പര്യടനം – എസ് കെ പൊറ്റെക്കാട്ട് എന്ന അതുല്യനായ സഞ്ചാരസാഹിത്യകാരന്റെ സമാഹരിച്ച ഡയറിക്കുറിപ്പുകൾ

Family & Lifestyle

പര്യടനം എന്ന പേരിൽ മാതൃഭൂമി സമാഹരിച്ച് പ്രസിദ്ധീകരിച്ച എസ് കെ പൊറ്റെക്കാട്ടിന്റെ ഡയറിക്കുറിപ്പുകൾ വായനക്കാരന് ഒരു വിചിത്ര യാത്രാപുസ്തകമായാണ് അനുഭവപ്പെടുക; പ്രത്യേകിച്ചും മലയാളിയെ ലോകമൊട്ടുക്ക് നിർലോഭം യാത്രചെയ്യുന്നത് സ്വപ്നം കാണാൻ പഠിപ്പിച്ച ഇദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടികളുടെ ഒരു ആരാധകനാണ് നിങ്ങളെങ്കിൽ. നിതാന്ത യാത്രികനായിരുന്ന എസ്.കെയുടെ കാലഘട്ടത്തിലേക്കും അദ്ദേഹത്തിന്റെ ചുറ്റുമുള്ള സാമൂഹിക, സാംസ്കാരിക, സാഹിത്യ ലോകത്തിലേക്കും തുറന്നുവെച്ച ഒരു കാഴ്ചാപുസ്തകം; തന്റെ സാഹിത്യ രചനയുടെ വിവിധകാലങ്ങളിലൂടെ അദ്ദേഹം സഞ്ചരിക്കുമ്പോൾ, ആ മനസ്സിന്റെ ഉള്ളറകളിലേക്കും, ചിന്തകളിലേക്കും വെളിച്ചം വീശുന്ന ഒരുപിടി ഓർമ്മകൾ യാതൊരു നാട്യങ്ങളുമില്ലാതെ തന്റെ ഡയറിക്കുറിപ്പുകളിൽ പകർത്തിയിരിക്കുന്നു; പ്രത്യേകിച്ച് അടുക്കും ചിട്ടയും കൂടാതെ, ആ കാലത്തെ അദ്ദേഹത്തിന്റെ ദൈനംദിന ജീവിതത്തിന്റെ ഒരു നേർകാഴ്ച, അദ്ദേഹത്തിന്റെ കൂടെ സഞ്ചരിക്കുന്ന ഒരു സുഹൃത്തിനു ദൃശ്യമാകുന്നത് പോലെയുള്ള ഒരു അനുഭവമായി മാറുന്നുണ്ട് പര്യടനം പലപ്പോഴും.

അദ്ദേഹത്തിന്റെ മറ്റു യാത്രാവിവരണ ഗ്രന്ഥങ്ങളുടെ മുഖമുദ്രയായ, വായനക്കാരനെ ആകർഷിക്കുന്ന ഭൂമിശാസ്‌ത്രപരമായ വർണ്ണനകളോ, സാമൂഹ്യപരമായ ദർശനങ്ങളോ, യാത്രാനുഭവങ്ങളോ ഒന്നുമല്ല ഈ ഒരു ഓർമ്മപ്പുസ്തകം കരുതിവെച്ചിരിക്കുന്നത്. അറുപതുകളിലും എഴുപതുകളിലും പൊറ്റെക്കാട്ട് തന്റെ കൈപ്പടയിൽ നോട്ടുപുസ്തകങ്ങളിൽ സൂക്ഷിച്ചിരുന്ന വളരെ വ്യക്തിപരമായ ഈ കുറിപ്പുകൾ സമാഹരിക്കുന്ന ഈ ഉദ്യമത്തിലൂടെ, ഒരു എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തെ അനുവാചകർക്ക് പൂർണ്ണമായും മനസ്സിലാക്കാൻ സഹായകമാകുന്ന ഒരു വഴികാട്ടിയെ സൃഷ്ടിച്ചിരിക്കുകയാണ് പ്രസാധകർ ചെയ്തിരിക്കുന്നത്.

നടത്തത്തിന്റെ കൈയെഴുത്ത് കുറിപ്പുകൾ

നടത്തം; ഒരു കാലത്ത് മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരുന്ന നടത്തം എന്ന പ്രക്രിയ, പര്യടനം എന്ന ഡയറിക്കുറിപ്പുകളുടെ പുസ്തകത്തിലെ ഒരു പ്രധാന അടയാളമാണ്. ദൈനംദിന കർമ്മങ്ങളുടെ ഭാഗമായി ദിനവും പത്തും പതിനഞ്ചും അതിനു മേലെയും കിലോമീറ്റർ ദൂരം നടന്നിരുന്ന ഒരു കാലഘട്ടത്തിന്റെ ഈ നേർചിത്രം, ചിലപ്പോൾ നൂറു മീറ്റർ ദൂരത്തേക്ക് സഞ്ചരിക്കാൻ പോലും വാഹനങ്ങളെ ആശ്രയിക്കുന്ന പുതു തലമുറയ്ക്ക് ഒരു അത്ഭുതകാഴ്ചയായിരിക്കാം.

