കുവൈറ്റ്: ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക്

GCC News

ഇന്ത്യയുൾപ്പടെ ഏഴു രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് വ്യോമയാന മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആരോഗ്യ രംഗത്തെ അധികൃതരുടെ നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടി എന്നും, കുവൈറ്റ് ഇന്റർനാഷ്ണൽ എയർപോർട്ടിലേക്കും തിരികെയുമുള്ള ഇന്ത്യ ഉൾപ്പടെയുള്ള ഏഴ് രാജ്യങ്ങളിലെ വിമാന സർവീസുകൾ ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു.

ഇന്ത്യക്ക് പുറമെ ബംഗ്ളാദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക, സിറിയ, ലെബനൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കാണ് വിലക്ക്. ഈ രാജ്യങ്ങളിൽ നിന്നോ, കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ ഈ രാജ്യങ്ങൾ സന്ദർശിച്ചതോ ആയ എല്ലാവർക്കും രാജ്യത്തേയ്ക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് മടങ്ങി വരുന്ന കുവൈറ്റ് പൗരൻമാർക്ക് വിലക്ക് ബാധകമല്ലെങ്കിലും പ്രത്യേക സൂക്ഷ്മപരിശോധനകൾ ഉണ്ടായിരിക്കും.