ആഘോഷങ്ങളുടെയും രസിപ്പിക്കുന്ന വിനോദ പരിപാടികളുടെയും അകമ്പടിയോടെ ചൈനീസ് പുതുവർഷത്തെ വരവേൽക്കാൻ ദുബായ് ഒരുങ്ങി കഴിഞ്ഞു. ചൈനീസ് പുതുവത്സരത്തിനു മുന്നോടിയായി നടക്കുന്ന ഹലാ ചൈന ആഘോഷ പരിപാടികൾക്ക് ജനുവരി 16, വ്യാഴാഴ്ച്ച തുടക്കമായി. ദുബായ് ഹോൾഡിങ്സും മെറാസും സംയുക്തമായി ഒരുക്കുന്ന ഈ വർണ്ണപകിട്ടാർന്ന സാംസ്കാരിക ആഘോഷങ്ങൾ മുൻവർഷങ്ങളെക്കാൾ പൊലിമയോടെ ദുബായിൽ വിവിധ ഇടങ്ങളിലായി ഫെബ്രുവരി 8 വരെ നീളും.
ചാന്ദ്ര പുതുവർഷം, വസന്തോത്സവം എന്നിങ്ങനെയെല്ലാം വിശേഷിപ്പിക്കുന്ന, ചൈനീസ് ജനതയുടെ ഏറ്റവും പ്രധാനമായ ഈ ആഘോഷം ചാന്ദ്ര പഞ്ചാംഗം അടിസ്ഥാനമാക്കിയുള്ളതായതിനാൽ തീയതി ഓരോ വർഷവും മാറിക്കൊണ്ടിരിക്കും. കുടുംബാംഗങ്ങൾ മുഴുവൻ ആഘോഷക്കാഴ്ചകളോടെ വരവേൽക്കുന്ന ഈ പുതുവർഷപ്പിറവി 2020-ൽ ജനുവരി 25, ശനിയാഴ്ച്ചയാണ്. 12 വർഷം ചേരുന്ന ചൈനീസ് ചന്ദ്രമാസ കലണ്ടറിൽ ഓരോ വർഷത്തിനും അതിന്റെ ചിഹ്നമായി ഓരോ മൃഗങ്ങളുണ്ട്. 2020-ൽ ഇത് എലിയായത് കൊണ്ട്, എലിയുടെ വർഷം എന്ന പേരിലാണ് അറിയപ്പെടുക.
ദുബായിയുടെ പ്രധാന കേന്ദ്രങ്ങളായ സിറ്റി വാക്ക്, അൽ സീഫ്, സീസേർസ് പാലസ് ബ്ലൂവാട്ടേഴ്സ്, ദുബായ് പാർക്സ് ആൻഡ് റിസോർട്സ്, നിക്കി ബീച്ച്, കൈറ്റ് ബീച്ച് തുടങ്ങിയ ഇടങ്ങളിലെല്ലാം വിവിധ ആഘോഷപരിപാടികൾ ഇതിന്റെ ഭാഗമായി അരങ്ങേറും. ഇതിൽ മുൻവർഷങ്ങളിൽ ഏറ്റവും ജനപങ്കാളിത്തം ഉണ്ടായ സിറ്റി വാക്കിലെ അതിമനോഹരമായ ഗ്രാൻഡ് പരേഡ് ഇത്തവണയും ഗംഭീരമായ ഒരു അനുഭവമാക്കാനൊരുങ്ങുകയാണ് സംഘാടകർ. കഴിഞ്ഞ തവണ 34,000 ത്തോളം പേർ പങ്കെടുത്ത ഗ്രാൻഡ് പരേഡിൽ ഇത്തവണ 50,000 പേരെയാണ് പ്രതീക്ഷിക്കുന്നത്.
ഗ്രാൻഡ് പരേഡ്
ജനുവരി 17, വെള്ളിയാഴ്ചയാണ് വര്ണ്ണശബളമായ ഗ്രാൻഡ് പരേഡ് അരങ്ങേറുക. വൈകീട്ട് 4 മണിമുതലാണ് സിറ്റി വാക്കിൽ വലിയ ഡ്രാഗൺ കെട്ടുകാഴ്ചകളും, കായികാഭ്യാസപ്രകടനങ്ങളും, ആയോധനകലകളും, വാദ്യഘോഷങ്ങളും എല്ലാം ചേർന്ന ഈ മായികകാഴ്ച. സ്കൂൾകുട്ടികളും, ചൈനീസ് വംശജരും, ദുബായ് പോലീസിന്റെ മാർച്ചിങ് ബാൻഡും, ഡ്രാഗൺ നൃത്തങ്ങൾ, ലയൺ നൃത്തങ്ങൾ, കുങ്ഫു പ്രകടങ്ങൾ എന്നീ കാഴ്ചകളും എല്ലാം ചേർന്ന് സന്ദർശകരുടെ കണ്ണുകൾക്ക് ഒരു വിരുന്നായി മാറാൻ തയ്യാറെടുക്കുകയാണ് ഈ വർഷത്തെ ഗ്രാൻഡ് പരേഡ്.
