മാതൃത്വമേകും മാതൃഭാഷ..

Editorial

ഇന്ന് (ഫെബ്രുവരി 21 ) ലോക മാതൃഭാഷ ദിനം. നാം ലോകത്തിന്റെ ഏത് കോണിലാണെങ്കിലും അമ്മയുടെ ശബ്ദം പോലെ നമുക്കുള്ളിൽ കരുതലിന്റെ നനവേകുന്ന ഒന്നാണ് നമ്മുടെ മാതൃഭാഷ. ലോകമെമ്പാടും ഈ ചിന്ത ഒരുപോലെയാണെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. അപരിചിതമായൊരിടത്ത് ഒരേ ഭാഷകൾ സംസാരിക്കുന്നവരെ കണ്ടുമുട്ടിയാൽ ലഭിക്കുന്ന ഒരാശ്വാസവും വിശ്വാസവും വളരെ വലുതാണെന്ന് കണക്കാക്കാം. നാം എത്ര ഉയർത്തിലെത്തിയാലും, മറ്റു ഭാഷകളിൽ പ്രാവീണ്യം നേടിയാലും ചിന്തകളിൽ നാം മാതൃഭാഷയെ കൂട്ടുപിടിക്കുന്നു എന്നത് നമ്മൾ അറിയാതെ പോലും മാതൃഭാഷയെ അത്രമേൽ സ്നേഹിക്കുന്നു എന്നതിന് തെളിവായി കാണാനാകും.

പലപ്പോഴും മാതൃഭാഷയേയും, ഭാഷാശുദ്ധിയേയും നാം ഇടകലർത്തി കാണാൻ ശ്രമിക്കുന്നുണ്ടെന്ന് തോന്നിയിട്ടുണ്ട്. രണ്ടും രണ്ടാണെങ്കിലും പലപ്പോഴും ഇത്തരത്തിലുള്ള ഇടകലർത്തലുകൾ വിമർശനത്തിനും വഴിയേകുന്നു. മാതൃഭാഷയോടുള്ള സ്നേഹം മനസ്സിലാക്കണമെങ്കിൽ ഒരു സാഹചര്യം പറയാം, നിങ്ങൾ നാടുവിട്ട് വിദേശ രാജ്യത്ത് കഴിയുകയാണെന്ന് കരുതുക, ഒരു വൈകുന്നേരം ഒരു സായിപ്പുമായി നടക്കാനിറങ്ങി എന്നും കരുതുക, പരസ്പ്പരം സംസാരിച്ച് നടക്കുന്നതിനിടയിൽ നിങ്ങളുടെ കാലിൽ ഒരു മുള്ളുതട്ടിയെന്നുകൂടി കരുതുക, ആദ്യം “ഓ! ഔച്ച്” എന്ന് പറയുമെങ്കിലും മനസ്സിൽ “ഹമ്മേ! എന്തൊരു കടച്ചിലാണ്” “മുള്ളിന്‌ വന്നു കിടക്കാൻ കണ്ട സ്ഥലം” എന്നൊക്കെയുള്ള ചിന്തകൾ നമ്മുടെ മനസ്സിൽ തെളിയുന്നത് നമ്മുടെ സ്വന്തം മാതൃഭാഷയിലായിരിക്കും. സായിപ്പിനും ഇതുപോലെതന്നെയാണ്, അവരവരുടെ മാതൃഭാഷയിലായിരിക്കും വികാരങ്ങൾ പലപ്പോഴും സംസാരിക്കുന്നത് എന്ന് പറയുന്നതുപോലെ സ്വന്തം മാതൃഭാഷയെ നാം മറന്നുപോയാലും പലപ്പോഴും സാഹചര്യങ്ങളിലൂടെ അവ നമുക്കരികിലെത്തുന്നു.

എന്തുകൊണ്ട് മാതൃഭാഷയ്ക്കൊരു ദിനം?

