പൊതു ഇടങ്ങളിലെ പരസ്യങ്ങൾക്ക് ദുബായിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തുന്നു

GCC News

ദുബായിലെ പൊതു ഇടങ്ങളുടെ മനോഹാരിതയ്ക്ക് കോട്ടം വരുത്തുന്ന അടുക്കും ചിട്ടയുമില്ലാത്ത പരസ്യങ്ങൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനുള്ള ഉത്തരവ് ഫെബ്രുവരി 25, ചൊവാഴ്ച്ച, യു എ ഇ വൈസ് പ്രസിഡന്റും, പ്രധാന മന്ത്രിയുമായ ഹിസ് ഹൈനെസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തിറക്കി. ഈ ഉത്തരവ് പ്രകാരം ഇനി മുതൽ പൊതു ഇടങ്ങളിൽ പരസ്യങ്ങൾ പതിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും മുൻകൂട്ടി അനുമതിപത്രം നേടിയിരിക്കണം. നഗര സൗന്ദര്യം സംരക്ഷിക്കുന്നതിനും, ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കുന്നതിനും, പൊതുഇടങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയന്ത്രിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഈ പുതിയ നിയന്ത്രണങ്ങൾ.

ഈ പുതിയ ഉത്തരവ് താമസിയാതെ നിയമമാകുന്നതോടെ സർക്കാർ നിശ്ചയിച്ച വകുപ്പുകളിൽ നിന്ന് മുൻകൂട്ടി അനുമതി ലഭിച്ച സേവനദാതാക്കൾക്ക് മാത്രമേ പൊതു ഇടങ്ങളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി ലഭിക്കൂ. അനുമതിപത്രത്തിലെ വിവരങ്ങൾക്ക് അനുസൃതമായിരിക്കും ഓരോ പരസ്യങ്ങളുടെയും അനുവദനീയമായ വലിപ്പം, ഇടം, പ്രദർശന ദൈർഘ്യം എന്നിവ തീരുമാനിക്കുക. പ്രൈവറ്റ് ഡെവലപ്പ്മെന്റ് സോണുകൾ, ഫ്രീ സോണുകൾ തുടങ്ങി ദുബായിലെ മുഴുവൻ ഇടങ്ങളിലെയും പരസ്യങ്ങൾ ഇനി മുതൽ ഈ പുതിയ ചട്ടങ്ങൾക്ക് വിധേയമായിട്ടായിരിക്കും.

ദുബായ് മുൻസിപ്പാലിറ്റി, റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി, ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്പ്മെന്റ്, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി, ദുബായ് മാരിടൈം സിറ്റി അതോറിറ്റി, ഓരോ പ്രൈവറ്റ് ഡെവലപ്പ്മെന്റ് സോണുകളുടെയും, ഫ്രീ സോണുകളുടെയും അധികാരികൾ തുടങ്ങിയവർക്കായിരിക്കും അവരവർക്ക് നിയമാധികാരമുള്ള ഇടങ്ങളിൽ പരസ്യങ്ങൾക്കുള്ള അനുമതി നൽകാൻ അധികാരമുണ്ടായിരിക്കുക. ഈ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ദുബായ് മുൻസിപ്പാലിറ്റിയായിരിക്കും പുറത്തിറക്കുക. പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചവർ ഈ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും, പരസ്യത്തിന് അനുവദിച്ച കാലാവധിക്ക് ശേഷം അവ നീക്കം ചെയ്യുകയും, പരസ്യം പ്രദർശിപ്പിച്ചിരുന്നയിടം അതിന്റെ പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരികയും വേണം.

ഈ ഉത്തരവ് പ്രകാരം ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ, പ്രാർത്ഥനായിടങ്ങൾ, ശ്മശാനങ്ങൾ, ട്രാഫിക് ലൈറ്റുകൾ, ട്രാഫിക് ബോർഡുകൾ, സർക്കാർ കെട്ടിടങ്ങൾ, മരങ്ങൾ, മിലിട്ടറിയുടെ അധീനതയിലുള്ള പ്രദേശങ്ങൾ, പാര്‍പ്പിടങ്ങൾ, മറ്റു നിയന്ത്രിത പ്രദേശങ്ങൾ എന്നിവിടങ്ങളിലൊന്നും പരസ്യങ്ങൾ അനുവദനീയമായിരിക്കില്ല. നിയമലംഘകരെ പിഴയടക്കമുള്ള ശിക്ഷാനടപടികൾക്ക് വിധേയരാകുന്നതായിരിക്കും.