പൊതുനിരത്തുകളിൽ സുരക്ഷയുടെയും കരുതലിന്റെയും ബാലപാഠങ്ങൾ മറക്കുന്ന നമ്മൾ

Editorial

വിദ്യാഭ്യാസം കൊണ്ടും, ലോക പരിചയം കൊണ്ടും നമ്മൾ മലയാളികൾ മറ്റുള്ളവരെക്കാൾ ബഹുദൂരം മുന്നിലാണ് എന്നത് ഏതൊരു മലയാളിയും അഭിമാനത്തോടെ കരുതുകയും, പങ്കുവെക്കുകയും ചെയ്യുന്ന ഒരു വികാരമാണ്. എന്നാൽ പൊതു ഇടങ്ങളിൽ, പ്രത്യേകിച്ച് പൊതുനിരത്തുകളിൽ മറ്റുള്ളവരോടുള്ള കരുതലിന്റെയും, പരസ്പര ബഹുമാനത്തിന്റെയും, സ്വയം സുരക്ഷിതരാകേണ്ടതിന്റെയും എല്ലാം ബാലപാഠങ്ങൾ പ്രബുദ്ധരായ നമ്മൾ എന്തുകൊണ്ടോ മറന്നു പോകുന്നു.

ഒരു നിമിഷത്തെ ആരുടെയൊക്കെയോ അശ്രദ്ധയാലും അഹങ്കാരത്താലും ദിനംപ്രതി നമ്മുടെ റോഡുകളിൽ ചിന്തുന്ന രക്തത്തിന്റെയും, പൊലിയുന്ന ജീവനുകളുടെയും, ആ ജീവനുകളുമായി ബന്ധപ്പെട്ട് വീണുടയുന്ന കുടംബങ്ങളുടെയും, കണ്ണീരിന്റെയും ഞെട്ടിപ്പിക്കേണ്ട കഥകൾ, നമ്മളെ ഇന്ന് മാനസികമായി ഒന്ന് ചെറുതായി പോലും കുത്തിനോവിക്കാത്ത അത്രയും നിസംഗതയോടെ കേൾക്കാനും, മറക്കാനും മലയാളി പഠിച്ചെടുത്തോ? നമ്മുടെ റോഡുകളിൽ ദിവസവും പെരുകിവരുന്ന വാഹനാപകടങ്ങളുടെ കണക്കുകൾ അങ്ങിനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്. റോഡിലെ ഒരു ദാരുണമായ അപകടത്തിന്റെ വാർത്ത കേൾക്കുന്ന ആ ഒരു വേളയിൽ മാത്രം തോന്നുന്ന, സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള ആവലാതികളും, ഏതാനം മണിക്കൂർ മാത്രം നീളുന്ന അവയുടെ കാരണങ്ങൾ വിശകലനം ചെയ്തുകൊണ്ടുള്ള ചർച്ചകളും, അധികാരികളുടെ സ്ഥിരം ഒറ്റമൂലിയായ ‘ശക്തമായ നടപടികളും‘ അല്ലാതെ, നമ്മൾ മലയാളികൾക്ക് വാഹനാപകടങ്ങളുടെ നിരക്ക് ആത്മാർത്ഥമായി കുറച്ച്കൊണ്ട് വരുന്നതിനു എന്ത് ചെയ്യാം എന്നത് പ്രവാസികളുടെ ഇടയിലെങ്കിലും ചർച്ച ചെയേണ്ട ഒരു വിഷയമാണ്.