ലയൺ ഡാൻസ് മത്സരം
ജനുവരി 18-നു ഇത്തവണ ആദ്യമായി ദുബായ് പാർക്സ് ആൻഡ് റിസോർട്സിൽ ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 7 വരെ ലയൺ ഡാൻസ് മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. ചൈനയിൽ നിന്നുള്ള 30-ഓളം നൃത്തസംഘങ്ങളാണ് ‘ലയൺ കിംഗ്’ പട്ടത്തിനുവേണ്ടി ഈ മത്സരത്തിൽ പങ്കെടുക്കുന്നത്. സിംഹത്തിന്റെ ചേഷ്ടകൾ അനുകരിക്കുന്ന ഈ പുതുവര്ഷത്തോട് അനുബന്ധിച്ച് അവതരിപ്പിക്കുന്ന പരമ്പരാഗതമായ നൃത്തയിനം കാണുന്നതും അതിൽ പങ്കെടുക്കുന്നതും ഭാഗ്യം കൊണ്ടുവരും എന്നാണ് ചൈനീസ് വിശ്വാസം.
ജനുവരി 16 മുതൽ ഫെബ്രുവരി 8 വരെ സിറ്റി വാക്കിൽ പുതുവത്സരത്തോടനുബന്ധിച്ചുള്ള കലാ, കരകൗശല വസ്തുക്കളുടെയും വാദ്യ, സംഗീത അവതരണങ്ങളും മറ്റും ഉണ്ടായിരിക്കും. ജനുവരി 18നു രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ കൈറ്റ് ബീച്ചിൽ ഒരു കൈറ്റ് ഫെസ്റ്റിവലും ഒരുക്കിയിട്ടുണ്ട്. ആർക്കും പങ്കെടുക്കാവുന്ന ഈ ഉത്സവത്തിൽ കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് പട്ടം പറത്താനും, കുട്ടികൾക്ക് പട്ടം നിർമാണം, പട്ടം പറത്തൽ പരിശീലനം എന്നിവയെല്ലാം ഒരുങ്ങുന്നുണ്ട്. വിവിധയിനം ഭക്ഷ്യവിഭവങ്ങൾ രുചിക്കാനുള്ള അവസരവും ഹലാ ചൈനയുടെ ഭാഗമായുണ്ട്. ജനുവരി 19 നു നിക്കി ബീച്ചിൽ ഒരു പാചക മത്സരവും ഇതിനോടനുബന്ധിച്ച് നടത്തുന്നുണ്ട്.
മുൻവർഷങ്ങളിലെ വലിയ ജനപങ്കാളിത്തവും ഈ ആഘോഷങ്ങളോടുള്ള വലിയ ആവേശവും കണക്കിലെടുത്താണ് ഈ വർഷം കൂടുതൽ പൊലിമയോടെ ചൈനീസ് പുതുവർഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ദുബായ് ഹോൾഡിങ്സിനും മെറാസിനും പുറമെ ചൈനയുടെ കോൺസുലേറ്റ് ജനറൽ, ചൈനയുടെ സാംസ്കാരിക ടൂറിസം മന്ത്രാലയം, ദുബായ് പോലീസ് എന്നിവരും ഈ ആഘോഷപരിപാടികളിൽ ഒരുക്കുന്നതിൽ പങ്കുചേരുന്നുണ്ട്. ദുബായിയുടെ വാർഷിക സാംസ്കാരിക പരിപാടികളിൽ ഒരു പ്രധാന സ്ഥാനം നേടാൻ ഹലാ ചൈന ആഘോഷങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
1 thought on “ചൈനീസ് പുതുവർഷത്തെ ആഘോഷങ്ങളോടെ വരവേൽക്കാൻ ദുബായ്”
Comments are closed.