റെസിഡൻസി വിസയ്ക്കുള്ള വൈദ്യപരിശോധനകൾ എളുപ്പത്തിലാക്കാൻ നൂതന സംവിധാനങ്ങളൊരുക്കി ദുബായ്

GCC News

റെസിഡൻസി വിസയ്ക്കുള്ള വൈദ്യപരിശോധനകൾക്കു വേണ്ടിവരുന്ന സമയത്തിൽ ഗണ്യമായ കുറവ് വരുത്തുന്ന നൂതനമായതും കാര്യക്ഷമതയുള്ളതുമായ വൈദ്യപരിശോധന കേന്ദ്രം ദുബായിൽ പ്രവർത്തനമാരംഭിച്ചു.

ഷെയ്ഖ് ഹംദാൻ വ്യാഴാഴ്ച്ച ഉദ്ഘാടനം ചെയ്ത സാലെം ഇന്റലിജന്റ് സെന്റർ (Salem Intelligent Center) എന്ന വൈദ്യപരിശോധന കേന്ദ്രത്തിൽ വിസാനടപടികളുടെ രെജിസ്ട്രേഷൻ, ആരോഗ്യസ്ഥിതികൾ വിലയിരുത്തുന്ന പരിശോധനകൾ, വിസ അനുവദിക്കൽ എന്നിവയെല്ലാം പൂർത്തിയാക്കാൻ കേവലം 30 മിനിറ്റിനകം സാധിക്കും എന്ന് ഷെയ്ഖ് ഹംദാൻ ട്വിറ്ററിലൂടെ അറിയിച്ചു.

കൃത്രിമബുദ്ധി, അത്യാധുനിക യന്ത്രസംവിധാനങ്ങൾ, അതിനൂതന സാങ്കേതിക വിദ്യകൾ എന്നിവയെല്ലാം ഉപയോഗിച്ചാണ് ഈ പുതിയ വൈദ്യപരിശോധന കേന്ദ്രം പ്രവർത്തനക്ഷമമാക്കിയിട്ടുള്ളത്. ദുബായ് ഹെൽത്ത് അതോറിറ്റിയും GDRFA-യും(General Directorate of Residency and Foreigners Affairs) സംയുക്തമായാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്.