ന്യൂസിലൻഡിലെ നോർത്ത് ദ്വീപിൽ രണ്ടായിരത്തിൽ താഴെ മാത്രം ജനങ്ങളുള്ള ഒരു കാർഷിക പട്ടണമാണ് “തായ്ഹാപെ” അഥവാ “തയ്ഹാപ്പി” (Taihape). 1894 ൽ സൗത്ത് ദ്വീപിലെ കാന്റർബറി എന്ന പ്രദേശത്തു നിന്ന് യൂറോപ്യൻ കുടിയേറ്റക്കാർ എത്തിയപ്പോഴാണ് ഈ നഗരം സ്ഥാപിതമായത്. അതുവരെ മാവോറി ഗോത്രക്കാരുടെ പ്രദേശമായിരുന്നു ഇവിടം.
കാർഷിക ഉല്പാദനം പ്രധാനമായും നടന്നിരുന്ന ഇവിടുത്തെ ഉൽപ്പന്നങ്ങൾ (പ്രധാനമായും കമ്പിളി) കയറ്റുമതി ചെയ്യുവാൻ “നേപ്പിയർ” എന്ന നഗരത്തിലേക്ക് കുതിരയും കാളവണ്ടിയും ഉപയോഗിച്ചാണ് ആദ്യകാലത്തു എത്തിച്ചിരുന്നത്. 1900കളുടെ തുടക്കത്തിൽ റോഡുകളും റെയിൽവേയും സ്ഥാപിക്കപ്പെടുന്നതുവരെ, ഒരു ഒറ്റപ്പെട്ട ഗ്രാമീണ പട്ടണമായിരുന്നു തായ്ഹാപെ. പിന്നീട് റെയിൽവേ സ്ഥാപിതമായതോടെ തായ്ഹാപെ ഒരു വികസന പട്ടണമായി മാറി.
കൃഷി പ്രധാനമായ ഈ ഗ്രാമത്തിന്റെ പ്രതിച്ഛായ ഉയർത്തികാട്ടുവാൻ 1985 ഏപ്രിൽ 9ന് ഇവിടുത്തെ പ്രാദേശിക ബിസിനസുകാർ തുടങ്ങിയ ഒരു വാർഷിക ആഘോഷമാണ് “ഗംബൂട്ട് ദിനം”. വ്യത്യസ്തമായ ഇത്തരമൊരു ദിനത്തിന്റെ ആസ്ഥാനമാണ് “തായ്ഹാപെ പട്ടണം”. എല്ലാ വർഷവും മാർച്ച്/ഏപ്രിൽ (ഈസ്റ്റർ കഴിഞ്ഞു വരുന്ന ചൊവ്വാഴ്ച) മാസത്തിൽ ഇവിടെ നടത്തുന്ന “ഗംബൂട്ട് എറിയൽ” മത്സരത്തിൽ പങ്കെടുക്കുവാൻ ധാരാളം ആളുകൾ എത്താറുണ്ട്.
ഗംബൂട്ട്* ദിനത്തെ പ്രതിനിധീകരിച്ചാണ് ഭീമാകാരമായ ഒരു ഇരുമ്പ് ബൂട്ട് ശിൽപ്പം ഈ പട്ടണത്തിനു നടുവിൽ സ്ഥാപിച്ചിട്ടുള്ളത്. 2015 മുതൽ ഗംബൂട്ടിന് മുന്നിൽ ‘തായ്ഹാപെ’ എന്ന ബോർഡ് വച്ചിട്ടുള്ളതിനാൽ ഈ സ്ഥലം എവിടെയാണെന്ന് തിരിച്ചറിയുവാൻ എളുപ്പമാണ്. ചുളുക്കിയ ഇരുമ്പുപാളികൾ (Corrugated Iron) ഉപയോഗിച്ചാണ് ഈ ശിൽപ്പം നിർമ്മിച്ചിട്ടുള്ളത്. ഇപ്പോൾ ലോകത്തിന്റെ “ഗംബൂട്ട് തലസ്ഥാനം” എന്ന പേരിൽ ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രദേശമായിക്കൊണ്ടിരിക്കുകയാണ് ‘തായ്ഹാപെ’ എന്ന കാർഷിക പട്ടണം.
*ഗംബൂട്ട്:- കാർഷിക വേഷമായി അംഗീകരിച്ചിട്ടുള്ള കാൽ മുട്ട് മുതൽ ഉള്ള നീളമുള്ള റബ്ബർ പാദരക്ഷ.
കടപ്പാട്: facebook.com/newzealandmalayali