വാഹനാപകടങ്ങൾ എല്ലാം അശ്രദ്ധകൊണ്ട് ഉണ്ടാകുന്നതാണ് എന്ന തെറ്റിദ്ധാരണയല്ല ഈ കുറിപ്പിനാധാരം. എത്ര സുരക്ഷാ മാനദണ്ഡങ്ങളും, റോഡ് സേഫ്റ്റി നടപടികളും കൊണ്ടുവന്നാലും റോഡിൽ അപകടങ്ങൾ ഉണ്ടാകാം.എങ്കിലും വാഹനം ഓടിക്കുന്നവരിൽ ചില ചെറിയ സുരക്ഷാ ചിന്തകൾ, സുരക്ഷാ അവബോധങ്ങൾ, സമൂഹത്തോടുള്ള ഉത്തരവാദിത്വബോധം എന്നിവ കൊണ്ടുവരാൻ കഴിയുമെങ്കിൽ തീർച്ചയായും അപകടങ്ങളുടെ തോത് കുറച്ചുകൊണ്ടുവരാൻ കഴിയും. ഇത് ഏറ്റവും അറിയുന്നത് നമ്മൾ പ്രവാസികൾക്കാണ്. പ്രവാസജീവിതത്തിന്റെ ഭാഗമായി ദിനംപ്രതി നമ്മൾ വസിക്കുന്ന രാജ്യങ്ങളിലെ പൊതുനിരത്തുകളിലെ അച്ചടക്കം, ഉത്തരവാദിത്വം, നിയമസംവിധാനങ്ങളോടുള്ള പേടി കലർന്ന ബഹുമാനം, സുരക്ഷാ മാനദണ്ഡങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, എന്നിവയെല്ലാം നാം പ്രവാസികൾ കാണുന്നു. ഇത്തരം ഘടകങ്ങള്‍ ഈ രാജ്യങ്ങളിലെ പൊതുനിരത്തുകളിലെ അപകടനിരക്കുകളിൽ ഓരോ വർഷവും ഉണ്ടാക്കുന്ന കുറവിനെ പറ്റി നാം വായിക്കുന്നു. ഈ സംവിധാനങ്ങളും, ചിന്താഗതിയും കേരളത്തിലും വേണ്ടതാണ് എന്ന് ആഗ്രഹിക്കാത്ത ഒരു മലയാളി ഉണ്ടാകുമോ? സംശയമാണ്.

ഒരു സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിൽ, ജീവൻ കയ്യിൽ പിടിച്ച് കൊണ്ട് അനുഷ്ഠിക്കേണ്ട സാഹസിക പ്രവർത്തികളായി വാഹനം ഓടിക്കുന്നതും, റോഡ് മുറിച്ച് കടക്കുന്നതും, നിരത്തുകളിലൂടെ നടക്കുന്നതും എല്ലാം മാറുമ്പോൾ സാമൂഹികമായ ഒരു പ്രശ്നമായി അത് തീർച്ചയായും മാറുന്നുണ്ട്.

തീർച്ചയായും ഇവിടെയും ഇതെല്ലാം സാധിക്കും. പക്ഷെ പല തട്ടുകളിലായി സമൂലമായ ചില മാറ്റങ്ങൾ അതിനനിവാര്യമാണ്. അത്യന്തം അശാസ്ത്രീയവും, അപകടകരവുമായ റോഡുകൾ, വാഹനങ്ങളുടെ ബാഹുല്യം, റോഡിൽ മരണമൊളിപ്പിച്ച് വെച്ചിട്ടുള്ള പലതരം കുഴികൾ, കാലപ്പഴക്കം കൊണ്ട് ഏതു നിമിഷവും നിയന്ത്രണം തെറ്റിയോടാവുന്ന അപകടങ്ങൾ വിളിച്ച് വരുത്തുന്ന വാഹനങ്ങളുടെ ആധിക്യം, മുന്നറിയിപ്പുകളില്ലാതെ റോഡിൽ തടസ്സം സൃഷ്ടിക്കുന്ന അനേകം ഘടകങ്ങൾ, കാഴ്ചമറയ്ക്കുന്ന ബോർഡുകൾ, കൊടിതോരണങ്ങൾ എന്നിവയെയെല്ലാം ഒരുക്കുന്ന ഭയാവഹകമായ ഡ്രൈവിംഗ് സാഹചര്യങ്ങളിലേക്കാണ് നാം ആ അപകടസാധ്യതകളെ പതിന്മടങ്ങ് വർദ്ധിപ്പിക്കുന്ന അഹന്ത, ശ്രദ്ധയില്ലായ്മ, അറിവില്ലായ്മ, നിയമത്തോടുള്ള പുച്‌ഛം, പരസ്പര ബഹുമാനമില്ലായ്മ എന്നീ ജീവനാശകാരികളായ കൂട്ടാളികളുമായി ചേർന്ന് വാഹനവുമായി ഇറങ്ങുന്നത്. അത്യന്തം ശ്രദ്ധപുലർത്തിയാലും അപകടസാധ്യതകൾ വലിയ തോതിൽ നിലനിൽക്കുന്ന അവസ്ഥ. നാട്ടിലെ ആരോടെങ്കിലും ചോദിച്ച് നോക്കു; എല്ലാവർക്കും കാണും നിർവചിക്കാനാകാത്ത എന്തൊക്കെയോ ഭാഗ്യകാരണങ്ങൾ കൊണ്ട് തലനാരിഴയ്ക്ക് റോഡിലെ അപകടങ്ങളിൽ നിന്ന് ദിനംപ്രതി രക്ഷപ്പെടുന്ന കഥകൾ പങ്കുവയ്ക്കാൻ. ഒരു സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിൽ, ജീവൻ കയ്യിൽ പിടിച്ച് കൊണ്ട് അനുഷ്ഠിക്കേണ്ട സാഹസിക പ്രവർത്തികളായി വാഹനം ഓടിക്കുന്നതും, റോഡ് മുറിച്ച് കടക്കുന്നതും, നിരത്തുകളിലൂടെ നടക്കുന്നതും എല്ലാം മാറുമ്പോൾ സാമൂഹികമായ ഒരു പ്രശ്നമായി അത് തീർച്ചയായും മാറുന്നുണ്ട്.

