കെ. എസ്. സി ഭരത് മുരളി നാടകോത്സവം : ഈഡിപ്പസ് മികച്ച നാടകം, സുവീരൻ സംവിധായകൻ

Kalaa Sadassu

അബുദാബി കേരള സോഷ്യല്‍ സെന്റർ സംഘടിപ്പിച്ച പത്താമത് ഭരത് മുരളി നാടകോത്സവത്തില്‍ അബുദാബി ശക്തി തിയറ്റേഴ്‌സ് അവതരിപ്പിച്ച ഈഡിപ്പസ് മികച്ച നാടകമായും, സുവീരന്‍ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. ഈഡിപ്പസ് എന്ന നാടകത്തിന്റെ സംവിധാനത്തിനാണ് പുരസ്‌കാരം.

സുവീരന്‍

ഭരത് മുരളി നാടകോത്സവത്തില്‍ ഇത് ആറാം തവണയാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം സുവീരന്‍ സ്വന്തമാക്കുന്നത്.കനൽ തിയറ്റേഴ്സ് ദുബായ് അവതരിപ്പിച്ച ദ്വന്ദ്വം മികച്ച രണ്ടാമത്തെ നാടകമായും അലൈൻ മലയാളി സമാജത്തിന്റെ ശ്ഷീനു മികച്ച മൂന്നാമത്തെ നാടകമായും തിരഞ്ഞെടുക്കപ്പെട്ടു. അലൈൻ മലയാളി സമാജത്തിനുവേണ്ടി ശ്ഷീനു എന്ന നാടകം സംവിധാനം ചെയ്ത ശ്രീജിത്ത് പൊയിൽകാവാണ് മികച്ച രണ്ടാമത്തെ സംവിധായകൻ.

യുഎഇയുടെ വിവിധ പ്രവിശ്യകളില്‍ നിന്നായി എട്ട് നാടകങ്ങളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ഈഡിപ്പസ് എന്ന നാടകത്തില്‍ ഈഡിപ്പസ്സായി മാറിയ പ്രകാശൻ തച്ചങ്ങാടിനെ മികച്ച നടനായും ഇതേ നാടകത്തില്‍ ഈഡിപ്പസ്സിന്റെ അമ്മയും ഭാര്യയുമായ ജാക്കോസ്റ്റയിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച ദേവി അനിലിനെ മികച്ച നടിയായും തിരഞ്ഞെടുത്തു.

കല അബുദാബി അവതരിപ്പിച്ച അർദ്ധനാരീശ്വരൻ എന്ന നാടകത്തിലെ അഭിനയത്തിന് അഞ്ജലി വേണുഗോപാലിനെ മികച്ച ബാലനടിയായും ഈഡിപ്പസ്സിലെ അഭിനയത്തിന് അക്ഷയ് രാജിനെ മികച്ച ബാലനടനായും തിരഞ്ഞെടുത്തു. ചാവേർ എന്ന നാടകം സംവിധാനം ചെയ്ത കെ വി ബഷീറിനെയും അർദ്ധനാരീശ്വരൻ എന്ന നാടകം സംവിധാനം ചെയ്ത ബിജു കിഴക്കിനേലയെയും ഷിജു മുരുക്കുംപുഴയേയും യുഎഇയില്‍ നിന്നുള്ള മികച്ച സംവിധായകരായി തിരഞ്ഞെടുത്തു.

മികച്ച രണ്ടാമത്തെ നടന്‍മാരായി സാജ്‌ജിദ് കൊടിഞ്ഞി (ശ്ഷീനു ), മനോജ് മുണ്ടേരി ( ചേരള ചരിതം ) എന്നിവരേയും മികച്ച രണ്ടാമത്തെ നടിമാരായി സോഫി തോമസ് (ശ് ഷീനു ), ഷാലു ബിജു (അർദ്ധ നാരീശ്വരൻ ) എന്നിവരേയും തെരഞ്ഞെടുത്തു. പ്രകാശവിതാനം – സനേഷ് കെ ഡി ( ദ്വന്ദ്വം , ഈഡിപ്പസ് ), പശ്ചാത്തല സംഗീതം – ബിജു ജോസഫ് (സ്വപ്ന വാസവദത്തം ) ശ്രീരാജ് ( ചാവു സാക്ഷ്യം )രംഗ സജ്ജീകരണം അശോകൻ , വേണു , മധു പരവൂർ, നൗഫൽ ചൂണ്ട ( ഈഡിപ്പസ് ) . ദ്വന്ദ്വം , സ്വപ്ന വാസവദത്തം , എന്നീ നാടകങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് വേഷപകര്‍ച്ച നല്‍കിയ ക്ലിന്റ് പവിത്രനാണ് മികച്ച ചമയത്തിനുള്ള അവാര്‍ഡ്. ഭരത് മുരളി നാടകോത്സവത്തില്‍ പവിത്രന് ലഭിക്കുന്ന ആറാമത്തെ അവാര്‍ഡാണിത്.നാടകോത്സവത്തിന്റെ ഭാഗമായി യു എ ഇ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ഏകാങ്ക നാടക രചനാ മത്സരത്തില്‍ സേതുമാധവൻ രചിച്ച ‘കുടുസ്സ്’ സമ്മാനര്‍ഹമായി.

