പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും നമ്മൾ വസിക്കുന്ന ഭൂമിയുടെ അതിജീവനത്തിലും വന്യജീവികൾ വലിയ പങ്കുവഹിക്കുന്നു. പരിണാമ പ്രക്രിയയുടെ ഭാഗമായി ഓരോ വർഷവും നിരവധി ജീവിവര്‍ഗ്ഗങ്ങൾ വംശനാശം നേരിടുന്നുണ്ടെങ്കിലും, കഴിഞ്ഞ 100 വർഷത്തിനിടെ തീവ്രമായ വ്യവസായവല്‍ക്കരണം, ജനസംഖ്യാ വർദ്ധനവ്, വിപുലമായ നഗരവത്കരണം, വീണ്ടുവിചാരമില്ലാത്ത പ്രകൃതിചൂഷണം തുടങ്ങി നിരവധിയായ നമ്മൾ മനുഷ്യരുടെ നേരിട്ടുള്ള ഇടപെടലുകൾ മൂലം പ്രകൃതിയിലെ ജീവിവർഗ്ഗങ്ങളുടെ വംശനാശനിരക്കിൽ ഉണ്ടായിട്ടുള്ള വളർച്ച പേടിപ്പെടുത്തുന്നതാണ്.
ഓരോ ദിനവും പക്ഷികൾ, സസ്തനികൾ, മത്സ്യങ്ങൾ, പ്രാണികൾ, ചെടികൾ എന്നിവയെല്ലാം ഉൾപ്പെടുന്ന 100-ഓളം ജീവിവർഗ്ഗങ്ങളാണ് ഇനിയൊരു മടങ്ങിവരവില്ലാത്തതു പോലെ ഈ ലോകത്ത് നിന്ന് തുടച്ചുനീക്കപ്പെടുന്നത്. ഇതിൽ ഭീമമായ ഒരു ശതമാനം വംശനാശങ്ങൾക്കും കാരണം മനുഷ്യസംബന്ധമായ ഇടപെടലുകളാണ്. വിവിധ ആവാസ വ്യവസ്ഥകളുടെ അത്യന്തം ലോലമായ സമതുലനാവസ്ഥയും, പ്രകൃതിയുടെ സുസ്ഥിരതയും ഓരോ ജീവിവർഗ്ഗങ്ങളുടെയും ആരോഗ്യപരമായ അതിജീവനവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ പരിണാമസംബന്ധമായുള്ള വംശനാശനിരക്കിൽ വരുന്ന ഉയർച്ചകൾക്കിടയാക്കുന്ന നമ്മുടെ ഇടപെടലുകളെ നിയന്ത്രിച്ചേ മതിയാകൂ. ഓരോ ജീവിവർഗ്ഗവും തുടച്ചുനീക്കപ്പെടുമ്പോൾ ഭൂമിയിലെ മുഴുവൻ ജീവന്റെയും നിലനില്പിനുള്ള സാധ്യതകൾക്കാണ് ക്ഷയം സംഭവിക്കുന്നത്.
എല്ലാ വർഷവും മാർച്ച് 3-നു യു എൻ ലോക വന്യജീവി ദിനമായി കൊണ്ടാടുന്നത് തന്നെ ലോകത്തുള്ള നാനാതരത്തിലുള്ള ജീവി വൈവിധ്യത്തിനെക്കുറിച്ചുള്ള അവബോധം ഉയർത്തുന്നതിനായാണ്. 2020-ലെ യു എൻ ലോക വന്യജീവി ദിനം ലക്ഷ്യമിടുന്നത് ഭൂമിയിലെ എല്ലാ ജീവനെയും നിലനിർത്തുന്നതിനെക്കുറിച്ചുള്ള ചിന്തകൾ, പ്രവർത്തനങ്ങൾ എന്നിവ ആഗോളതലത്തിൽ സജീവമാക്കുക എന്നതും, ഇതിന്റെ ഭാഗമായി ആഗോള ജൈവവൈവിധ്യം നിലനിർത്തുന്നതിലൂടെ മനുഷ്യനുൾപ്പടെയുള്ള സകല ജീവജാലങ്ങളുടെയും ഭാവി സുസ്ഥിരമാക്കുക എന്നതുമാണ്.