എന്താണ് ഇത് നിയന്ത്രിക്കാനുള്ള പോംവഴി എന്ന ചിന്തയാണ് ഓരോ അപകടങ്ങൾക്ക് ശേഷമുള്ള ചർച്ചകളിലെല്ലാം പ്രതിഫലിക്കാറുള്ളത് എന്ന് തോന്നിയിട്ടുണ്ട്. അടിയന്തിരമായി ‘അപകടത്തിനിടയാക്കിയ വളവ് നിവർത്തും‘, ‘അപകടത്തിനിടയാക്കിയ, റോഡിലേക്കിറക്കി പണിത കലുങ്കിന്റെ കൈവരി ഉടൻതന്നെ പൊളിച്ച് കളയും‘, ‘കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരും‘, ‘സുരക്ഷാ മാനദണ്ഡങ്ങൾ എന്ത് വിലകൊടുത്തും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും‘ തുടങ്ങിയ പതിവ് ഒറ്റമൂലികളെ നോക്കി അപകടകാരണങ്ങൾ അപ്പോഴും കളിയാക്കി ചിരിച്ച് കൊണ്ട് അവിടെത്തന്നെ നിലനിൽക്കുന്നതാണ് സാധാരണയായി കണ്ടുവരുന്നത്. പോംവഴി തേടാം, അതിൽ ഒരു തെറ്റുമില്ല; പക്ഷെ അവ അപകടകാരണങ്ങൾ എന്താണ് എന്നത് കണ്ടെത്തി അതിനു ഓരോന്നിനും പ്രതിവിധിയാകാൻ ഉതകുന്നതായിരിക്കണമെന്ന് മാത്രം.

പ്രവാസജീവിത കാഴ്ചകളിൽ നിന്ന് തന്നെ നമ്മൾക്കു നാട്ടിൽ നടക്കുന്ന റോഡപകടങ്ങളുടെ കാരണങ്ങൾ കണ്ടെത്താം:

ഓരോ വാഹനവും നിയന്ത്രിക്കുന്നവർ ചെയ്യുന്നത് അത്യന്തം ഉത്തരവാദിത്വമുള്ള പ്രവർത്തിയാണെന്ന ബോധം ഉണ്ടാക്കിയെടുക്കാനായി നിർമ്മിച്ചതായിരിക്കണം ഒരു ഡ്രൈവറെ ലൈസൻസ് നൽകി അതിനു പ്രാപ്തനാകുന്ന നടപടിക്രമങ്ങൾ. വാഹനാപകട നിരക്കുകളിൽ വലിയ കുറവുകൾ കരസ്ഥമാക്കിയ ഓരോ രാജ്യത്തും ഉത്തരവാദിത്വ ബോധമുള്ള ഡ്രൈവർമാരെ സൃഷ്ടിക്കുന്നതിനുള്ള സമഗ്രമായ പദ്ധതികളും പരിശീലന കടമ്പകളും ഉണ്ടാകും. എന്തുകൊണ്ടോ വാഹനങ്ങൾ ഓടിക്കുക എന്നാൽ മുന്നിലുള്ള ഓരോ വാഹനത്തെയും ഒന്നൊന്നായി എങ്ങിനെയെങ്കിലും ഒക്കെ മറികടക്കുക എന്ന മത്സരമാണ് എന്ന് തോന്നിക്കുന്ന പോലുള്ള ഡ്രൈവർമാർ നമ്മുടെ നിരത്തുകളിൽ കൂടുമ്പോൾ നമ്മളുടെ ലൈസൻസിങ് പ്രക്രിയ ഉത്തരവാദിത്വ ബോധം, വാഹനങ്ങളുടെ സാങ്കേതിക അറിവുകൾ, ഓരോ റോഡ് സാഹചര്യങ്ങളും മനസിലാക്കിയുള്ള ഡ്രൈവിംഗ് ശൈലികൾ, അച്ചടക്കം, ശരിയായ റോഡ് നിയമ ബോധം എന്നിങ്ങനെ പലതും ഇല്ലാത്ത ഡ്രൈവർമാരെ സൃഷ്ടിക്കുന്നതിൽ പങ്ക് വഹിക്കുന്നുണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്. നമ്മുടേതായ ഒന്നിനെയും കുറച്ചുകാണിക്കുകയല്ല; എങ്കിലും നമ്മൾക്ക് പല ന്യൂനതകളുമുണ്ടെന്ന് ഉള്ളിലെങ്കിലും സമ്മതിക്കുന്നിടത്തുനിന്ന് മാത്രമേ പുരോഗതിയിലേക്കുള്ള പാത ആരംഭിക്കുന്നുള്ളൂ.

