ചൈനീസ് പുതുവത്സരത്തിനു മുന്നോടിയായി നടക്കുന്ന ഹലാ ചൈന ആഘോഷ പരിപാടികളിലൂടെ ചൈനീസ് പുതുവർഷത്തെ വരവേൽക്കാൻ ദുബായ് ഒരുങ്ങി. ജനുവരി 16-നു ആരംഭിച്ച ഈ വർണ്ണപകിട്ടാർന്ന സാംസ്കാരിക ആഘോഷങ്ങൾ ദുബായിൽ വിവിധ ഇടങ്ങളിലായി ഫെബ്രുവരി 8 വരെ നീളും. ദുബായിയുടെ പ്രധാന കേന്ദ്രങ്ങളായ സിറ്റി വാക്ക്, അൽ സീഫ്, സീസേർസ് പാലസ് ബ്ലൂവാട്ടേഴ്സ്, ദുബായ് പാർക്സ് ആൻഡ് റിസോർട്സ്, നിക്കി ബീച്ച്, കൈറ്റ് ബീച്ച് തുടങ്ങിയ ഇടങ്ങളിലെല്ലാം വിവിധ ആഘോഷപരിപാടികൾ ഇതിന്റെ ഭാഗമായി അരങ്ങേറും.
ഇതിൽ മുൻവർഷങ്ങളിൽ ജനങ്ങളെ ഏറെ ആകർഷിച്ച ദുബായ് സിറ്റി വാക്കിൽ അരങ്ങേറുന്ന അതിമനോഹരമായ ഗ്രാൻഡ് പരേഡ് ഈ വർഷം ജനുവരി 17, വെള്ളിയാഴ്ചയാണ്. വൈകീട്ട് 4 മണിമുതലാണ് സിറ്റി വാക്കിൽ വലിയ ഡ്രാഗൺ കെട്ടുകാഴ്ചകളും, കായികാഭ്യാസപ്രകടനങ്ങളും, ആയോധനകലകളും, വാദ്യഘോഷങ്ങളും എല്ലാം ചേർന്ന വര്‍ണ്ണശബളമായ ഗ്രാൻഡ് പരേഡ്. സ്‌കൂൾകുട്ടികളും, ചൈനീസ് വംശജരും, ദുബായ് പോലീസിന്റെ മാർച്ചിങ് ബാൻഡും, ഡ്രാഗൺ നൃത്തങ്ങൾ, ലയൺ നൃത്തങ്ങൾ, കുങ്ഫു പ്രകടങ്ങൾ എന്നീ കാഴ്ചകളും എല്ലാം ചേർന്ന് സന്ദർശകരുടെ കണ്ണുകൾക്ക് ഒരു വിരുന്നായി മാറാൻ തയ്യാറെടുക്കുകയാണ് ഈ വർഷത്തെ ഗ്രാൻഡ് പരേഡ്.
കഴിഞ്ഞ തവണ 34,000 ത്തോളം പേർ പങ്കെടുത്ത ഗ്രാൻഡ് പരേഡിൽ ഇത്തവണ 50,000 പേരെയാണ് പ്രതീക്ഷിക്കുന്നത്.