പാലിക്കൂ ഈ ശീലങ്ങൾ – സുരക്ഷിതമാക്കൂ നിങ്ങളുടെ ഇന്റർനെറ്റ് ഉപയോഗം

Family & Lifestyle

നമ്മുടെ ദൈനംദിന ജീവിതം ഇന്ന് കമ്പ്യൂട്ടറുകളുടെയും, ഇന്റർനെറ്റിന്റെയും ലോകത്തോട് വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. നമ്മൾ ദിവസേന ചെയ്യുന്ന ഒട്ടുമിക്ക കാര്യങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ വേറൊരുതരത്തിൽ ഇന്റർനെറ്റോ, കമ്പ്യൂട്ടറോ ഉപയോഗപ്പെടുത്തുന്നതിനാൽ അവയുടെ ലോകം ഉയർത്തുന്ന സുരക്ഷാ വെല്ലുവിളികളെ കുറിച്ച് അവബോധം നേടുക എന്നത് ഇന്ന് തീർത്തും അടിസ്ഥാനപരമായ ഒരു കാര്യമായി മാറിയിരിക്കുന്നു. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോളും, ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോളും പുലർത്തേണ്ട വിവേകം, അവയിൽ നിന്നും ഉണ്ടാകാവുന്ന അപകടസാദ്ധ്യതകൾ, സൈബർ ലോകത്തെ ദിനംപ്രതി വർദ്ധിക്കുന്ന അപായ സാധ്യതകളെ ചെറുക്കാനുള്ള മാർഗ്ഗങ്ങൾ എന്നിവയെല്ലാം അറിഞ്ഞിരിക്കേണ്ടത് ഇന്ന് ഒരു അത്യാവശ്യമാണ്.

വീടുകളിലും, തൊഴിലിടങ്ങളിലും മറ്റും എളുപ്പത്തിൽ പുലർത്താവുന്ന ചില കമ്പ്യൂട്ടർ/ ഇന്റർനെറ്റ് സുരക്ഷാ മാർഗ്ഗങ്ങൾ നിങ്ങൾക്കായി ഇവിടെ പ്രവാസി ഡെയിലി പങ്കു വെക്കുന്നു:

