യു എ ഇയിൽ പുതുതായി ആറു പേർക്ക് കൂടി Covid-19 സ്ഥിരീകരിച്ചതായി വ്യാഴാഴ്ച്ച ആരോഗ്യ സുരക്ഷാ മന്ത്രാലയം അറിയിച്ചു. കൊറോണാ ബാധ കണ്ടെത്തുന്നതിനായി യു എ ഇയിൽ നടപ്പാക്കിയിട്ടുള്ള സൂക്ഷ്മനിരീക്ഷണ സംവിധാനങ്ങളിലൂടെയാണ് ഈ 6 കൊറോണാ വൈറസ് രോഗ ബാധകളും കണ്ടെത്തിയിട്ടുള്ളത്. 4 ഇറാൻ പൗരന്മാർക്കും, ചൈന, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പേർക്കുമാണ് ഇപ്പോൾ രോഗം കണ്ടെത്തിയിട്ടുള്ളത്. ഇവരെല്ലാം ഇറാനിൽ നിന്ന് യാത്ര വിലക്കുകൾ നിലവിൽ വരുന്നതിനു മുന്നേ രാജ്യത്തേക്ക് യാത്ര ചെയ്ത് എത്തിയവരെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇതിനോടൊപ്പം ഇറക്കിയ ഒരു അറിയിപ്പിലൂടെ രാജ്യത്ത് കൊറോണാ വൈറസ് ബാധിച്ച് ചികത്സയിൽ ഇരുന്നിരുന്ന രണ്ട് പേര് കൂടി രോഗബാധയിൽ നിന്ന് മുക്തരായതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്ത് നിന്ന് റിപ്പോർട്ട് ചെയ്ത ആദ്യ കൊറോണാ വൈറസ് കേസിലെ രോഗികളായിരുന്ന ചൈനീസ് കുടുംബത്തിലെ 36 കാരണാണ് ഇപ്പോൾ പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടുള്ളത്. 37 കാരനായ മറ്റൊരു ചൈനീസ് പൗരനും സുഖം പ്രാപിച്ചവരിൽ ഉൾപ്പെടുന്നു.
ഇതോടെ യു എ എയിൽ നിന്ന് ഇതുവരെ 19 പേർക്ക് Covid-19 റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ അഞ്ച് പേർ ഇതുവരെ പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയിരുന്ന 28 പേരെ സൂക്ഷമനിരീക്ഷണങ്ങൾക്ക് വിധേയരാക്കിയതായും രോഗം പ്രതിരോധിക്കുന്നതിനും പടരുന്നത് തടയുന്നതിനുമുള്ള എല്ലാ നടപടികളും കൈക്കൊണ്ടതായും മന്ത്രാലയം അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പ്രകാരമുള്ള പ്രതിരോധ നടപടികൾ രാജ്യത്ത് ഊർജ്ജിതമായി നടപ്പിലാക്കിയിട്ടുണ്ട്. രോഗം പകരാതിരിക്കാൻ ജനങ്ങളോട് ശുചിത്വപാലനം ഗൗരവമായി എടുക്കാനും കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകിവൃത്തിയാക്കാനും, മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള കൊറോണാ പതിരോധന അവബോധ കുറിപ്പുകൾ പിന്തുടരാനും അറിയിച്ചിട്ടുണ്ട്.
1 thought on “യു എ ഇ – ആറു പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു”
Comments are closed.