ആലപ്പുഴ:ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫോക്‌ലോർ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരമ്പരാഗത,നാടൻ കലാമേള ‘ഉത്സവ്’ ജില്ലയിൽ ജനുവരി അഞ്ചുമുതൽ പതിനൊന്നുവരെ ആലപ്പുഴ ബീച്ച്,കായംകുളം കായലോരം എന്നിവിടങ്ങളിലായി നടക്കും. പരിപാടിയുമായി ബന്ധപ്പെട്ട് ജില്ല കളക്ടറുടെ ചേംബറിൽ നടന്ന ആലോചന യോഗത്തിൽ കമ്മിറ്റി രൂപീകരിച്ചു.
കളക്ടർ എം അഞ്ജന അധ്യക്ഷത വഹിച്ചു.യു പ്രതിഭ എം എൽ എ,ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി ജി അഭിലാഷ്,ഡി ടി പി സി സെക്രട്ടറി എം മാലിൻ,തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
പരമ്പരാഗത,നാടൻ കലാരൂപങ്ങൾ അന്യംനിന്നു പോകാതെ സംരക്ഷിക്കുക,അവ പൊതുജനത്തിന് അനുഭവവേദ്യമാക്കുക,വിനോദ് സഞ്ചാരികളെ ആകർഷിക്കുക എന്നിവയാണ് ഉത്സവിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. തെയ്യം, തോറ്റംപാട്ട്, തോൽപ്പാവകളി തുടങ്ങി വിവിധ കലാരൂപങ്ങൾ ഏഴുദിവസങ്ങളിലായി വേദികളിലെത്തും. ദിവസവും വൈകിട്ട് ആറുമുതലാണ് അവതരണം.