യു എ ഇയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് 8 മുതൽ നാലാഴ്ച്ച അവധി

Family & Lifestyle GCC News

കൊറോണാ വൈറസ് ബാധ പടരാതിരിക്കാനുള്ള മുന്‍കരുതലായുള്ള നടപടികളുടെ ഭാഗമായി യു എ ഇയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് 8, ഞായറാഴ്ച്ച മുതൽ 4 ആഴ്ചത്തേയ്ക്ക് അവധി നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പൊതു വിദ്യാഭ്യാസ രംഗത്തെയും, സ്വകാര്യ വിദ്യാഭ്യാസ രംഗത്തെയും സ്‌കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം ഈ തീരുമാനം ബാധകമാക്കിയിട്ടുണ്ട്.

മാർച്ച് 15 മുതൽ 3 ആഴ്ചത്തേയ്ക്ക് ആരംഭിക്കാനിരുന്ന അവധിയാണ് ഇപ്പോൾ നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് നേരത്തെയാക്കിയിട്ടുള്ളത്. ഈ ഇടവേളയിൽ സ്‌കൂളുകളിൽ അണുനശീകരണം മുൻനിർത്തിയുള്ള കർശനമായ ശുചീകരണപ്രക്രിയകൾ കൈക്കൊള്ളുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതലുകളുടെയും പ്രതിരോധനടപടികളുടെയും ഭാഗമായാണ് ഈ തീരുമാനം എന്നും, രാജ്യവ്യാപകമായി യു എ ഇ കൈകൊണ്ടുവരുന്ന Covid-19 വ്യാപനം തടയുന്നതിനുള്ള പ്രവർത്തനകൾക്കനുസൃതമായാണ് ഈ നടപടി എന്നും മന്ത്രലയം കൂട്ടിച്ചേർത്തു. സ്‌കൂളുകളിലൂടെയും യൂണിവേഴ്സിറ്റികളിലൂടെയും രോഗം പകരുന്നതിനുള്ള സാഹചര്യം ഒഴിവാക്കാനായാണ് ഇങ്ങിനെ ഒരു തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.

പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിനു കീഴിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവധിക്കാലത്തിന്റെ അവസാനത്തെ രണ്ടാഴ്ച്ച വിദ്യാർത്ഥികൾക്കായി പഠനം തുടരുന്നതിനായി വിദൂര വിദ്യാഭ്യാസ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രലയം അറിയിച്ചിട്ടുണ്ട്. സ്വാകാര്യ വിദ്യാഭ്യാസ സ്ഥാപങ്ങളോട് അവരുടെ വിദൂര വിദ്യാഭ്യാസ നടപടികൾ വിദ്യാര്ഥികളോടും രക്ഷിതാക്കളോടും പങ്കുവെക്കാനും അറിയിപ്പിൽ പറയുന്നുണ്ട്.

1 thought on “യു എ ഇയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് 8 മുതൽ നാലാഴ്ച്ച അവധി

Comments are closed.