“…രാവിലെ അഞ്ചര മണിക്കുണർന്നു, ഉടൻ നടക്കാനിറങ്ങി. ടൗൺ ബസ് സ്റ്റാൻഡ് വരെ നടന്നു. 6.15ന് കോട്ടയ്ക്കൽ ബസ്സിൽ കയറി, കാക്കഞ്ചേരിയിൽ ഏഴ് മണിക്ക് ഇറങ്ങി, പുതിയ ക്രാഷ് പ്രോഗ്രാം റോഡിലൂടെ നടന്നു. അധികം ആൾപ്പാർപ്പിലാത്ത തനി ഉൾനാട്. പ്ലാവും, മാവും, കശുമാവും, കായലും, ഉപ്പൂത്തിയും, പാട്ടുമരങ്ങളും വളർന്നു നിൽക്കുന്ന പറമ്പുകൾ. പറമ്പിൽ മിക്കവയിലും കൊള്ളിക്കിഴങ്ങു കൃഷിയുണ്ട്, വാഴകളും…പത്തു മിനിറ്റ് ചെന്നപ്പോൾ കൊഴിപ്പുറം. ഇവിടെ ഒരു മുസ്‌ലിം പള്ളിയും മദ്രസയുമുണ്ട്. കുറച്ചു ദൂരെ ഒരു പഴയ അമ്പലവും… …ഗ്രാമീണ ജീവിതത്തിന്റെ സിരാകേന്ദ്രമായ ചായപ്പീടിക. ചായയും പത്തിരിയും കഴിക്കാനും പേപ്പർ വായിച്ചു കേൾക്കാനും പരദൂഷണം നടത്താനും തരപ്പെടുന്ന ഒരേയൊരു താവളമത്രെ ഈ ചായപ്പീടിക…

…6.15 ന് പുറത്തിറങ്ങി, പുതിയപാലം വഴി തലയിലൂടെ ബസ് സ്റ്റാന്റിലെത്തി, രാമനാട്ടുകാരയ്ക്ക് ബസ് കയറി. രാമനാട്ടുകര അങ്ങാടിയിൽനിന്നു ഫറോക്ക് കോളേജ് റോഡിലൂടെ കിഴക്കോട്ട് നടന്നു. ടാറിട്ട ഒന്നാന്തരം റോഡ്. ബസ് തീരെയില്ല. കുന്നിനു കടയ്ക്കൽ കുശവക്കുടിലുകൾ, സസ്യശ്യാമളമായ കുന്നിൻപ്രദേശം… താഴെ വയലുകൾ… അടുത്തുള്ള എരുമേലി പരമേശ്വരൻ പിള്ളയുടെ വീട്ടിൽ കയറി, ചായ കുടിച്ചു…”

എഴുപതുകളുടെ തുടക്കത്തിൽ പൊറ്റക്കാട്ട് നടത്തിയ രണ്ട് നടത്തങ്ങളുടെ കുറിപ്പുകളിൽ നിന്നുള്ള ഉദ്ധരണികളാണ് മേൽ കൊടുത്തിട്ടുള്ളത്.


രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ പുസ്തകത്തിന്റെ ആദ്യ ഭാഗത്തിന് ‘രാവിലത്തെ നടത്തം’ എന്നാണ് പേരിട്ടിരിക്കുന്നത്. പൊറ്റെക്കാട്ടിന്റെ ദിവസേനയുള്ള രാവിലത്തെ, പലപ്പോഴും വൈകീട്ടത്തെയും, ഔദ്യോഗിക കർമ്മങ്ങൾക്കായുള്ളതും സ്വകാര്യമായുള്ളതുമായ നടത്തങ്ങൾ; ആ ചെറു സഞ്ചാരങ്ങളിൽ അദ്ദേഹം അനുഭവിച്ച കാഴ്ചകൾ, ശബ്ദങ്ങൾ, ഗന്ധങ്ങൾ, രുചികൾ മുതലായതെല്ലാം കുത്തികുറിച്ചിട്ട ചെറുകുറിപ്പുകകളടങ്ങിയ ഈ ഭാഗം കേരളത്തിന്റെ ഒരു കാലഘട്ടത്തെയും, പൊയ്‌പ്പോയ പല സാംസ്കാരികസൂചനകളെയും നമ്മളുടെ മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പല സാഹിത്യരചനകളിലൂടെ നമ്മൾ പരിചയപ്പെട്ട പല കഥാപാത്രങ്ങളോട് സാമ്യം തോന്നുന്ന ചില സഹയാത്രികരെയും ഈ നടത്തങ്ങളിൽ, അല്ലെങ്കിൽ ചെറുയാത്രകളിൽ പൊറ്റക്കാട്ട് കണ്ടുമുട്ടുന്നുണ്ട്.

