172 വർഷങ്ങൾക്ക് ശേഷം യു എ എയിൽ ഉണ്ടാകുന്ന പൂർണ്ണ വലയ സൂര്യഗ്രഹണം (annular eclipse) നാളെ, ഡിസംബർ 26 രാവിലെ 7.04 മുതൽ ആരംഭിക്കും. ചന്ദ്രൻ സൂര്യനെ മറച്ചുകൊണ്ട് ആ നിഴലിനു ചുറ്റും വൃത്താകൃതിയിൽ ഒരു പ്രകാശ വലയം തീർക്കുന്ന പ്രതിഭാസത്തെയാണ് വലയ സൂര്യഗ്രഹണം എന്ന് പറയുന്നത്. രണ്ട് മണിക്കൂർ 21 മിനിറ്റ് നീണ്ട് നിൽക്കുന്ന ഈ സൂര്യഗ്രഹണം യു എ എയിൽ ഭാഗികമായിയാണ് ദൃശ്യമാകുക. യു എ ഇ സമയം രാവിലെ 7.37നു ആയിരിക്കും ഈ സൂര്യഗ്രഹണം അതിന്റെ മൂർധന്യാവസ്ഥയിൽ എത്തുക. യു എ എയിൽ രാവിലെ 8.53 നു ഗ്രഹണം അവസാനിക്കും.
ലോകത്തിന്റെ എല്ലാ മേഖലകളിലും ഒരേ സമയം ഗ്രഹണം ദൃശ്യമാകാറില്ല. ഡിസംബർ 26 നു ഉണ്ടാകുന്ന പൂർണ്ണ വലയ സൂര്യഗ്രഹണം സൗദി അറേബ്യ മുതൽ പടിഞ്ഞാറൻ പസഫിക് മഹാസമുദ്രത്തിലെ ഗുവാം ദ്വീപുകൾ വരെ ഉള്ള പ്രദേശങ്ങളിൽ ആണ് അനുഭവപ്പെടുക. യു എ ഇയിൽ ഈ ഗ്രഹണം പൂർണമായി ദൃശ്യമാകില്ലെങ്കിലും കേരളത്തിൽ കാസർകോട് മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ പൂർണ വലയ സൂര്യഗ്രഹണം ദൃശ്യമാകും.
സൂര്യഗ്രഹണം നിരീക്ഷിക്കുന്നതിൽ ശ്രദ്ധ വേണം
ഒരിക്കലും ഗ്രഹണ സമയത്ത് സൂര്യനെ നഗ്ന നേത്രങ്ങൾ കൊണ്ട് നോക്കാൻ ശ്രമിക്കരുത്. കാഴ്ച്ച ശക്തി പൂർണ്ണമായി നഷ്ടമാവുന്നതിനോ, നേത്ര സംബന്ധമായ മറ്റു ഗുരുതര പ്രശ്നങ്ങൾക്കോ ഇത് കാരണമായേക്കാം. നഗ്ന നേത്രങ്ങൾ കൊണ്ടോ, സൺ ഗ്ലാസ്സുകളോ, എക്സ്റേ ഫിലിം, പ്ലാസ്റ്റിക് ഫിലിം മുതലായവയിലൂടെയോ, ബൈനോക്കുലർ, ടെലസ്കോപ്പ് എന്നിവയിലൂടെ നേരിട്ടോ ഒരിക്കലും ഗ്രഹണം നിരീക്ഷിക്കാൻ ശ്രമിക്കരുത്.
സൂര്യഗ്രഹണം കാണുവാൻ അനുയോജ്യമായ പ്രത്യേക കണ്ണടകളിലൂടെയോ, പ്രൊജക്ഷന് രീതിയിലൂടെ സൂര്യപ്രകാശം പ്രതിഫലിപ്പിച്ചോ വേണം സൂര്യഗ്രഹണം നിരീക്ഷിക്കുവാൻ.
യു എ എയിൽ ഡിസംബർ 26നു സൂര്യ ഗ്രഹണം എവിടെയെല്ലാം നിരിക്ഷിക്കാം
യു എ ഇ സ്പേസ് ഏജൻസി (UAE Space Agency), അബുദാബി ഇന്റർനാഷണൽ അസ്ട്രോണോമിക്കൽ സെന്ററുമായി (International Astronomical Centre) ചേർന്ന് ലിവ ഹിൽസ് ഹോട്ടൽ (Liwa Hills Hotel, Al Dhafra, Madinat Zayed), തുരായ അസ്ട്രോണോമിക്കൽ ഒബ്സർവേറ്ററിയുമായി (Thuraya Astronomical Observatory) ചേർന്ന് ഖസ്ർ അൽ സരബ് (Qasr Al Sarab Desert Resort), എമിരേറ്റ്സ് മൊബൈൽ ഒബ്സർവേറ്ററിയുമായി (Emirates Mobile Observatory) ചേർന്ന് അബുദാബി മരീന മാൾ (Marina Mall, Abu Dhabi) എന്നിവിടങ്ങളിൽ പൊതുജനങ്ങൾക് ഈ സൂര്യഗ്രഹണത്തെ അടുത്തറിയാൻ അവസരം ഒരുക്കുന്നുണ്ട്.
യു എ എയിൽ അടുത്ത പൂർണ്ണ വലയ സൂര്യഗ്രഹണം ദൃശ്യമാകാൻ 83 വർഷം കാത്തിരിക്കണം.