സെന്റര്‍ വൈസ് പ്രസിഡന്റ് പി. ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ ലുലു ഗ്രൂപ് ഇന്റർനാഷണൽ റീജിയണൽ ഡയറക്ടർ അബൂബക്കർ മുഖ്യാതിഥിയായിരുന്നു . വിധികര്‍ത്താക്കളായ നരിപ്പറ്റ രാജു , ടി. വി ബാല കൃഷ്ണൻ , , അഹല്യ ഹോസ്പിറ്റല്‍ അഡിമിന്‍സ്ട്രേഷന്‍ മാനേജര്‍ സൂരജ് പ്രഭാകർ,കെ. കെ മൊയ്തീൻ കോയ ( യു.എ ഇ എക്‌സ്‌ചേഞ്ച് മീഡിയ വിഭാഗം തലവൻ ) വനിത കൺവീനർ ഷൈനി ബാലചന്ദ്രൻ, ഷാബിയ പോലീസ് ഫസ്റ്റ് വാറന്റ് ഓഫീസർ ആയിഷ അലി അൽ ഷെഹി , കേരള സോഷ്യൽ സെന്റർ മുൻ പ്രസിഡണ്ട് പി. പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു . ലൈബ്രെറിയൻ കെ. കെ ശ്രീവത്സൻ വിധികർത്താക്കളെ സദസ്സിന് പരിചയപ്പെടുത്തി .വിധികർത്താക്കൾക്ക് സെന്റർ വൈസ് പ്രസിഡണ്ട് പി. ചന്ദ്രശേഖരൻ ഉപഹാര സമർപ്പണം നടത്തി. അവാര്‍ഡ് സമര്‍പ്പണ ചടങ്ങുകള്‍ കലാവിഭാഗം സെക്രട്ടറി ഹാരിസ് സി എം പി, അസിസ്റ്റന്റ് സെക്രെട്ടറി അരുൺ കൃഷ്ണൻ എന്നിവർ നിയന്ത്രിച്ചു.

കുട്ടികളിലെയും മുതിർന്നവരിലേയും വായനാശീലം വർധിപ്പിക്കുന്നതിന് അബുദാബി കേരളാസോഷ്യൽ സെന്റർ ലൈബ്രറി ഏർപ്പെടുത്തിയ ലൈബ്രറി അംഗങ്ങൾക്കുള്ള റീഡർ ഓഫ് ദി ഇയർ പുരസ്കാരവും ചടങ്ങിൽ വച്ച് വിതരണം ചെയ്തു. അദ്രിത് ജവഹർ, സജു രാമകൃഷ്ണൻ, കെ വി സുനിൽ എന്നിവരാണ് അവാർഡിന് അർഹമായത്. പ്രസിദ്ധ നാടക പ്രവർത്തകനും ഭരത് മുരളി നാടകോത്സവ വിധി കർത്താവുമായ നരിപ്പറ്റ രാജു റീഡർ ഓഫ് ദി ഇയർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ആക്ടിങ് ജനറല്‍ സെക്രട്ടറി നിർമ്മൽ തോമസ് സ്വാഗതവും കലാവിഭാഗം സെക്രെട്ടറി ഹാരിസ് സി. എം. പി നന്ദിയും പറഞ്ഞു.

1 thought on “കെ. എസ്. സി ഭരത് മുരളി നാടകോത്സവം : ഈഡിപ്പസ് മികച്ച നാടകം, സുവീരൻ സംവിധായകൻ

Comments are closed.