ന്യൂസിലാൻഡിൽ താമസ സൗകര്യം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ!

International News

ന്യൂസിലാൻഡിൽ താമസ സൗകര്യം അന്വേഷിക്കുന്നതിന് മുൻപ് അറിയേണ്ട കുറച്ചു കാര്യങ്ങൾ.

1. ജീവിക്കുവാൻ നല്ല ചിലവുള്ള ഒരു രാജ്യമാണ് ന്യൂസിലാൻഡ്.
2. പഠന കാലയളവിൽ നന്നായി ജീവിക്കണമെങ്കിൽ കോളേജ് അക്കൊമൊഡേഷൻ  നോക്കുക. ദിവസവും ഭക്ഷണമുൾപ്പടെ 50 ഡോളറെങ്കിലും അതിനായി വേണ്ടി വരും.
3. ഇക്കാലത്തു ലക്ഷങ്ങൾ മുടക്കാതെ ന്യൂസിലാൻഡിൽ പഠനത്തിയായി വരുവാൻ സാധിക്കില്ല. അത് കൊണ്ട് ഒരു മൂന്ന് മാസമെങ്കിലും നന്നായി ജീവിക്കുവാനുള്ള തുക കൂടി കണ്ടെത്തി വരുന്നതാണ് നല്ലത്.
4. വരുമ്പോൾ തന്നെ പാർട്ട്ടൈം ജോലി കിട്ടുമെന്നും, പിന്നീടുള്ള സ്റ്റുഡന്റ് ജീവിതം അതിലെ വരുമാനം കൊണ്ട് തൽക്കാലം കഴിയുമെന്നും വിചാരിച്ചു വരരുത്.

ആദ്യമായി വരുമ്പോൾ ഒരു താമസ സൗകര്യം കിട്ടുവാൻ എന്താണ് മാർഗ്ഗം?

ന്യൂസിലാൻഡിൽ വരുന്നതിനു മുൻപ്…

1. നിങ്ങളുടെ ഏജൻസിയോട് ആദ്യമേ തന്നെ താമസ സൗകര്യത്തിന്റെ കാര്യം ചോദിക്കുക. താമസ സൗകര്യം തയ്യാറാക്കി തരാമെന്ന് പറയുന്ന ഏജൻസി ആണ് നല്ലത്. അങ്ങനെ ഉള്ളപ്പോൾ ഏജൻസി ഫീസിനെ Compare ചെയ്യരുത്. പിന്നീട് അവര് പറ്റിച്ചു എന്ന് പറഞ്ഞും നടക്കരുത്.
2. പരിചയക്കാർ ആരെങ്കിലും ന്യൂസിലാൻഡിൽ ഉണ്ടെങ്കിൽ അവർ വഴി കിട്ടുമോ എന്ന് നോക്കുക. ഇക്കാര്യത്തിൽ ന്യൂസിലാൻഡിൽ ഉള്ള ആരെയും നിർബന്ധിക്കരുത്. കിട്ടിയാൽ കിട്ടി എന്നേ കരുതാവൂ.
3. ഫേസ്ബുക്ക് ഗ്രൂപ്പുകൾ വഴി ശ്രമിച്ചു നോക്കുക.

ഇനി താമസം ശരിയാകാതെ എയർപോർട്ടിൽ വരുമ്പോൾ…

1. രാത്രിയാണെങ്കിൽ രാവിലെ വരെ എയർപോർട്ടിൽ ഇരിക്കുക (ഓരോരുത്തരുടെയും ഇഷ്ടം പോലെ). എയർപോർട്ടിൽ നിന്ന് ഒരു ടാക്സി വിളിക്കുക. അവരോടു ഒരു “Backpacker”-ൽ എത്തിക്കുവാൻ പറയുക. അങ്ങനെ ഒരു “Backpacker”-ൽ, 1-2 ആഴ്ചത്തേക്കുള്ള താമസം ശരിയാക്കുക. വരുന്നതിനു മുൻപ് കോളേജ് ഉള്ള സ്ഥലത്തെ Backpacker ലിസ്റ്റ് ഇൻറർനെറ്റിൽ നോക്കി പ്രിന്റ് എടുത്തു വന്നാൽ വളരെ നന്നായിരിക്കും. പറ്റിയാൽ അവരുമായി ഒരു ഇമെയിൽ കമ്മ്യൂണിക്കേഷൻ ചെയ്തു വയ്ക്കുക, കാരണം ഓൺലൈൻ വഴി നേരത്തെ ബുക്ക് ചെയ്യണമെങ്കിൽ ക്രെഡിറ്റ് കാർഡ് ആവശ്യമാണ്. അല്ലെങ്കിൽ ഒരു ബുക്കിങ് കിട്ടുമോ എന്ന് ഇമെയിൽ വഴി ചോദിക്കുക. ഇത് താമസം വേഗം കിട്ടുവാൻ ഉപകാരപ്പെടും.
2. ആദ്യത്തെ രണ്ടാഴ്ചത്തെ താമസച്ചിലവിനായി ഒരു 750 ഡോളർ എങ്കിലും കയ്യിൽ കരുതുക.
3. വന്ന് 1-2 ആഴ്ചക്കുള്ളിൽ നിങ്ങൾക്ക് പുതിയ പരിചയങ്ങളാകുകയും ചിലവ് കുറഞ്ഞ താമസം കണ്ടെത്തുകയും ചെയ്യാം. 4. കൂടുതൽ കൂട്ടുകാർ ആകുമ്പോൾ, ഒരുമിച്ചു ഒരു വീട് വാടകയ്ക്ക് എടുത്തു ചിലവുകളെല്ലാം ഷെയർ ചെയ്തു താമസിക്കാം.

