യു എ ഇയിൽ ഒരാൾക്ക് കൂടി കൊറോണാ വൈറസ് ബാധ (Covid-19) സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഞായറാഴ്ച്ച അറിയിച്ചു. യു എ ഇയിൽ നിന്ന് രോഗം സ്ഥിരീകരിക്കപ്പെടുന്ന ഒമ്പതാമത്തെ Covid-19 രോഗിയാണിത്. ഇതിൽ മൂന്നു പേർ സൂക്ഷ്മനിരീക്ഷണങ്ങൾക്കും ചികിത്സകൾക്കും ശേഷം കഴിഞ്ഞ ദിവസങ്ങളിൽ പൂർണ്ണമായി രോഗമുക്തി നേടിയിരുന്നു.
ചൈനീസ് വംശജനായ 37-കാരണാണ് ഇപ്പോൾ പുതുതായി വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ഇദ്ദേഹമടക്കം രാജ്യത്ത് Covid-19 ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന ആറുപേർക്കും വേണ്ട എല്ലാ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും ലഭ്യമാക്കിയതായും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.
രാജ്യത്ത് Covid-19 പടരാതിരിക്കാനുള്ള എല്ലാ പ്രതിരോധനടപടികളും കൈകൊണ്ടതായും വൈറസ് ബാധ കണ്ടെത്തുന്നതിനുവേണ്ട എല്ലാ സൂക്ഷമനിരീക്ഷണ സംവിധാനങ്ങളും നിലവിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നതായും അധികൃതർ അറിയിച്ചു. ജനങ്ങൾ ഈ രോഗബാധയെക്കുറിച്ച് ബോധവാന്മാരാകണമെന്നും ഇതിനായി ആരോഗ്യമന്ത്രാലയം അവരുടെ വെബ്‌സൈറ്റിൽ പുറത്തിറക്കിയിട്ടുള്ള Covid-19 അവബോധകുറിപ്പുകൾ വായിച്ച് പ്രതിരോധ നടപടികൾ പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.