രണ്ടോ മൂന്നോ വാചകങ്ങൾ മുതൽ രണ്ടോ മൂന്നോ ഖണ്‌ഡികളോ അതിനു മേലെയോ നീളുന്ന ഈ കാലക്രമം അനുസരിച്ച് സമാഹരിച്ചിട്ടുള്ള കുറിപ്പുകളിൽ, പൊറ്റെക്കാട്ടിന്റെ ചുറ്റുമുള്ള ജനജീവിതത്തിന്റെ സ്പന്ദനങ്ങളും, ജനങ്ങളുടെ രേഖാചിത്രങ്ങളും, കേരളത്തിന്റെ ഒരുകാലത്തെ മനോഹരമായ ഭൂപ്രകൃതിയുടെ വർണ്ണനകളും, ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായിരുന്ന കാർഷിക സമ്പ്രദായങ്ങളുടെ വിവരണങ്ങളും എല്ലാം വായനക്കാരന് ദർശിക്കാം. ഈ കുറിപ്പുകളിലൂടെ കടന്നുപോകുമ്പോൾ, ദിനം പ്രതി പെരുകി വരുന്ന അന്തരീക്ഷ, പരിസര മലിനീകരണത്തെക്കുറിച്ചും പ്രകൃതിയിലേക്കുള്ള കടന്നുകയറ്റത്തിന്റെ തോതിനെക്കുറിച്ചും ഉള്ള, പൊറ്റെക്കാട്ടിന്റെ ചിന്തകൾ വായനക്കാരന് ഇത്തരം പ്രവണതകളുടെ കേരളത്തിലെ ആരംഭഘട്ടത്തിന്റെ ഒരു ചിത്രം നൽകുന്നു.

ചെറുയാത്രകളുടെ ‘പര്യടനം’

പുസ്തകത്തിന്റെ പര്യടനം എന്നു പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്ത് പൊറ്റെക്കാട്ട് കേരളത്തിലും പുറത്തും ചെയ്ത ചെറുയാത്രകളുടെ വിവരണലേഖനങ്ങളാണ്. ചെറു ഡയറികുറിപ്പുകളെക്കാൾ വിപുലീകരിച്ച് എഴുതിയിട്ടുള്ള ഈ ലേഖനങ്ങൾ പൊറ്റെക്കാട്ടിന്റെ ലളിതമായ യാത്രാവിവരണ ശൈലിയെ ഓർമിപ്പിക്കുന്നു. കൊടുങ്ങലൂർ ഭരണി യാത്ര, ആറാട്ടുപുഴ പൂരത്തിനോടനുബന്ധിച്ചുള്ള യാത്ര, എം. ടി. വാസുദേവൻ നായരും മറ്റു സാഹിത്യ പ്രതിഭകളോടും കൂടെയുള്ള യാത്രകൾ, തമിഴ്നാട്ടിലേക്കും കർണ്ണാടകയിലേക്കും ഉള്ള യാത്രാവിവരണങ്ങൾ തുടങ്ങിയവയാണ് ഈ വിഭാഗത്തിലെ പ്രധാന ലേഖനങ്ങൾ.

ഹസ്തരേഖാശാസ്ത്രക്കാർ, പാട്ടുപുസ്തകവില്പനക്കാർ, നാടൻ മെയ്യഭ്യാസികൾ, നാടകക്കാർ, വലിയ വർണ്ണബലൂണുകൾ രംഗത്തിനു നിറപ്പകിട്ടു ചാർത്തുന്നു. കാജാബീഡിക്കാരുടെ ഓരിവിളി. ഈത്തപ്പഴം, പായ, പൊരി, മോതിരയപ്പം, കപ്പലണ്ടി, സോപ്പ്, ചീപ്പ്, കണ്ണാടി മുതലായവ കച്ചവടം ചെയ്തുകൊണ്ടിരിക്കുന്ന ചെറ്റപ്പീടികകളും സോഡാ സർവത്തുകാരും ചൗക്കാളക്കാരും.

ആറാട്ടുപുഴ പൂരത്തിനോടനുബന്ധിച്ചുള്ള യാത്രയുടെ ലഘുലേഖനത്തിൽ നിന്ന്.


പൊറ്റെക്കാട്ടിന്റെ സൂക്ഷ്മതയാർന്ന നിരീക്ഷണ പാടവവും ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവും ദൈനംദിന കാഴ്ചകളുടെ വിരസതകളായി മാറിയേക്കാവുന്ന വിവരങ്ങളെ വായനക്കാരന് ആകർഷകമായ ഒരു വായനാനുഭവം നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *