എഡിറ്റോറിയൽ – അറിവും മുറിവും

Editorial

ഒരു മനുഷ്യായുസ്സു മുഴുവൻ ജീവിത പഠനം കൊണ്ട് അറിയാൻ ശ്രമിച്ചിട്ടും ബാക്കിയാകുന്ന ഒന്നാണ് അറിവ്…

ഒരാൾ ഒരു വിഷയത്തിൽ അറിവ് നേടുന്നത് ആ വിഷയത്തിൽ ഇനിയും മുന്നോട്ടു പലതും അറിയേണ്ടതുണ്ടെന്ന ചിന്ത വരുമ്പോഴാണെന്നു എവിടെയോ വായിച്ചത് ഓർത്തുപോകുന്നു. നമ്മൾ മനസ്സിലാക്കിയ തെറ്റും ശരിയുമായ ചുരുക്കം വിഷയങ്ങളിൽ ഉള്ള മുറി അറിവിനെ  ആധാരമാക്കി  നാം മനുഷ്യർ തർക്കിച്ചുകൊണ്ടേയിരിക്കുന്നു… തർക്കങ്ങളിൽ നിന്നുണ്ടാകുന്ന താൽക്കാലിക പരിഹാരങ്ങളെക്കാൾ, കൂടിച്ചേരലിലൂടെയുണ്ടാകുന്ന സുസ്ഥിരമായ പരിഹാരങ്ങൾ ഫലപ്രദമാണെന്ന് തോന്നുന്നു.  

നാം ഭാഗവാക്കാകേണ്ടതില്ലാത്ത പല വിഷയങ്ങളിലും ഇന്ന് നമ്മൾ മാനസികമായി അകപ്പെടുന്നു, വിശാലമായ ലോകത്തെ ഉള്ളംകൈയിലേക്കൊതുക്കി അഭിപ്രായങ്ങളും പറയാൻ ശ്രമിക്കുന്നു. നമ്മുടെ കൈയെത്തും ദൂരെയുള്ള ഒരു വിഷയത്തിൽ, ആ പ്രശ്നം  പരിഹരിക്കാൻ നമുക്കുള്ള പരിമിതമായ അറിവ് ഉപയോഗിച്ചു ചെയ്യാൻ കഴിയുന്ന സഹായങ്ങളെന്തെല്ലാം എന്ന് കണ്ടെത്താൻ ശ്രമിക്കുന്നതായിരിക്കാം നാം ഇന്ന് ചെയ്യുന്ന ശരിതെറ്റ് ചികയാത്ത വാർത്താ കൈമാറ്റങ്ങളെക്കാൾ നല്ലത്.

മുൻപൊരിക്കൽ കണ്ട ഒരു കാഴ്ചയെ ആധാരമാക്കി ഒന്ന് ആലോചിക്കാം. പ്ലാസ്റ്റിക് കവറിൽ കാലുകൾ അകപ്പെട്ട് പറക്കാൻ കഴിയാത്ത ഒരു പ്രാവിനെ, ഒരു കുട്ടി അതിൽ നിന്നും വേർപ്പെടുത്തി സ്വാതന്ത്രമാക്കുന്ന നന്മ നിറഞ്ഞ കാഴ്ച്ച; ആ പ്രാണൻ പിടയുമ്പോൾ പോലും ആ അവസ്ഥയെ ദൂരെനിന്നു മൊബൈലിൽ പകർത്തി
 ലോകം മുഴുവൻ തൻറെ സ്ഥൂലമായ അനുകമ്പാമനോഭാവത്തെ അറിയിക്കാൻ ശ്രമിക്കുന്ന മുതിർന്നവരേക്കാൾ വലിയ മനസ്സ് ആ കുട്ടിയുടേതാണെന്നു തോന്നുന്നു. ഒരാൾ ഒരു വിഷയം കണ്ടാൽ താനും അതിന്റെ ഭാഗമാണെന്നു ബുദ്ധിയെ തെറ്റിദ്ധരിപ്പിക്കുന്നതിലും നല്ലതായിരിക്കും, ഇത്തരം ചെറിയ ധീരമായ ഇടപെടലുകൾ.

അറിവിന്റെ വ്യാപ്തി നോക്കേണ്ടത് അത് പരക്കുന്ന പ്രതലത്തിൽ നോക്കിയാവരുത്. മറിച്ച് ആ അറിവിൻറെ ആഴം നോക്കിയായാൽ നന്നെന്നു കുറിക്കുന്നു.

അറിയാനുള്ള ശ്രമം തുടരാൻ എല്ലാവർക്കും കഴിയട്ടെ. 

പ്രവാസി ഡെയ്‌ലി എഡിറ്റോറിയൽ