  • നിങ്ങൾ ഇന്റർനെറ്റിലേക്ക് കണക്ട് ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണം സുരക്ഷിതമാക്കുകയാണ് അപകടങ്ങളില്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന്റെ ആദ്യ വഴി. നിങ്ങളുടെ ഡിജിറ്റൽ ഉപകരണത്തെ സുരക്ഷിതമാക്കി വെക്കാനുള്ള ആദ്യ ചുവട് അതിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ പ്രോഗ്രാമുകൾ, പ്രത്യേകിച്ച് ഓപ്പറേറ്റിംഗ് സിസ്റ്റം, ബ്രൌസർ സോഫ്റ്റ്‌വെയർ, സുരക്ഷാ സോഫ്റ്റ്‌വെയർ എന്നിവ കൃത്യമായ ഇടവേളകളിൽ അവയുടെ നിർമ്മാതാക്കൾ പുറത്തിറക്കുന്ന നവീകരിച്ച പതിപ്പുകളും, പിഴകൾ തീർക്കാനായി ഇറക്കുന്ന അപ്‌ഡേറ്റുകളും ഇൻസ്റ്റാൾ ചെയ്ത് അവയെ എപ്പോഴും പുതുക്കി വെക്കുക എന്നതാണ്.
  • കമ്പ്യൂട്ടറുകളെ സുരക്ഷിതമാക്കാനുള്ള ആന്റി-വൈറസ് പ്രോഗ്രാമുകൾ, ആന്റി-മാൽവെർ പ്രോഗ്രാമുകൾ, നിങ്ങളുടെ കംപ്യൂട്ടറിലേക്കുള്ള കടന്നുകയറ്റം തടയാനുള്ള ഫയർവാൾ പ്രോഗ്രാമുകൾ എന്നിവ ഇല്ലാതെ ഒരിക്കലും ഇന്റർനെറ്റ് ഉപയോഗിക്കാതിരിക്കുക. ഈ പ്രോഗ്രാമുകളെ കൃത്യമായ ഇടവേളകളിൽ അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്ത് സുരക്ഷിതമാക്കാനും മറക്കരുത്.
  • ഇത്തരം സുരക്ഷാ പ്രോഗ്രാമുകൾ ഉപയോഗിച്ച് നിങ്ങളുടെ കമ്പ്യൂട്ടർ/ സ്മാർട്ഫോൺ/ ഡിജിറ്റൽ ഉപകരണം എന്നിവ കൃത്യമായ ഇടവേളകളിൽ സുരക്ഷാ വീഴ്ചകൾ ഇല്ല എന്ന് ഉറപ്പിക്കാൻ സൂക്ഷ്‌മപരിശോധന നടത്തുക.
  • പൊതുവായ ഉപയോഗത്തിനുള്ള വയർലെസ് ഇന്റർനെറ്റ് ഉപയോഗിച്ച് സ്വകാര്യമായ വിവരങ്ങൾ പങ്കുവെക്കുന്നതും, ഇന്റർനെറ്റ് വഴിയുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്നതും കഴിയുന്നതും ഒഴിവാക്കുക.
  • നിങ്ങളുടെ സ്വകാര്യമായ വിവരങ്ങളെ സുരക്ഷിതമാക്കി വെക്കുന്ന പാസ്സ്‌വേർഡുകൾ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ പാലിക്കണം. ദുര്‍ബ്ബലമായതോ, മറ്റുള്ളവർക്ക് എളുപ്പത്തിൽ ഊഹിച്ചെടുക്കാൻ കഴിയുന്നതോ, നിങ്ങളുടെ വ്യക്തിത്വമായി നേരിട്ട് ബന്ധമുള്ളതോ ആയ വാക്കുകളോ അക്കങ്ങളോ ചേർന്ന പാസ്സ്‌വേർഡുകൾ കഴിയുന്നതും ഉപയോഗിക്കാതിരിക്കുക. അക്ഷരങ്ങളും, അക്കങ്ങളും, പ്രത്യേക ചിഹ്നങ്ങളും സംയോജിപ്പിച്ച പത്ത് അക്ഷരങ്ങളെങ്കിലും നീളമുള്ള പാസ്സ്‌വേർഡുകൾ തിരഞ്ഞെടുക്കുക. നിങ്ങളുടെ വിവിധ അക്കൗണ്ടുകൾക്ക് വ്യത്യസ്ത പാസ്സ്‌വേർഡുകൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക.
  • നിങ്ങൾ ജോലിചെയ്യുന്ന സ്ഥാപനത്തിൽ പ്രത്യേക കമ്പ്യൂട്ടർ/ ഇന്റർനെറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും വിട്ടുവീഴ്ച്ചയില്ലാതെ അവ പാലിക്കുക.
  • നിങ്ങളുടെ കമ്പ്യൂട്ടറിൽ സംഭരിച്ചിട്ടുള്ള നിങ്ങൾക്ക് വിലപ്പെട്ടത് എന്ന് തോന്നുന്ന ഡിജിറ്റൽ വിവരങ്ങൾ കൃത്യമായ ഇടവേളകളിൽ സുരക്ഷിതമായി മറ്റു ഉപകാരണങ്ങളിലേക്ക് പകർത്തി സൂക്ഷിക്കുക. സ്വകാര്യമായ വിവരങ്ങളടങ്ങിയ ഡിസ്‌ക്കുകൾ, USB ഡ്രൈവുകൾ എന്നിവ ഒരിക്കലും മറ്റുള്ളവർക്ക് എടുക്കാവുന്ന വിധം എവിടെയും അലക്ഷ്യമായി സൂക്ഷിക്കാതിരിക്കുക.
  • ഇന്റർനെറ്റിന്റെ ലോകത്ത് നിങ്ങളുടെ ഡിജിറ്റൽ വ്യക്തിത്വം ചോർത്തിയെടുത്ത് നിങ്ങളായി ചമഞ്ഞുകൊണ്ട് പലതരത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളും മറ്റു നിയമവിരുദ്ധമായ പ്രവർത്തനങ്ങളും ചെയ്യുന്നവരെ പറ്റി എപ്പോഴും ജാഗ്രത പുലർത്തുക. യഥാര്‍ത്ഥ ജീവിതത്തിനേക്കാൾ എളുപ്പത്തിൽ ഡിജിറ്റൽ ലോകത്ത് നിങ്ങളുടെ വ്യക്തിത്വം കവർച്ച ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ സ്വകാര്യ വിവരങ്ങളും മറ്റും ഇന്റർനെറ്റിൽ ഉപയോഗിക്കുമ്പോൾ എപ്പോഴും ശ്രദ്ധാലുക്കളാകുക. കുടുംബാംഗങ്ങളുടെ വിവരങ്ങൾ, കുട്ടികളുടെ വിവരങ്ങൾ, ചിത്രങ്ങൾ, മേൽവിലാസം, ഫോൺ വിവരങ്ങൾ, ഇമെയിൽ വിലാസങ്ങൾ എന്നിവയെല്ലാം ഇൻറർനെറ്റിൽ പങ്കുവെക്കുമ്പോൾ രണ്ട് വട്ടം ചിന്തിച്ച് അവ പങ്കുവെക്കുന്നയിടം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക. സമൂഹമാധ്യമങ്ങളിൽ നിങ്ങൾ പങ്കു വെക്കുന്ന കാര്യങ്ങൾ നിങ്ങളുടെയോ, മറ്റൊരാളുടെയോ സ്വകാര്യതയെ ഹനിക്കുന്നതല്ല എന്ന് തീർച്ചപ്പെടുത്തുക.
  • സൗജന്യമായി നൽകുന്ന സേവനങ്ങൾ, വലിയ സമ്മാനതുകകളടക്കമുള്ള മോഹിപ്പിക്കുന്ന വാഗ്ദാനങ്ങൾ, ഉപഹാരങ്ങൾ എന്നിവയെ കുറിച്ചെല്ലാം വാചാലമാകുന്ന ഇന്റർനെറ്റ് പരസ്യങ്ങളും, ഇമെയിൽ, SMS സന്ദേശങ്ങളും നിങ്ങളുടെ സ്വകാര്യ വിവരങ്ങളും, സാമ്പത്തിക വിവരങ്ങളും മറ്റും തട്ടിയെടുക്കാനുള്ള തന്ത്രങ്ങളാണെന്ന അറിവ് ഇന്റർനെറ്റ് സുരക്ഷയുടെ വലിയ ഒരു ഭാഗമാണ്. ഇങ്ങിനെ വരുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകുകയോ, അവയിൽ വരുന്ന ഇന്റർനെറ്റ് ലിങ്കുകൾ തുറക്കുകയോ ചെയ്യാതിരിക്കുക.

നിങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും എല്ലാം ഈ കമ്പ്യൂട്ടർ/ ഇന്റർനെറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ പങ്ക് വെക്കൂ. അതിലൂടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോകത്തിന്റെ ലോകത്തെ അവർക്ക് പരിചയപ്പെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *