പഴമയുടെ ഓർമ്മചിത്രങ്ങളൊരുക്കി പള്ളുരുത്തി പുലവാണിഭ മേള

Kerala News

പള്ളുരുത്തി ഗ്രാമദേവതാ ക്ഷേത്രമായ അഴകിയകാവ്‌ ഭഗവതി ക്ഷേത്ര മുറ്റത്തും പരിസരങ്ങളിലും വർഷങ്ങളായി നടന്നു വരാറുള്ള ചരിത്രപ്രാധാന്യമുള്ള ഗ്രാമീണ വിപണനമേളയായ പള്ളുരുത്തി പുലവാണിഭ മേളയ്ക്ക് ജനുവരി 8നു തുടക്കമായി. പഴയകാല കേരളത്തിന്റെ കാർഷിക, വാണിജ്യ രംഗത്തെ മണ്മറഞ്ഞകൊണ്ടിരുക്കുന്നതും, നാം ഒഴിവാക്കിയതുമായ പല പൈതൃക കാഴ്ചകളുടെയും ചില ഓർമ്മച്ചെപ്പുകൾ ഒളിപ്പിച്ചു വെച്ച ഒരു വേദിയാണ് ഈ സംഘാടകരോ, ആധുനിക സംഘാടക രീതികളോ ഇല്ലാത്ത പശ്ചിമ കൊച്ചിയിലെ ഗ്രാമച്ചന്ത.

അവർണ്ണർ എന്ന് സമൂഹം മുദ്രകുത്തി എല്ലാ മേഖലകളിൽ നിന്നും മാറ്റിനിർത്തിയിരുന്ന ഒരു ജനവിഭാഗത്തിന്റെ മുഖ്യധാരയിലേക്കുള്ള ഒരു കാൽവെപ്പിന്റെ ഓർമ്മപുതുക്കൽ കൂടിയാണ് ഈ മേള. അവർണ്ണർക്ക് വർഷത്തിൽ ഒരു തവണ ക്ഷേത്രത്തിൽ ദർശനം നടത്താൻ കൊച്ചിരാജാവ് അനുമതി നൽകിയതുമായി ബന്ധപ്പെട്ടാണ് ഈ ഗ്രാമവിപണനമേളയുടെ ആരംഭം. ധനുമാസത്തിലെ അവസാനത്തെ വ്യാഴാച്ചയാണ് പ്രധാനമായും പുലവാണിഭ ചന്ത നടക്കുന്നത് എങ്കിലും ഇതിനു ഏതാനം ദിനങ്ങൾക്ക് മുന്നേ മുതലേ ഇവിടെ വിപണി സജീവമാകും. തുടർന്ന് രണ്ടാഴ്ച്ചയോളം നാടൻ ഉത്പന്നങ്ങളുടെ വിപണനം പൊടിപൊടിക്കുന്ന ഒരു വിപണനമാമാങ്കമായി വർഷങ്ങളായി പള്ളുരുത്തി പുലവാണിഭ മേള മാറിക്കഴിഞ്ഞിരിക്കുന്നു.

സാമൂഹിക-ചരിത്ര പ്രാധാന്യമുള്ള പള്ളുരുത്തി പുലവാണിഭ മേള

വിപണന മേളകൾ ഒരു കാഴ്ച്ചയേ അല്ലാത്ത ഇക്കാലത്തു ഒരുപാട് പ്രത്യേകതകളുമായി നിലകൊള്ളുന്ന ഒരു ഗ്രാമവിപണനമേളയാണ് പള്ളുരുത്തി പുലവാണിഭ മേള. പ്രത്യേകമായ ഒരു സംഘാടകരോ, മറ്റു മേളകളെപോലെ വിളംബരങ്ങളോ, മാർക്കറ്റിംഗ് മാമാങ്കങ്ങളോ, വർണ്ണവെളിച്ചങ്ങളുടെ മായിക മോടികളോ, എന്തിനു ഒരു പ്രവേശന ടിക്കറ്റോ ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത ഈ മേളയ്ക്ക് എന്നാൽ പതിറ്റാണ്ടുകളുടെ സാമൂഹിക-ചരിത്ര പ്രാധാന്യമുണ്ട്.

തിരുവിതാംകൂറിലെ പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിനും ഒരുപാട് മുന്നേ കൊച്ചി രാജാക്കന്മാർ അവർണ്ണർക്ക് ക്ഷേത്ര പ്രവേശനാധികാരം നൽകിയതിന്റെ ഓർമകളാണ് ഈ ഗ്രാമവിപണിയിലെ വാണിഭക്കാരെ ഓരോവർഷവും അഴകിയകാവ്‌ ഭഗവതി ക്ഷേത്രപരിസരത്ത് ഒത്തുചേർക്കുന്നത്. കൊച്ചി രാജാവ് ആഴ്ചവട്ടം ദർശനം നടത്തിയിരുന്ന ഈ ക്ഷേത്രത്തിൽ, ദേവീദർശനം ആഗ്രഹിക്കുന്ന ഭക്തർക്ക് അത് അനുവദിക്കാതിരുന്നാൽ ദേവീകോപം ഉണ്ടാകും എന്ന വിശ്വാസത്തിൽ നിന്നും, രാജാവ് അവർണ്ണർക്ക് വർഷത്തിൽ ഒരിക്കൽ വീതം ദർശനത്തിനായി ക്ഷേത്രത്തിന്റെ വടക്കേ നട തുറന്നു കൊടുത്തു എന്നും ഇതേതുടർന്ന് കൊച്ചി, തിരുവിതാംകൂർ, മലബാർ എന്നിവിടങ്ങളിൽ നിന്നെല്ലാം അവർണ്ണ വിഭാഗക്കാർ ഇവിടേയ്ക്ക് ധനുമാസത്തിലെ അവസാനത്തെ വ്യാഴാഴ്ച്ച ദർശനത്തിനായി എത്തിത്തുടങ്ങി എന്നുമാണ് ഇതുമായി ബന്ധപ്പെട്ട് കേട്ടുവരുന്ന ചരിത്രം. ഈ ദർശനത്തിന്റെ ഭാഗമായി ഇവർ താലം, മുടിയേറ്റ് തുടങ്ങിയ കലാരൂപങ്ങളും, ആചാരാനുഷ്ഠാനങ്ങളും നടത്തിയിരുന്നു.

ഈ യാത്രയ്ക്കുള്ള ധനസമ്പാദനത്തിന്റെ ഭാഗമായോ അല്ലെങ്കിൽ തങ്ങളുടെ കൈയിലുള്ള വിപണന വസ്തുക്കൾ വിറ്റ് അത്യാവശ്യമുള്ള മറ്റു വസ്തുക്കൾ സംഭരിക്കുന്നതിന്റെ ഭാഗമായോ ആവണം ഈ ക്ഷേത്രദർശനത്തിനു ഒരു ഗ്രാമച്ചന്തയുടെ രൂപം കൈവന്നത്. എന്തായാലും തുടർന്നുള്ള വർഷങ്ങളിൽ ഈ ക്ഷേത്രദർശനത്തിനു വരുന്നവർ തങ്ങളുടെ കാർഷിക വിളകളും, തനതായ ഉത്പന്നങ്ങളും കൊണ്ടുവരികയും, കച്ചവടം ചെയ്യുകയും, അത് ഒരു വലിയ ഗ്രാമവിപണന മേളയായി പരിണമിക്കുകയും ചെയ്തു എന്നതും ചരിത്രമാണ്.

ഒരു മാരക രോഗത്തിന് പ്രതിവിധിയായി അഴകിയകാവ്‌ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി വേണ്ട പ്രതിവിധികൾ അനുഷ്ഠിക്കാൻ രാജാവിൽ നിന്ന് അനുമതി നേടിയെടുത്ത് ആരംഭിച്ച പുല നേർച്ച അങ്ങനെ വർഷാവർഷം കേരളത്തിലെ എല്ലായിടങ്ങളിൽ നിന്നും ആളുകൾ ഒത്തു ചേർന്നിരുന്ന പുലവാണിഭമേളയായി മാറി.

