യു എ ഇയിൽ ഒരു ഇന്ത്യൻ പൗരന് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു. ഞായറാഴ്ച്ച രാത്രിയിൽ ഇറക്കിയ ഒരു പത്രകുറിപ്പിലാണ് ആരോഗ്യമന്ത്രാലയം ഈ വിവരം പുറത്തുവിട്ടത്. ഇതോടെ യു എ ഇയിൽ റിപ്പോർട്ട് ചെയ്ത കൊറോണാ ബാധിതരുടെ എണ്ണം എട്ടായി.
പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യൻ പൗരൻ മുന്നേ രോഗം സ്ഥിരീകരിച്ച കൊറോണാ ബാധിതരിൽ ഒരാളുമായി അടുത്തിടപഴകാനിടയായ വ്യക്തിയാണെന്ന് മന്ത്രാലയം അറിയിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
കൊറോണാ ബാധ സ്ഥിരീകരിച്ച 73 കാരിയായ ചൈനീസ് വംശജ കഴിഞ്ഞ ദിവസം പൂർണ്ണ രോഗമുക്തി നേടിയിരുന്നു. വൈറസ് ബാധിച്ച മറ്റുള്ളവരിൽ ഒരാൾ ഒഴികെ എല്ലാവരുടെയും ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്നും, ഒരു രോഗി തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയുടെ ഒരു ആവശ്യവുമില്ലെന്നും രോഗം പടരുന്നത് തടയാനും, ചികിത്സകൾക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങൾ ഒരുക്കാനും വേണ്ട കാര്യങ്ങളെല്ലാം കൃത്യതയോടെ ചെയ്തുവരുന്നതായി മന്ത്രാലയം അറിയിക്കുന്നു.