“Cheap_Accommodation” അല്ലെങ്കിൽ “Shared_Accommodation” തന്നെ വേണമെന്ന് ആദ്യമേ നിർബന്ധം പിടിക്കരുത്. നിങ്ങൾ ന്യൂസിലാൻഡിലേക്ക് വരുന്നത് ജോലി നേടാനും അത് വഴി വിസ നേടുവാനുമാണ്. 99% പേരും കേരളത്തിൽ നിന്ന് വരുന്നത് പഠനം കഴിഞ്ഞു തിരിച്ചുപോകാനല്ല . അതുകൊണ്ടു വരുന്നതിനു മുൻപ് തന്നെ “Cheap” ചിലവിൽ ജീവിക്കണം എന്നുള്ള ചിന്ത കളയുക. അങ്ങനെ ജീവിക്കണമെന്നുള്ളവർക്ക് 90 സെന്റിന്റെ “ബ്രഡും”, ഓയിൽ കൊണ്ടുണ്ടാക്കിയ “സ്പ്രെഡും”, 25 സെന്റിന്റെ “ടോയ്ലറ്റ് റോളും” കിട്ടും. കളിയാക്കിയതല്ല, ചിലരുടെ പെരുമാറ്റ അനുഭവം കൊണ്ട് പറഞ്ഞതാണ്. വേണമെങ്കിൽ ഒരു ജോലി ശരിയാകുന്നത് വരെ ഇങ്ങനെ കുറഞ്ഞ ചിലവിലും ജീവിക്കാം. ഈ അവസ്ഥയിലേക്ക് ആദ്യമേ പോകാതിരിക്കുന്നതാണ് നല്ലത്. അത് കൊണ്ടാണ് ജീവിത ചിലവിന് കുറച്ചു കൂടുതൽ തുക കണ്ടെത്തി വരിക എന്ന് ആദ്യമേ പറഞ്ഞത്.

മലയാളികളുടെ വീടുകളിൽ തന്നെ “Shared_Accommodation” വേണമെങ്കിൽ, ന്യൂസിലാൻഡിൽ വന്ന ശേഷം ശ്രമിക്കുക. ചിലപ്പോൾ വരുന്നതിനു മുൻപ് കിട്ടിയെന്നിരിക്കും. ഒരു പരിചയമില്ലാത്തവർക്ക് വീട് കൊടുക്കുവാൻ ആരും പെട്ടെന്ന് തയ്യാറാകില്ല. പുകവലി, മദ്യപാനം ചിലർ അനുവദിക്കില്ല.

ഇനി ചില മലയാളികൾ നൽകുന്ന വാടക വീടുകളുടെ സ്ഥിതി പറയാം.

സ്വന്തമായി വീടുള്ളവരെക്കാളും, വാടകയ്ക്ക് താമസിക്കുന്ന മലയാളികളാണ് കൂടുതലും. അതിൽ വാടക വീടിനെ, വീണ്ടും വാടകക്കായി നൽകുന്നവർ ഉണ്ട്. അതായതു ഒരു ചെറിയ കുടുംബം 4-5 കിടപ്പുമുറികൾ ഉള്ള വീട് വാടകയ്ക്ക് എടുക്കും. ഒരു മുറി അവർക്കും ബാക്കി മുറികൾ വാടകയ്ക്കും കൊടുക്കുന്ന പരിപാടി ഉണ്ട്. അവിടെയൊക്കെ നിങ്ങൾ അന്വേഷിക്കുന്ന “Cheap_Accommodation” തരപെടും. അവിടെയുള്ള ചേട്ടനും കുടുംബവും അങ്ങനെ കിട്ടുന്ന വാടക കൊണ്ട് വീടിന്റെ മൊത്തം വാടക അടയ്ക്കും. അവർക്കു സാമ്പത്തിക ലാഭം, നിങ്ങൾക്ക് ഒരു “Cheap Accommodation”-ഉം അത് വഴി ലഭിക്കും. ഇങ്ങനെ താമസിക്കുമ്പോൾ ചില പ്രശ്‌നങ്ങൾ ഉണ്ട്. ഒന്ന് ഇത്രയും മുറികളിലെ താമസക്കാർക്കായി ഒരു “Toilet” ഉണ്ടാവുകയുള്ളു. ഒന്നിൽ കൂടുതൽ ടോയ്ലറ്റ് ഉണ്ടാകുവാനുള്ള സാധ്യത കുറവാണ്. ചിലപ്പോൾ ഒരു മുറിയിൽ തന്നെ ഒന്നിൽ കൂടുതൽ പേരെ താമസിപ്പിക്കുവാൻ സാധ്യത ഉണ്ട്. കുറഞ്ഞ ചിലവിൽ താമസം നോക്കുന്നവർ ഇക്കാര്യങ്ങൾ ഒന്ന് ഓർത്തു വയ്ക്കുന്നത് നല്ലതാണ്. ഇങ്ങനെ മറ്റുള്ളവരെ ചെറിയ തോതിൽ പറ്റിച്ചു ജീവിക്കുന്ന മലയാളികളും ന്യൂസിലാൻഡിൽ ഉണ്ട്. അതും അറിയുക. ചില സമയത്തു ഇങ്ങനെയുള്ളവർ ഗുണമായി തോന്നും. പക്ഷെ പിന്നീട് ഇവരെ വിട്ടു കളഞ്ഞേക്കണം.