റോഡ് നിയമങ്ങൾ, നിയമ സംവിധാനങ്ങൾ എന്നിവയോടുള്ള അലംഭാവത്തോടെയുള്ള സമീപനനവും, നിയമങ്ങൾ കണിശമായി പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള അജ്ഞതയും നമ്മുടെ പൊതു നിരത്തുകളിൽ ഇന്ന് കണ്ടുവരുന്ന വലിയൊരു ശതമാനം അപകടങ്ങളുടെയും കാരണമാണ്. ശക്തമായ നിയമങ്ങൾ ഇല്ലാത്തതല്ല നമ്മുടെ പ്രശ്നം, അവ അനുസരിക്കാനുള്ള വിമുഖതയും അനുസരിപ്പിക്കാനുള്ള ഇച്ഛാശക്തിയിൽ വന്നിട്ടുള്ള ഗണ്യമായ കുറവും നമ്മൾ തീർച്ചയായും ഇനിയെങ്കിലും നമ്മുടെ പ്രവാസഇടങ്ങളിലെ സാഹചര്യങ്ങളുമായി ഒരു താരതമ്യപഠനത്തിലൂടെ വിശകലനം ചെയ്യേണ്ടത് നാട്ടിലുള്ള നമ്മളുടെ പ്രിയപ്പെട്ടവരുടെ ജീവൻ സുരക്ഷിതമാക്കാൻ അനിവാര്യമാണ്.

ലൈസൻസ് ഇല്ലാത്ത ഒരാൾ റോഡിൽ വാഹനം ഓടിക്കുന്നത് പ്രവാസ സാഹചര്യങ്ങളിൽ ഒന്ന് ആലോചിച്ച് നോക്കുക. ഈ നിയമലംഘനം ചെയ്യുന്നതിന് ഒരുമാതിരിപ്പെട്ട ആർക്കും ധൈര്യം വരുമെന്ന് തോന്നുന്നില്ല. റോഡിൽ വാഹനം ഓടിക്കുന്നത് പോകട്ടെ, പ്രൈവറ്റ് പാർക്കിംഗ് എരിയകളിലോ, അപ്പാർട്മെന്റ് ബിൽഡിങ്ങുകളുടെ അണ്ടർഗ്രൗണ്ട് പാർക്കിങ്ങിടങ്ങളിലോ പോലും ലൈസൻസില്ലാത്തവർ വാഹനങ്ങൾ ഓടിക്കുന്നതോ, റോഡരികിൽ നിർത്തിയിട്ട വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ ലൈസൻസില്ലാത്ത ഒരാളെ ഇരുത്തി പോകുന്നതിനോ പോലും നിയമത്തോടുള്ള ബഹുമാനത്താലും നിയമത്തിലുള്ള അറിവിനാലും ആരും മുതിരാറില്ല.

