ദുബായിലെ ചില്ലറവിൽപ്പനശാലകളിലും സൂപ്പർമാർക്കറ്റുകളിലും ഡിറ്റർജന്റ്, സാനിറ്റൈസർ എന്നിവ ഉപഭോക്താക്കൾക്ക് ആവശ്യമായ അളവിൽ ലഭ്യമാണെന്ന് ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്പ്മെന്റ് (DED) വ്യക്തമാക്കി. ചില്ലറവില്പനശാലകളോട് ഇത്തരം ഉത്പന്നങ്ങൾ വില കൂട്ടി വിൽക്കരുതെന്ന് DED കൺസ്യുമർ പ്രൊട്ടക്ഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇത്തരം ഉത്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്നത് സംബന്ധിച്ചുള്ള പരാതികൾ, ഉപഭോക്താക്കൾക്ക് 6005455555 എന്ന നമ്പറിലോ, സ്മാർട്ട് ആപ്പ് വഴിയോ, http://consumerrights.ae എന്ന വെബ്സൈറ്റ് വഴിയോ DED-യെ അറിയിക്കാവുന്നതാണ്. 203 വ്യാപാര സ്ഥാപനങ്ങളിൽ ഇതിന്റെ ഭാഗമായി DED പരിശോധിക്കുകയും, നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
ഓൺലൈൻ സംരംഭങ്ങൾക്കും ഇത്തരം അമിതവില ഈടാക്കുന്ന വില്പനക്കാരെ തടയുന്നതിനുള്ള നടപടികൾ കൈക്കൊള്ളാനായി നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിറ്റർജന്റ്, സാനിറ്റൈസർ മുതലായ ശുചീകരണ സാധനങ്ങളുടെ ലഭ്യതയും ന്യായവിലയും ഉറപ്പാക്കുന്നതിനും കുത്തക നടപടികൾ ഒഴിവാക്കുന്നതിനും ആരോഗ്യ സുരക്ഷാ ഉല്‍പ്പന്നങ്ങളുടെ രംഗത്തെ പ്രമുഖ വിതരണ കമ്പനികളോട് DED ചർച്ചകൾ നടത്തിയിട്ടുണ്ട്.