ഇന്ത്യ: വിദേശത്ത് നിന്ന് യാത്ര ചെയ്തു വരുന്നവർക്കുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശങ്ങൾ

India News

നിലവിൽ 100-ഓളം രാജ്യങ്ങളിലേക്ക് കൊറോണാ വൈറസ് വ്യാപിച്ച സാഹചര്യത്തിൽ ഇത്തരം രാജ്യങ്ങളിലൂടെ സഞ്ചരിച്ചവർക്കും, വിദേശയാത്രകളിൽ ഈ രാജ്യങ്ങളിൽ സഞ്ചരിച്ചവരുമായി ഇടപഴകാനിടയായിട്ടുള്ളവർക്കുമുള്ള ഇന്ത്യയിലേക്ക് യാത്രചെയ്യുമ്പോൾ പാലിക്കാനുള്ള പുതിയ യാത്രാ നിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർച്ച് 10-നു പുറത്തിറക്കി. ഇതിനു മുന്നേയുള്ള യാത്രാ നിർദ്ദേശങ്ങൾ കൂടാതെ പുതിയ സാഹചര്യങ്ങളിൽ കൂട്ടിചേര്‍ക്കപ്പെട്ട നിർദ്ദേശങ്ങളാണിവ.

  1. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രികരും സ്വന്തം ആരോഗ്യത്തെ സ്വയം നിരീക്ഷിക്കുകയും, ആരോഗ്യ വകുപ്പ് പുറത്തിറക്കുന്ന ചെയ്യാവുന്നതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും വേണം.
  2. ചൈന, ഹോങ്കോങ്, ദക്ഷിണ കൊറിയ, ജപ്പാൻ, ഇറ്റലി, തായ്‌ലന്റ്, സിങ്കപ്പൂർ, ഇറാൻ, മലേഷ്യ, ഫ്രാൻസ്, സ്പെയിൻ, ജർമനി എന്നിവിടങ്ങിലേക്ക് യാത്ര ചെയ്തു മടങ്ങുന്നവർ രാജ്യത്ത് പ്രവേശിക്കുന്ന ദിനം മുതൽ 14 ദിവസം കർശനമായും സ്വയം ക്വാറന്റീനിൽ തുടരേണ്ടതാണ്. ഇവർ രാജ്യത്ത് ഏതെങ്കിലും സ്ഥാപങ്ങളിൽ ജോലി ചെയ്യുന്നവരാണെങ്കിൽ, ഇവർക്ക് വീടുകളിൽ നിന്ന് ജോലികൾ ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കാൻ സ്ഥാപനങ്ങളിലെ അധികാരികൾ നടപടികൾ കൈക്കൊള്ളേണ്ടതാണ്.
  3. നിലവിലുള്ള വിസാ വിലക്കുകൾക്ക് പുറമെ, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ എന്നിവിടങ്ങളിലെ പൗരന്മാർക്ക് മാർച്ച് 11-നോ, അതിനു മുൻപോ അനുവദിച്ച എല്ലാ വിസ/ ഇ-വിസകളും റദ്ദാക്കി. ഈ രാജ്യങ്ങളിൽ ഫെബ്രുവരി 1 മുതൽ സന്ദർശിച്ചിട്ടുള്ള മറ്റു വിദേശ രാജ്യങ്ങളിലെ പൗരന്മാരുടെ എല്ലാ വിസകളും, ഇ-വിസയുൾപ്പടെ, റദ്ദാക്കിയിട്ടുണ്ട്.
  4. നിലവിൽ രാജ്യത്തേക്ക് പ്രവേശിച്ചിട്ടുള്ള വിദേശ പൗരന്മാരുടെ വിസകൾ റദ്ദ് ചെയ്തിട്ടില്ല. ഇവർക്ക് തങ്ങളുടെ വിസ സംബന്ധമായ ആവശ്യങ്ങൾക്ക് അടുത്തുള്ള ഫോറിനർ റീജിയണൽ രെജിസ്ട്രേഷൻ ഓഫീസുകളുമായി ബന്ധപ്പെടാം. ഇതിനായി e-FRRO സംവിധാനങ്ങളും ഉപയോഗിക്കാം.

ഇന്ത്യൻ പൗരന്മാർക്കുള്ള നിർദ്ദേശങ്ങൾ:

  1. തീരെ ഒഴിവാക്കാൻ കഴിയാത്തതായ യാത്രകൾ അല്ലാതെ വിദേശങ്ങളിലേക്കുള്ള മറ്റു യാത്രകൾ മാറ്റിവെക്കുക.
  2. ചൈന, ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ, ഫ്രാൻസ്, സ്പെയിൻ, ജർമ്മനി എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക.