രാജ്യത്ത് ഇതുവരെ 28 പേർക്ക് COVID-19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറ്റലിയിൽ നിന്നെത്തിയ 21 അംഗ യാത്രാസംഘത്തിലെ 16 പേർക്കും, അവരോടൊപ്പം ഉണ്ടായിരുന്ന ഒരു ഇന്ത്യാക്കാരനും, ആഗ്രയിൽ 6 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ ഡൽഹിയിലും, തെലങ്കാനയിയിലും ഓരോ വ്യക്തികൾക്ക് രോഗബാധ കണ്ടെത്തിയിരുന്നു. നേരത്തെ കേരളത്തിൽ നിന്ന് മൂന്നു പേർക്ക് രോഗം കണ്ടെത്തിയിരുന്നെങ്കിലും ഇവർ പൂർണ്ണമായി ആരോഗ്യം വീണ്ടെടുത്തിരുന്നു.
ഇതിൽ ഇറ്റലിയിൽ നിന്നെത്തിയ സംഘത്തിലെ രോഗബാധിതരെ നിലവിൽ ഡല്‍ഹിക്ക് സമീപം ചവ്വാലയിലെ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ക്യാമ്പിൽ നിരീക്ഷിച്ച് വരികയാണ്. ഈ പശ്ചാത്തലത്തിൽ ഡൽഹിയിലെ ഹോസ്പിറ്റലുകൾക്കെല്ലാം ആവശ്യമായ മുൻകരുതലുകൾ കൈക്കൊള്ളാനും ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
രാജ്യത്ത് കൊറോണ വൈറസ് ബാധകൾ കൂട്ടുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ യാത്രാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വിദേശത്തുനിന്നു വരുന്നവരെ കർശനമായ ആരോഗ്യ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കാനും, വിദേശത്തു നിന്ന് വരുന്നവർ തങ്ങളുടെ യാത്രാ വിവരങ്ങളും സ്വകാര്യ വിവരങ്ങളും ആരോഗ്യ സുരക്ഷാ ഉദ്യോഗസ്ഥർക്കും, ഇമ്മിഗ്രേഷന്‍ അധികൃതർക്കും നൽകേണ്ടതാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.