, സദാചാരവിരുദ്ധമായ വിധിയെ പിന്തുടർന്ന് വൈകാരികതയിലധിഷ്ഠിതമായ നിമിഷങ്ങളിലൂടെ നീങ്ങുന്ന ഈഡിപ്പസ് എന്ന മനുഷ്യന്റെ പരാജയം വളരെ വ്യക്തമായി വരച്ചുകാട്ടുവാൻ സുവീരന് സാധിച്ചിട്ടുണ്ട്. ഒരു മനുഷ്യൻ്റെ ജീവിതകഥയെ വിചാരണയ്ക്കായി സമൂഹത്തിന്റെ മുന്നിലേക്ക് സമർപ്പിക്കുക എന്ന ദൗത്യവും സംവിധായകൻ എന്ന നിലയിൽ സുവീരൻ ചെയ്തിട്ടുണ്ട് .
ഭരത് മുരളി നാടകോത്സവത്തിന്റെ മൂന്നാം ദിനമായ വെള്ളിയാഴ്ച രാത്രി 8 . 30 ന് ഇന്ത്യ സോഷ്യൽ സെന്റർ അജ്മാൻ “ചേരള ചരിതം “എന്ന നാടകം അരങ്ങിലെത്തിക്കും.
ഫോട്ടോ കടപ്പാട് : AYUB AKKIKKAVU & BABU VIJAYAN
1 thought on “ആസ്വാദനത്തിന്റെ നവ്യാനുഭൂതി പകർന്ന് “ഈഡിപ്പസ്” ശ്രദ്ധേയമായി”