ഭാഷകൾ എന്നത് ഒരു സംസ്ക്കാരത്തിന്റെ ആവരണമാണ്. നമ്മുടെ പൈതൃകത്തെയും സംസ്കാരത്തെയും വിശാല ലോകവുമായി ബന്ധിപ്പിക്കുന്നതിനോടൊപ്പം, തനത് ഭാഷയിൽ വരുന്ന മാറ്റങ്ങൾ, അല്ലങ്കിൽ മണ്മറഞ്ഞുപോകുന്ന സംസ്കാരങ്ങൾ ഇതെല്ലം ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ഐക്യരാഷ്ട്രസഭ 2000 ഫെബ്രുവരി 21-ന് തിയതി ലോക മാതൃഭാഷ ദിനമായി ആചരിക്കാൻ തീരുമാനമെടുത്തു. തനത് ഭാഷയിലുള്ള വിശ്വാസവും, പൈതൃക സൂക്ഷിപ്പിനും വേണ്ടി ലോക രാജ്യങ്ങൾ കൈകോർത്ത് ആ തീരുമാനത്തോടൊപ്പം ചേർന്ന് നിന്നു. പുരോഗമന സിദ്ധാന്തങ്ങളിൽ പലപ്പോഴും പല സംസ്കാരങ്ങളും, ഭാഷകളും മണ്മറഞ്ഞുപോയിട്ടുണ്ട്. പലയിടങ്ങളിലും ആദിവാസി ഗോത്രഭാഷകൾ നാം നടത്തുന്ന കാടിന്റെ മക്കളെ പുരോഗമനത്തിലേക്കെത്തിക്കുന്നതിനിടയിൽ ഇല്ലാതായിരിക്കുന്നു. അവർ പറയുന്നത് അവരുടെ ഭാഷയിൽ മനസ്സിലാക്കാൻ ശ്രമിക്കാതെ, അവരും തങ്ങൾക്ക് മനസ്സിലാവുന്ന ഭാഷ സംസാരിച്ചാൽ മതി എന്ന നിർബന്ധ ബുദ്ധി നമുക്കിവിടെ പൈതൃക ഭാഷാ ശോഷണത്തിൻറെ അടയാളമായി കാണാനാകും.

ഈ വർഷത്തെ മാതൃ ഭാഷാ ദിനം മുന്നോട്ടുവയ്ക്കുന്ന ആശയമായ “അതിരുകളില്ലാത്ത ഭാഷകൾ” എന്ന ചിന്ത നാം വളരെ സ്നേഹപൂർവ്വം മനസ്സിലാക്കേണ്ടുന്ന ഒന്നാണ്. എത്ര മാത്രം നാം മറ്റൊരുഭാഷയെ കൈകാര്യം ചെയ്യുന്നതിൽ അഭിമാനിക്കുന്നുവോ അതിലും ഒരു പടി മുകളിൽ നമ്മുടെ മാതൃഭാഷയെ സ്‌നേഹിക്കേണ്ടതു ഒരു അനിവാര്യതയാണ് . മണ്മറഞ്ഞു പോയ പല പൈതൃക പ്രതീകങ്ങളും നമ്മുടെ അശ്രദ്ധകൊണ്ട്, അല്ലങ്കിൽ വിലകല്പിക്കാത്ത കാഴ്ചപാടുകൾ കൊണ്ട് സംഭവിക്കുന്ന ഒന്നാണെന്ന് തിരിച്ചറിയാനും ഈ ദിനം ഓർമ്മിപ്പിക്കുന്നു.

അമ്മയെന്നാൽ സ്നേഹമെന്നർത്ഥം…
മറക്കുകില്ലൊരിക്കലുമെൻ മാതൃഭാഷയും…

ഈ വരികൾ പോലും അതിൻറെ ശരിയായ വൈകാരിക അർത്ഥത്തിൽ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നത് അമ്മ നമുക്ക് പകർന്നു തന്ന സ്നേഹം പോലെ മാതൃഭാഷ നമ്മുടെ മനസ്സുകൾക്ക് പകർന്നു തരുന്ന സാന്ത്വനത്തിലൂടെയാണെന്നു കരുതാം.

ഏവർക്കും പ്രവാസി ഡെയ്‌ലിയുടെയും, പ്രവാസി ഭാരതി 1539 AM കുടുംബത്തിന്റെയും ആശംസകൾ…

പ്രവാസി ഡെയ്‌ലി എഡിറ്റോറിയൽ