നല്ല രീതിയിൽ വീട് വാടകയ്ക്ക് കൊടുക്കുന്ന മലയാളികൾ ഉണ്ട്. ആഴ്ചയിൽ 100-200 ഡോളർ ചെലവ് വരാം. അവിടെയൊക്കെ താമസിക്കുമ്പോൾ നിങ്ങളും മാന്യത പുലർത്തുവാൻ ശ്രമിക്കുക.

വൃത്തിയും വെടിപ്പും ഉള്ളവരാണെങ്കിൽ കൂടുതൽ നാൾ താമസിക്കുവാൻ പുതുക്കി കിട്ടും. ഒരുപാട് മസാല ഇട്ടു കറിവച്ചു കഴിക്കണം എന്നുള്ളവർ നാട്ടിൽ നിന്ന് ഒരു Exhaust_Fan കൊണ്ട് വരുന്നത് നല്ലതാണ്. കറി ഉണ്ടാക്കുമ്പോൾ അടുക്കളയിലെ ജനൽ തുറന്നിട്ട് ഫാൻ അവിടെ ചാരി വച്ചെങ്കിലും ഓൺ ചെയ്‌തു ഇടുന്നത് നല്ലതാണ്. ഇന്ത്യക്കാരുടെ മുറികളിലെ കറി മണം ഇവിടെ കിവികൾക്ക് ഒരു വലിയ പ്രശ്‌നം തന്നെയാണ്. Range-hood ഉള്ള വീടുകളിൽ താമസം കിട്ടിയാൽ കറിമണ പ്രശ്‌നം ഒരു പരിധി വരെ വരുന്നില്ല.

വർഷങ്ങൾക്കു മുൻപ് കേരളത്തിൽ നിന്ന് ന്യൂസിലാൻഡിൽ പഠനത്തിനായി ഒറ്റയ്ക്ക് വന്ന്, പഠിച്ചു, ജോലി നേടി, വിസയും നേടി സ്ഥിരമായ ജീവിക്കുവാനുള്ള മാർഗ്ഗം കണ്ടെത്തിയ മലയാളികളുടെ ധൈര്യം ഇപ്പോൾ വരുന്ന മലയാളികൾക്ക് ഇല്ല എന്ന് പറയാം. ഇപ്പോൾ പൊതുവെ വെപ്രാളവും, പേടിയും കൂടുതലായിട്ടാണ് കാണുന്നത്. പണ്ടും ഈ പേടിയൊക്കെ ഉണ്ടായിരുന്നു പക്ഷെ അന്നൊന്നും സോഷ്യൽ മീഡിയ അത്ര സജീവമല്ല. സഹായിക്കാൻ അധികം ആളുകളുമില്ല. അത് കൊണ്ട് അവരൊക്കെ സ്വയം പ്രാപ്തരായി നന്നായി ജീവിക്കുവാൻ പഠിച്ചു. ഇന്ന് സൗകര്യങ്ങൾ കൂടി, പരിചയക്കാർ വർദ്ധിച്ചു, സംശയങ്ങൾ ചോദിക്കുവാനുള്ള മാർഗ്ഗങ്ങൾ എളുപ്പമായി. “അതോടെ വെപ്രാളം കൂടി, ജീവിക്കുവാൻ ഏറ്റവും ചീപ്പ് താമസസ്ഥലം വേണമെന്നായി. കൂടെയുള്ളവരുടെ വാടക എത്ര, ചിലവെത്ര എന്നുള്ള അന്വേഷണം കൂടി”. അതുകൊണ്ട് ഞങ്ങൾക്ക് പറയാനുള്ളത് നിങ്ങൾ തുടക്കത്തിലേ Independent ആകുവാൻ ശ്രമിക്കുക. അത് നിങ്ങൾക്ക് ഭാവിയിൽ ഒരുപാട് ഗുണം ചെയ്യും.

കടപ്പാട് : New Zealand Malayali [facebook.com/newzealandmalayali]