പൊതുവിദ്യാലയങ്ങളിൽനിന്ന് കുട്ടികൾ കൊഴിഞ്ഞുപോകുകയല്ല, കൂടുതലായി എത്തുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനമാകെ പൊതുവിദ്യാലയങ്ങൾ വലിയതോതിൽ മാറുന്നതിന്റെ തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു. മാരായമുട്ടം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി നിർമിച്ച അന്തർദേശീയ നിലവാരത്തിലുള്ള പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ വിദ്യാലങ്ങളിലുണ്ടാകുന്ന മാറ്റം വിദ്യാർഥികളും രക്ഷിതാക്കളുമുൾപ്പെടെ നാടിനാകെ ബോധ്യമായി. അക്കാദമിക മാസ്റ്റർ പ്ലാൻ അധിഷ്ഠിതമായാണ് വിദ്യാലയങ്ങളിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്നത്. പുതിയ സാഹചര്യത്തിൽ അധ്യാപകരും വലിയതോതിൽ മാറി. ഇതിന്റെ ഗുണഫലം ആത്യന്തികമായി വിദ്യാർഥികൾക്ക് ലഭിക്കുന്നെന്ന് അധ്യാപകർ ഉറപ്പാക്കണം.
അക്കാദമികരംഗം മാത്രമല്ല സ്കൂൾ മേളകളും കലാ, കായിക, ശാസ്ത്ര ഉത്സവങ്ങളായി മാറി. മാതൃഭാഷ പോലെ ഹിന്ദിയും ഇംഗ്ളീഷും ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ വിദ്യാർഥികളെ പ്രാപ്തരാക്കാനാണ് ശ്രമം. പുസ്തകങ്ങൾക്കൊപ്പം പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം എന്ന ചിന്ത കുട്ടികളിൽ വളർത്താൻ ജൈവവിദ്യാലയങ്ങളൊരുക്കി. ഐ.ടി അധിഷ്ഠിത പഠനപ്രക്രിയക്ക് വലിയ പ്രോത്സാഹനം നൽകി. പാഠപുസ്തകം വൈകുന്ന നില ഇപ്പോഴില്ല. അടുത്ത അധ്യയനവർഷത്തേക്കുള്ള പുസ്തകങ്ങൾ ഇതിനകം വിതരണം തുടങ്ങി. കുട്ടികൾ സ്കൂളിലേക്ക് കൊണ്ടുവരുന്ന പുസ്തകങ്ങളുടെ ഭാരം കുറയ്ക്കാൻ പുസ്തകങ്ങൾ മൂന്നു വാല്യങ്ങളാക്കി. വിദ്യാഭ്യാസമേഖലയിൽ മുമ്പെങ്ങുമില്ലാത്ത പുരോഗതി സൃഷ്ടിക്കാനായതിനാലാണ് വിദ്യാഭ്യാസ സൂചികയിൽ കേരളം രാജ്യത്ത് ഒന്നാമതെത്തിയത്. നാളത്തെ തലമുറയോടുള്ള കരുതലാണ് ഈ നടപടികൾ. 150 വർഷത്തിലേറെ പാരമ്പര്യമുള്ള മാരായമുട്ടം സ്കൂൾ പുതിയ സംവിധാനങ്ങളോടെ ഇനിയും ഉയരങ്ങളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് പ്രൊഫ: വി. മധുസൂദനൻ നായരെ ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു. ചടങ്ങിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.ആൻസലൻ എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. സുജാതകുമാരി, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഐ.ആർ. സുനിത, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. സി.എസ്. ഗീതാ രാജശേഖരൻ, ജില്ലാ പഞ്ചായത്തംഗം എസ്.കെ. ബെൻ ഡാർവിൻ, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. സജയൻ, ബ്ളോക്ക് പഞ്ചായത്തംഗം ജി. അജയകുമാർ, പഞ്ചായത്തംഗം പി. ശ്രീധരൻ നായർ, സ്കൂൾ പ്രിൻസിപ്പൽ അംബിക മേബൽ ടി.സി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
സർക്കാർ ഫണ്ടും എം.എൽ.എ ആസ്തി വികസന ഫണ്ടും സമന്വയിപ്പിച്ച് ആറ് കോടി രൂപ ചെലവഴിച്ചാണ് സ്കൂൾ മന്ദിര നിർമാണം പൂർത്തിയാക്കിയത്. 30,000 സ്ക്വയർ ഫീറ്റിലായി നിർമ്മിച്ച ബഹുനില മന്ദിരത്തിൽ 18 ക്ലാസ് മുറികളുണ്ട്. ഡൈനിംഗ് ഹാൾ, അടുക്കള, സിക്ക് റൂം, സ്റ്റോർ റൂം, ശുചിമുറി, രണ്ട് കമ്പ്യൂട്ടർ ലാബുകൾ, രണ്ട് മൾട്ടിമീഡിയ റൂമുകൾ, രണ്ട് സെമിനാർ ഹാളുകൾ, മൂന്ന് സയൻസ് ലാബുകൾ, ഓഫീസ് സമുച്ചയം, ടോയ്ലറ്റ് ബ്ലോക്ക്, ഓപ്പൺ ഓഡിറ്റോറിയം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസുകളിലും ക്ലാസ് റൂം ലൈബ്രറികൾ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ എൽ.പി വിഭാഗത്തിൽ ഒരു കോടി രൂപ ചെലവിൽ കെട്ടിടം നിർമ്മാണം പുരോഗമിക്കുകയാണ്. നെയ്യാറ്റിൻകര പെരുങ്കടവിള പഞ്ചായത്തിലുള്ള സ്കൂൾ 1957ലാണ് ഹൈസ്കൂളായത്. തുടർന്ന് 2001ൽ ഹയർസെക്കൻഡറി വിഭാഗവും ആരംഭിച്ചു.