ഓർമ്മയിലെ മധുരം…

Ezhuthupura

തിരക്കുപിടിച്ച പ്രവാസദിനങ്ങളിൽ  ഒരവധി ദിവസം കുടുംബത്തോടൊപ്പം ഇരിക്കുന്ന സമയത്താണ് അവിചാരിതമായി സിറാജിന്റെ പാട്ടു കേൾക്കുന്നത്… പാട്ടിനെ അങ്ങേയറ്റം സ്നേഹിക്കുന്ന ഒരു നല്ല സ്നേഹിതൻ… സിറാജിനെയും അവന്റെ ജ്യേഷ്ടന്മാരെയും കുറിച്ചോർക്കുമ്പോൾ എനിക്ക് അവരുടെ ഉപ്പ പോക്കർക്കയെ ഓർമ്മവരും… എന്തോ അദ്ദേഹത്തെ എനിക്ക് വലിയ കാര്യമായിരുന്നു…അതിനൊരു കാരണവും ഉണ്ടെന്നു കൂട്ടിക്കോളൂ…വഴിയേ പറയാം…

 ഓർമ്മകളിൽ ഉള്ള സഞ്ചാരങ്ങൾ ഇത്തവണയും കുട്ടികാലത്തേക്കാണ്… അന്നൊക്കെ വൈകീട്ടുള്ള ചായ കിട്ടണമെങ്കിൽ  ഉമ്മയ്ക്ക് ചായ തിളപ്പിക്കാൻ ഉണങ്ങിയ പ്ലാവില പെറുക്കിക്കൊടുക്കണം…ഇന്നുള്ളപോലെ ഗ്യാസൊന്നും അന്നില്ലല്ലോ… ഉള്ള വിറകെടുത്തു ചായ തിളപ്പിച്ചാൽ  ചോറുണ്ടാക്കൽ നടക്കില്ല…ഇന്നുള്ളപോലുള്ള സൗകര്യങ്ങളൊന്നും അന്നുണ്ടായിരുന്നില്ല… പ്ലാവില പെറുക്കാനുള്ള കോൺട്രാക്ട് ഞങ്ങൾ കുട്ടികൾക്കായിരുന്നു… കുട്ടികൾ എന്ന് പറഞ്ഞാൽ എന്റെ മൂത്താപ്പാന്റെ കുട്ട്യോളും, ഞങ്ങളുടെ വല്യമ്മ (ആക്കുമ്മ)യും പിന്നെ ഞാനും ആയിരുന്നു അന്നത്തെ സ്ഥിരം കമ്മിറ്റി…

ഒരു ദിവസം ഞങ്ങൾക്ക് പ്ലാവില പെറുക്കുന്നതിന്റെ ഇടയിൽ ഒരു അമ്പതു പൈസ മണ്ണിൽ നിന്ന് കിട്ടി… എനിക്കാണ് ആ ഭാഗ്യം ലഭിച്ചത്, അതുകൊണ്ട് കമ്മിറ്റിയിൽ അതിന്റെ ക്രയവിക്രയം ഞാൻ തന്നെ കൈകാര്യം ചെയ്യുവാൻ തീരുമാനമായി… ഞാനും, താജുവും കൂടി അടുത്തുള്ള കടയിൽ പോയി സോപ്പ് മിട്ടായി (ഉള്ളതിൽ വച്ചു വലിയ സോപ്പ് കട്ടപോലെ കിട്ടിയിരുന്ന ഒരു തരം മിഠായി… സിംഹവാലൻ കുരങ്ങുപോലെ പാവം വംശനാശം സംഭവിച്ചതായി അറിയുന്നു…) വാങ്ങിക്കൊണ്ടു വന്നു… ഞങ്ങളുടെ പ്രസിഡണ്ട് ആയ ആക്കുമ്മ ആർക്കും പരാധിയില്ലാത്ത രീതിയിൽ ആ മിഠായി പങ്കിട്ടു തന്നു… അന്നത്തെ കുട്ടികളൊക്കെ കുട്ടികളായിരുന്നു… അതുകൊണ്ട് വലിയ പരാധികളോ വൈഷമ്മ്യങ്ങളോ ഉണ്ടായിരുന്നില്ല… കാരണം ഉണ്ടെങ്കിൽ കിട്ടിയതുകൂടി പോകും എന്നറിയാമായിരുന്നു, അതൊരു കുട്ടിക്കാലമായിരുന്നു – തിരികെ ലഭിക്കാത്ത ജീവിത അദ്ധ്യായം…

 അന്നത്തെ വീട് പോലും ഓർമ്മകളിൽ തെളിഞ്ഞു കിടക്കുന്നു…ചുവന്ന ചേടിമണ്ണ് ചവുട്ടിക്കുഴച്ചു തേച്ചു ചുമരുണ്ടാക്കി, മിനുസമുള്ള ഉരുളൻ കല്ലുകൊണ്ട് മിനുസ്സപ്പെടുത്തി അതിന്റെ മുകളിൽ വൈക്കോൽ കൊണ്ട് മേഞ്ഞ ചെറിയ വീട്… അതിൽ ഞാനും, ഉമ്മയും,  മൂത്തുമ്മയും, ആക്കുമ്മയും പിന്നെ നാല് കുട്ട്യോളും താമസിച്ചു പോന്നു… മൂത്താപ്പ മരം ഈർന്നതിന്റെ പൊടി ചാക്കിലാക്കി മുറ്റത്തിട്ടിരുന്നത് ഇപ്പോഴും ഓർക്കുന്നു… രണ്ടു വർഷം കൂടുമ്പോൾ പുര മെയ്യുന്ന ഏർപ്പാടുണ്ട്… രണ്ടു ദിവസ്സം എടുക്കും പഴയ വൈക്കോലിറക്കി, ഉത്തരവും, കഴുക്കോലും മാറ്റി മുറുക്കികെട്ടി പുതിയ വൈക്കോലിട്ടു നന്നായി ഭംഗിയാക്കും… ആദ്യ ദിവസം മുഴുവൻ മേഞ്ഞുതീരുന്നതിനു മുൻപ് നക്ഷത്രങ്ങൾ കണ്ടു കിടന്നതു ഇപ്പോഴും ഓർക്കുന്നു…ഇന്ന് പല വിനോദസഞ്ചാര കോട്ടേജുകളുടെ ചിത്രങ്ങൾ കാണുമ്പോളും പെട്ടെന്നെനിക്ക് ഓർമ്മവരുന്നത് എന്റെ ആ പഴയ സുന്ദര ഭവനമാണ്…

