ദുബായ് എയർപോർട്ട്: കർശന ആരോഗ്യ സുരക്ഷാ പരിശോധനകൾ നടപ്പിലാക്കി

GCC News

Covid-19 വ്യാപിക്കുന്നത് തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് എയർപോർട്ടിൽ ആരോഗ്യ സുരക്ഷാ സൂക്ഷ്‌മപരിശോധനകൾ കർശനമാക്കി. ദുബായ് എയർപോർട്ടിൽ ആരോഗ്യ സുരക്ഷാ പരിശോധനകളുടെ ഭാഗമായി ദുബായ് ഹെൽത്ത് അതോറിറ്റിയുമായി ചേർന്ന് കൈകൊണ്ട നടപടികളെ ജനങ്ങൾക്ക് വിവരിച്ചുകൊണ്ടുള്ള വീഡിയോ ദുബായ് മീഡിയ ഓഫീസ് ട്വിറ്ററിലൂടെ പങ്കുവെച്ചു.

ദുബായ് എയർപോർട്ടിൽ എത്തുന്ന യാത്രികരെ തെർമൽ സ്കാനറുകൾ ഉപയോഗിച്ചുള്ള സൂക്ഷ്‌മപരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. രോഗബാധ ഭീഷണി നിലനിൽക്കുന്ന ഇടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് രണ്ടുവട്ടം ആരോഗ്യ സുരക്ഷാ പരിശോധനകൾ നടത്തുന്നുണ്ട്.

രോഗം തടയുന്നതിനായി ജനങ്ങൾ രാജ്യത്തേക്ക് പ്രവേശിക്കുന്ന ഇടങ്ങളിലെ ആരോഗ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കുന്നതിനു വേണ്ടിയാണ് വിമാനത്താവളങ്ങളിലെ പരിശോധനാ നടപടികൾ കർശനമാക്കിയിട്ടുള്ളതെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.