എന്നാൽ നമ്മളുടെ നാട്ടിലെ സ്‌കൂളുകളുടെ പരിസരങ്ങളിൽ ശക്തമായ എഞ്ചിനുകളോട് കൂടിയ ഇരുചക്രവാഹങ്ങളുമായി സകല നിയമങ്ങളും കാറ്റിൽപറത്തി കൊണ്ട് പ്രായപൂർത്തിയാകാത്ത, ലൈസൻസ് ഇല്ലാത്ത എത്രയോ കുട്ടികൾ റോഡുകളിലൂടെ പായുന്നത് ഒരു നിത്യകാഴ്ചയാണ്. കുട്ടികളിൽ നിന്ന് തുടങ്ങുന്ന നിയമലംഘനം മുതിർന്നവരും പലരീതികളിൽ റോഡിൽ അവതരിപ്പിക്കുന്നു. തന്നെ നിയമം ഒന്ന് തൊടുക പോലും ഇല്ല എന്ന അഹന്തയോടെ. ഓവർലോഡ്, ഇടതുവശം ചേർന്നുള്ള ഓവർടേക്കിങ്, അപകടകരമായ വേഗതയിൽ ഉള്ള ഡ്രൈവിംഗ്, തിരിവുകളിൽ പോലും എതിർദിശയിലേക്ക് കയറി വാഹനമോടിക്കുന്നത്, മത്സരബുദ്ധിയോടെയുള്ള ഡ്രൈവിംഗ്, മനപ്പൂർവം അപകടം വരുത്താനുറച്ചുള്ള വലിയ വാഹനങ്ങളുടെ റോഡിലെ അഭ്യാസങ്ങൾ, ട്രാഫിക് ലൈറ്റുകളെ നോക്കുകുത്തിയാക്കി സിഗ്നലുകൾ മറികടന്നുള്ള കുതിപ്പുകൾ തുടങ്ങി മറ്റുള്ളവർക്കും തങ്ങൾക്കും ജീവഹാനി വരുത്തുന്ന – എല്ലാ ജീവിവർഗ്ഗങ്ങളിലും കാണുന്ന സ്വയംസംരക്ഷണം പ്രധാനം എന്ന ജനിതക സവിശേഷതയെ പോലും മുറിച്ചു മാറ്റി എന്ന് തോന്നുന്ന തരത്തിലുള്ള – ഡ്രൈവിംഗ് ശൈലികൾ ചെറിയ നിയമലംഘനങ്ങളായി ഒതുങ്ങി നിൽക്കുന്നു. “തട്ടിയിട്ട് പോയാലും എനിക്ക് ഇത്രയേ ഉള്ളൂ” എന്ന് മറ്റൊരു വാഹനത്തിലെ ഡ്രൈവറോട് തന്റെ തെറ്റിനെ ന്യായികരിച്ച് കൊണ്ട് ആക്രോശിക്കാൻ റോഡിൽ നമ്മൾക്ക് ധൈര്യം വരുന്നത് എന്ത് കൊണ്ടാണ്? നിസാര ശിക്ഷകൾ, അവ പോലും കൃത്യമായി നടപ്പിലാക്കുന്നതിലുള്ള വീഴ്ചകൾ, മരണത്തിലേക്ക് നയിക്കുന്ന അപകടങ്ങൾ വരുത്തുന്നവർ പോലും വീണ്ടും വാഹനങ്ങളുമായി നിരത്തുകളിലേക്ക് എളുപ്പത്തിൽ തിരികെയെത്തുന്നത്, തുടങ്ങി കാരണങ്ങൾ ഒരുപാടുണ്ട്.

കൃത്യമായ നിയമങ്ങൾ, നിയമലംഘനങ്ങൾക്ക് കൃത്യമായ പിഴ ശിക്ഷകൾ, ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള മറ്റു നടപടികൾ തുടങ്ങി പരിഹാര നടപടികൾ ഏറെ നിലവിലുണ്ട്. എന്നിട്ടും കാര്യങ്ങൾ ഇങ്ങിനെയൊക്കെത്തന്നെ തുടരുന്നു. ജനങ്ങളുടെ ചിന്താഗതിയിൽ മാറ്റം വരാതെ ഇവ നേരെയാക്കിയെടുക്കുന്നത് അധികാരികൾക്കും എളുപ്പമുള്ള കാര്യമല്ല.

ഈ കുറിപ്പിലൂടെ ഒരു സമൂഹം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയിൽ ചെറുതായി പോലും മാറ്റങ്ങൾ വരുത്തിക്കളയാം എന്ന് അല്പം പോലും കരുതുന്നില്ല. ഇത് വായിക്കുന്ന പ്രവാസികളിൽ ഒരാളെങ്കിലും അയാൾക്ക് നാട്ടിൽ പ്രിയപ്പെട്ട ഒരാളോടെങ്കിലും പൊതുനിരത്തിലെ ചുമതലകളും, ഉത്തരവാദിത്വവും അതിലുപരി അവരെപ്പറ്റി കരുതുന്നവർ അവരെ കാത്തിരിക്കുന്നുണ്ടെന്നും ഉള്ള ആശയം പങ്കുവെച്ചാൽ നല്ല മാറ്റത്തിലേക്കുള്ള ഒരു മണൽത്തരിയോളം വലിപ്പമുള്ള പ്രവർത്തിയുടെ ഒരു തുടക്കമാകട്ടെ അത് എന്ന പ്രാർത്ഥന മാത്രം.

പ്രവാസി ഡെയ്‌ലി എഡിറ്റോറിയൽ

Leave a Reply

Your email address will not be published. Required fields are marked *