ഈ വർഷത്തെ കാഴ്ച്ചകൾ

ഈ വർഷത്തെ പുലവാണിഭ മേളയിൽ പങ്കെടുക്കാൻ കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും എല്ലാം നാനാജാതിമതസ്ഥരായ കച്ചവടക്കാർ അഴകിയകാവ്‌ ക്ഷേത്രമുറ്റത്തും പള്ളുരുത്തി റോഡിന്റെ ഇരുവശങ്ങളിലും ഒത്തുചേർന്നിട്ടുണ്ട്. നൂറോളം വിപണന സ്റ്റാളുകൾ ഉള്ള ഈ നാടൻ ഉത്പന്നങ്ങളുടെ വിപണന മേളയിൽ ഈ വർഷവും മികച്ച ജനപങ്കാളിത്തം അനുഭവപ്പെടുന്നുണ്ട്. മുള ഉത്പന്നങ്ങൾ, മുളംതണ്ടിൽ തീർത്ത പുട്ടുകുറ്റി, ചിരട്ടക്കയ്യിൽ, മുറം, വട്ടി, പായ, പനമ്പ്, കൈതോലപ്പായ, കൽച്ചട്ടി, വിവിധയിനം ഭരണികൾ, ഉരൽ, ഉലക്ക, മറ്റു കാർഷിക ഉത്പന്നങ്ങൾ, നാടൻ ഉപകരണങ്ങൾ, വിത്തിനങ്ങൾ, മൺപാത്രങ്ങൾ, കരിപ്പെട്ടി, നാടൻ കത്തികൾ, പൂചെടികൾ, പച്ചക്കറിച്ചെടികൾ, തുണിത്തരങ്ങൾ, ചവിട്ടികൾ, വിവിധയിനം ഭക്ഷ്യവിഭവങ്ങൾ മുതലായി നാടൻ ഉത്പന്നങ്ങളുടെ ഒരു കലവറ തന്നെ തീർക്കുന്നുണ്ട് ഈ ഗ്രാമച്ചന്ത. ഉണക്കമീൻ ആണ് മറ്റൊരു പ്രധാന വിപണന ഉത്പന്നം.

ദിനവും സന്ധ്യയോടെ സജീവമാകുന്ന മേളയിൽ രാത്രികാലങ്ങളിൽ സാമാന്യം നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. മുള ഉത്പന്നങ്ങള്ക്കും ഭരണികൾക്കുമാണ് പുതുതലമുറയിലെ ഉപഭോക്താക്കളിൽ കൂടുതൽ താൽപര്യം. 50 വർഷങ്ങളായി സ്ഥിരമായി ഈ മേളയിൽ പങ്കെടുക്കുന്ന മൺപാത്ര കച്ചവടക്കാരും തഴപ്പായക്കച്ചവടക്കാരും നമ്മിൽ അത്ഭുതമുളവാക്കുന്നു.കരിമ്പ്, ശർക്കര, പനംചക്കര, പനംകൽക്കണ്ടം എന്നിവയുമായി തമിഴ്‌നാട്ടിൽ നിന്നും പതിറ്റാണ്ടുകളായി ഇവിടെയെത്തുന്നവരും ഈ മേളയിലെ നിറസാന്നിധ്യമാണ്. പുലവാണിഭ മേളയ്ക്ക് ശേഷം ഇവരെല്ലാം ആലുവ മണപ്പുറത്തെ ശിവരാത്രിയുടെ വിപണന സാധ്യതകൾ ലക്ഷ്യമിട്ട് പള്ളുരുത്തിയിൽ തന്നെ രണ്ടോ മൂന്നോ ആഴ്ച്ച തങ്ങളുടെ വിഭവങ്ങളുമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

മുൻകാലങ്ങളിൽ പൂർണ്ണമായും പ്രകൃതിയോടിണങ്ങിയ ഉത്പന്നങ്ങൾ മാത്രം ഉണ്ടായിരുന്ന ഈ മേളയിലും പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ കടന്നുകയറ്റം നടത്തിയിട്ടുണ്ട്. എങ്കിലും തഴപ്പായ, മൺപാത്രങ്ങൾ, അമ്മിക്കല്ല് മുതലായ ഇന്നത്തെ തലമുറ മറന്നു പോയ പലതും തിരികെ ഓർമ്മയിലെത്തിക്കുന്ന പഴമയുടെ കാഴ്ചകളിലേക്കുള്ള ഒരു മടക്കം ആണു ഈ മേളയിൽ ചിലവഴിക്കുന്ന ഓരോ നിമിഷവും.

തയ്യാറാക്കിയത്: കൊച്ചിയിൽ നിന്നും ഹാംലറ്റ്. ഇ

1 thought on “പഴമയുടെ ഓർമ്മചിത്രങ്ങളൊരുക്കി പള്ളുരുത്തി പുലവാണിഭ മേള

  1. Lighter topics would assume greater dimensions in reach and readability, if a writer conceives and presents such subjects using the words that emanate straightway from her, or his mind. The piece above bears testimony to this fact. Creative wishes, Hamlet…!

Leave a Reply

Your email address will not be published. Required fields are marked *