അന്നും ഉപ്പ ഗൾഫിലാണ്… ഉപ്പയെ കാണാൻ തന്നെ വിഷമമായിരുന്നു… പിന്നീട് വലുതായപ്പോൾ മനസ്സിലായി ഞങ്ങൾക്ക് വേണ്ടിയാണ് ഉപ്പ ഇത്രയും ദൂരെ ജോലിയ്‌ക്ക്‌ പോയിരുന്നതെന്നു… വലിയ കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സും ഉപ്പയായിരുന്നു… ലീവിന് വരുമ്പോൾ എനിക്കായി കളിപ്പാട്ടങ്ങൾ കൊണ്ടുവന്നിരുന്നതും ഓർമ്മയിൽ മായാതെ തെളിഞ്ഞു നിൽക്കുന്നു…

ഇനി മധുരത്തിലേക്കു കടക്കാം… നമ്മൾ തുടക്കത്തിൽ പറഞ്ഞ പോക്കർക്ക… വലിയ വയറും, കട്ടി മീശയും, ഒത്ത തടിയും, വെള്ള മുണ്ടും ഷർട്ടും ആയിരുന്നു അദ്ദേഹത്തിന്റെ പതിവ് വേഷം… നിത്യവും പള്ളിയിലേക്ക് പോകുമ്പോളാണ് പോക്കർക്കയെ കണ്ടിരുന്നത്… മക്കൾ തെറ്റ് ചെയ്‌താൽ അരയിലെ ബെൽറ്റൂരി അടിക്കുത്രെ… സിറാജിനും  ബാവക്കും കുറെ കിട്ടിയിട്ടുണ്ടെന്നാണ് ചരിത്രം പറയുന്നത്… വീടിന്റെ ഉമ്മറത്തിണ്ണയിൽ ഇരുന്നാൽ കാണാം അദ്ദേഹം പോയിരുന്നത്, നല്ല അത്തറിന്റെ മണവും… ഇന്നും തെളിഞ്ഞു ഓർമ്മയിൽ നിലനിൽക്കുന്നു… ഒരു ദിവസ്സം അദ്ദേഹം പള്ളി കഴിഞ്ഞു മടക്കം വരുമ്പോൾ  ഒരു പൊതി ആക്കുമ്മയുടെ കയ്യിൽ കൊടുത്തു…

അകത്തിരുന്ന ഞാൻ മണം പിടിച്ചു ഉമ്മറത്തെത്തിയപ്പോൾ ആക്കുമ്മ പൊതി തുറന്നു… കണ്ണ് തള്ളിപ്പോയി… 8  പഴംപൊരികൾ, എല്ലാ തവണയും ഒരു കഷ്‌ണം മാത്രം കിട്ടിയിരുന്ന ഞങ്ങൾ കുട്ടി പട്ടാളങ്ങൾക്ക്, ആളൊന്നുക്ക് ഒരു മുഴുവൻ പഴംപൊരി വീതം…എൻറെ കണ്ണ് ഒന്നുകൂടി തള്ളി… ഞാൻ അത് വാങ്ങി ഒരു മുക്കിലിരുന്നു  നന്നായി ആസ്വദിച്ചു കഴിച്ചു… മെല്ലെ മെല്ലെ തിന്നു കാരണം വേഗം തിന്നാൽ പെട്ടന്ന് തീർന്നുപോവില്ലേ… എന്താ മധുരം… ഇപ്പോഴും വായിൽ വെള്ളം വരുന്നു… ആ മധുരം ഇന്നും ഒരത്ഭുധമാണ്, ഇപ്പോഴും അത് ആലോചിക്കുമ്പോൾ ആ മധുരം നൽകിയ ആക്കുമ്മയെയും, മാന്കുട്ടിയാക്കാൻറെ പീടികയിൽ നിന്ന് അവ കൊണ്ടുതന്ന പോക്കർക്കയെയും സ്മരിക്കുന്നു…  ഒരു മധുരമുള്ള സ്മരണ… 

ഈ മധുരത്തിന്റെ പങ്ക്‌ കുറച്ചു നിങ്ങൾക്കുമിരിക്കട്ടെ… ഓരോന്ന് വച്ചെടുത്തോളു…

സസ്നേഹം 
അബ്ദുൽ റൗഫ് 
അബുദാബി 

1 thought on “ഓർമ്മയിലെ മധുരം…

  1. നല്ല എഴുത്തുകള്‍
    കൊള്ളാം വായിക്കും തോറും നാടിനെ കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ മനസിലേക്ക് കടന്നു വരും
    ഇങ്ങനെ ഒരു വേദി ഉണ്ടാക്കിയ പ്രവാസിഭാരതിക്ക് ഒരായിരം ആശംസകള്‍
    ഒത്തിരി സ്നേഹത്തോടെ
    ബിനുരാജ് ചൈത്രം
    ദോഹ ഖത്തര്‍

Leave a Reply

Your email address will not be published. Required fields are marked *