ഫെയ്‌സ് മാസ്‌ക്കിനും സാനിറ്റൈറിസിനും കൃത്രിമക്ഷാമം ഉണ്ടാക്കരുത്

Kerala News

സംസ്ഥാനത്ത് കൊറോണ വൈറസ്സ് ബാധിച്ചിട്ടുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഫെയ്‌സ് മാസ്‌ക്ക്, ഹാൻഡ് സാനിറ്റൈസർ എന്നീ ഉൽപ്പന്നങ്ങൾക്ക് മരുന്നു വ്യാപാരികൾ, കൃത്രിമക്ഷാമം ഉണ്ടാക്കുകയോ, അമിതവില ഈടാക്കാനോ പാടില്ലെന്നും ഇത്തരത്തിൽ പരാതി ലഭിച്ചാൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ മുന്നറിയിപ്പ് നൽകി.

മാസ്‌ക്കുകൾക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തും: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

മാസ്‌ക്കുകൾക്കും സാനിറ്ററൈസറുകൾക്കും അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ റെയ്ഡ് ഉൾപ്പെടെ ശക്തമായ നടപടിയെടുക്കാൻ ഡ്രഗ്‌സ് കൺട്രോളർക്ക് നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ മാസ്‌ക്കുകൾക്കും സാനിറ്ററൈസറുകൾക്കും അമിതവില ഈടാക്കുന്നത് ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഔഷധ വ്യാപാര രംഗത്ത് ഇത്തരം പ്രവണതകൾ അംഗീകരിക്കാൻ സാധിക്കില്ല. സംസ്ഥാനത്തെ എല്ലാ ഔഷധവ്യാപാര സ്ഥാപനങ്ങളും നീതിയുക്തമായ രീതിയിൽ വിപണനം നടത്തുന്നതിന് കർശന നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.