കഴിഞ്ഞ ഒരു ദശകത്തിലും അധികമായി തുടരുന്ന കടല്‍പ്പശുക്കളുടെയും ഇരപിടിയൻ പക്ഷികളുടെയും സംരക്ഷണത്തിനായുള്ള സഹകരണ പ്രവർത്തനങ്ങൾ തുടരാൻ അബുദാബി എൻവിറോണ്മെന്റ് ഏജൻസിയും (EAD) സെക്രട്ടേറിയറ്റ് ഓഫ് ദി കൺവെൻഷൻ ഓൺ മൈഗ്രേറ്ററി സ്‌പീഷീസും (Secretariat of the Convention on Migratory Species – CMS) ധാരണയായി. ഇന്ത്യയിലെ ഗാന്ധിനഗറിൽ വെച്ച് നടക്കുന്ന CMS COP13 (Conference of the Parties to the Convention on the Conservation of Migratory Species of Wild Animals) യോഗത്തിൽ വെച്ചാണ് ഈ തീരുമാനത്തിൽ ഫെബ്രുവരി 17-നു CMS എക്സിക്യൂട്ടീവ് സെക്രട്ടറി ആമി ഫ്രാങ്കലും, EAD സെക്രട്ടറി ജനറൽ ഡോ. ഷൈഖാ സാലെം അൽ ദാഹിരിയും ഒപ്പ് വെച്ചത്. ഫെബ്രുവരി 17 മുതൽ 22 വരെ COP13 യോഗം തുടരും.
2009-ലാണ് CMS-ന്റെ അബുദാബിയിലെ കാര്യാലയം പ്രവർത്തനമാരംഭിച്ചത്. ജർമനിയിലെ ബോൺ ആസ്ഥാനമായുള്ള CMS-ന്റെ ജർമനിയ്ക്ക് പുറത്തുള്ള ഏക കാര്യാലയമാണ് അബുദാബിയിലേത്. ഈ പുതുക്കിയ ധാരണപ്രകാരം അടുത്ത നാല് വർഷം കൂടി CMS-ന്റെ യു എ ഇയുമായ് ചേർന്നുള്ള കടല്‍പ്പശുക്കളുടെയും ആഫ്രിക്കയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള ഇരപിടിയൻ പക്ഷികളുടെയും, മേഖലയിലെ മറ്റു ദേശാടന ജീവികളുടെയും സംരക്ഷണത്തിനായുള്ള സഹകരണ പ്രവർത്തനങ്ങൾ തുടരും. ഈ രംഗത്തെ പ്രവർത്തനങ്ങളിലെ മികവിന്റെ അംഗീകാരമായി CMS, അബുദാബി എൻവിറോണ്മെന്റ് ഏജൻസിയെ ‘Migratory Species Champion Plus’ എന്ന അംഗീകാരം നൽകി ആദരിച്ചു. 2015-2019 കാലഘട്ടത്തിൽ EAD ഇതേ അംഗീകാരം രണ്ട് തവണ നേടിയിട്ടുണ്ട്.
കടൽപ്പശുക്കളുടെ ജീവിതരീതികൾ പഠിക്കുന്നതിനും, അവയുടെ കടൽപുല്ലുകൾ നിറഞ്ഞ സ്വാഭാവിക വാസസ്ഥലങ്ങളുടെ പഠനത്തിനുമായുള്ള ശാസ്ത്രീയ ഉപകരണങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലും, ഈ ജീവിവർഗ്ഗങ്ങളുടെ സംരക്ഷണത്തിനായി മറ്റു രാജ്യങ്ങളിലും അന്താരാഷ്ട്രവേദികളിലും മികച്ച പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിലും നടപ്പിലാക്കുന്നതിലും അബുദാബി എൻവിറോണ്മെന്റ് ഏജൻസിയുടെ പ്രവർത്തനങ്ങളുടെ മികവാണ് CMS അവരുടെ EAD-യുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ തുടരാൻ തീരുമാനിച്ചതിലൂടെ അംഗീകരിക്കപ്പെട്ടത്.
1999 മുതൽ കടൽപ്പശുക്കളെ യു എ ഇ പ്രത്യേക സംരക്ഷണ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് സംരക്ഷിച്ച് പോരുന്നു. ഓസ്ട്രേലിയ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കടൽപ്പശുക്കളുടെ കൂട്ടം യു എ ഇയ്ക്ക് ചുറ്റുവട്ടത്തുള്ള കടലുകളിലാണ് കാണപ്പെടുന്നത്.