വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും സാമ്പത്തിക രഹസ്യങ്ങളും ലക്ഷ്യമിട്ടുള്ള വ്യാജ ഇമെയിൽ സന്ദേശങ്ങൾ അയക്കുന്ന കുറ്റവാളികൾ ഇപ്പോൾ തട്ടിപ്പിനായി കൊറോണാ വൈറസ് ഭീതിയെയും മുതലെടുക്കുന്നതായി സൂചന. ഇത്തരത്തിൽ ഉള്ള വ്യാജ ഇമെയിൽ സന്ദേശങ്ങളെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ ഇന്റർനെറ്റ് സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി.
സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതിനും, സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതിനും ലോകാരോഗ്യ സംഘടനയുടെ പേരിൽ കൊറോണാ രോഗത്തെക്കുറിച്ചുള്ള അടിയന്തിര സ്വഭാവമുള്ള വ്യാജ സന്ദേശങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നതായി തങ്ങളുടെ ശ്രദ്ധയിപ്പെട്ടിട്ടുണ്ടെന്നും പൊതുജനങ്ങൾ ഇവയ്‌ക്കെതിരെ ജാഗ്രത പുലർത്തണമെന്നും WHO അറിയിച്ചു. സന്ദേശങ്ങൾ WHO-യിൽ നിന്നുള്ളതാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രം അവയ്ക്ക് മറുപടി നൽകുക.
ലോകാരോഗ്യ സംഘടന അവരുടെ ഭാഗത്തു നിന്നുള്ള സന്ദേശങ്ങളുമായി ബന്ധപ്പെട്ട അറിയിച്ച ജാഗ്രതാ നിർദ്ദേശങ്ങൾ:
- WHO ഒരിക്കലും ഇമെയിൽ സന്ദേശങ്ങളിലൂടെ നിങ്ങൾക്ക് ആവശ്യപ്പെടാത്ത ഫയലുകളോ മറ്റു പ്രോഗ്രാമുകളോ അയക്കുന്നതല്ല.
- WHO ഒരിക്കലും നിങ്ങളോട് ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ വായിക്കുന്നതിനായി പാസ്സ് വേർഡോ മറ്റു ലോഗിൻ നടപടികളോ ആവശ്യപ്പെടാറില്ല.
- www.who.int എന്നതാണ് WHO-യുടെ ഔദ്യോഗിക ഇന്റർനെറ്റ് വിലാസം. ഇതിലേക്കല്ലാത്ത മറ്റു ലിങ്കുകൾ WHO തങ്ങളുടെ സന്ദേശങ്ങളിലൂടെ അയക്കാറില്ല.
- WHO ജോലി സംബന്ധമായോ, മത്സരങ്ങളിൽ പങ്കെടുക്കാനോ മറ്റു ആവശ്യങ്ങൾക്കോ നിങ്ങളോട് പണം സന്ദേശങ്ങളിലൂടെ ആവശ്യപ്പെടാറില്ല
- WHO ഒരിക്കലും അടിയന്തിര ആരോഗ്യ പ്രതിരോധ നടപടികളിലേക്കുള്ള സംഭാവനകൾ ഇമെയിൽ സന്ദേശങ്ങളിലൂടെ ആവശ്യപ്പെടാറില്ല.
ഇത്തരം സന്ദേശങ്ങളിൽ വഞ്ചിതരാകാതിരിക്കുക.
കൂടുതൽ വിവരങ്ങൾക്ക് : https://www.who.int/about/communications/cyber-security