പരിഭ്രാന്തി വേണ്ട, പരിഷ്‌കൃത സമൂഹം പാലിക്കേണ്ട ജാഗ്രത മതി: മുഖ്യമന്ത്രി

Kerala News

കോവിഡ് 19 സംബന്ധിച്ച് പരിഭ്രാന്തി വേണ്ടെന്നും പരിഷ്‌കൃത സമൂഹം കാണിക്കേണ്ട ജാഗ്രത പാലിച്ചാൽ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ കളക്ടർമാരുമായി വീഡിയോ കോൺഫറൻസ് മുഖേന സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗത്തെ നേരിടാൻ ആവശ്യമായ മരുന്നുകൾ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കെ. എസ്. ഡി. പിയുടെ സഹായത്തോടെ സാനിറ്റൈസർ തയ്യാറാക്കി ആവശ്യത്തിന് എത്തിക്കാനാവും. പൊതുസ്ഥലങ്ങളിലെല്ലാം സാനിറ്റൈസർ വയ്ക്കണം. ഓഫീസുകളിലും സാനിറ്റൈസറുകൾ ഉപയോഗിക്കണം.

ഉപയോഗിച്ച മാസ്‌ക്കുകൾ നശിപ്പിക്കാൻ ജില്ലാ കളക്ടർമാർ നടപടി സ്വീകരിക്കണം. വാർഡുകൾ തോറും ഹരിത സേന പോലെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെ ശാസ്ത്രീയമായി സംസ്‌കരിക്കണം. മാസ്‌ക്കുകൾ വലിച്ചെറിയുന്ന അവസ്ഥയുണ്ടാകരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. മാസ്‌കുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ട്. മാസ്‌ക്ക് ധരിക്കുന്നത് സംബന്ധിച്ച് ആരോഗ്യപ്രവർത്തകർ ശരിയായ ബോധവത്ക്കരണം നടത്തണം.

നാട്ടിലാകെ കടുത്ത ആശങ്കയുണ്ട്. ജനങ്ങളിൽ ഭീതിയും ഉണ്ടായിട്ടുണ്ട്. കാര്യങ്ങൾ നിയന്ത്രിക്കുകയാണ് ആവശ്യം. ഇതിന് എല്ലാവരുടെയും സഹകരണം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രായം ചെന്നവരെ കൂടുതൽ ശ്രദ്ധിക്കണമെന്ന് അവലോകന യോഗത്തിൽ സംബന്ധിച്ച ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു.

റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, പി. ആർ. ഡി സെക്രട്ടറി പി. വേണുഗോപാൽ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, എൻ. എച്ച്. എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.