ഇന്ത്യൻ രൂപ അതിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തകർച്ച നേരിട്ട് ഒരു യു.എസ് ഡോളറിന് 74.50 ൽ എത്തി നിൽക്കുകയാണിന്ന്(13.03.2020) . 2018 ഒക്ടോബറിൽ നേരിട്ട തകർച്ചയായ 74.48 നെ മറികടന്നിരിക്കുകയാണിപ്പോൾ. അതു കൊണ്ട് തന്നെ ഏറ്റവും നല്ല വിനിമയ നിരക്ക് ലഭിച്ച് വിദേശ പണത്തിന് കൂടുതൽ ഇന്ത്യൻ രൂപ ലഭിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ പ്രവാസികൾക്ക് നേട്ടമാക്കാവുന്ന കാര്യങ്ങൾ;
1. നിലവിൽ കടം ഉള്ളവരാണെങ്കിൽ കടത്തിൻ്റെ മുതൽ സംഖ്യയിൽ അൽപമെങ്കിലും വീടുന്ന തരത്തിൽ അടവ് നടത്തിയാൽ ദീർഘകാല കടങ്ങളുടെ പലിശയിൽ വലിയ കുറവാണ് വരുന്നത്.
2. ഓഹരി വിപണി കൂപ്പുകുത്തി നിൽക്കുന്ന ഈ അവസരത്തിൽ മികച്ച ഓഹരികൾ കുറഞ്ഞ വിലക്ക് വാങ്ങാൻ സാധിക്കും. കൊറോണാ ഭീഷിണി ഒഴിയുമ്പോൾ ഇവ കുതിച്ചു കയറും. ഓഹരി വിപണി ഏറ്റവും താഴ്ന്ന് നിൽക്കുന്ന സന്ദർഭമാണിപ്പോൾ.
3. ഓഹരി വിപണിയിൽ വൈദഗ്ദ്യമില്ലാത്തവർക്കും നല്ല അവസരമാണ് മ്യൂച്ചൽ ഫണ്ടുകൾക്കുള്ളത്. മികച്ച ഫണ്ടുകളുടെ നെറ്റ് അസറ്റ് വ്യാലു ( NAV) എറ്റവും കുറഞ്ഞ സമയമാണിപ്പോൾ. ഇപ്പോൾ കൂടുതൽ നിക്ഷേപം നടത്തി പിന്നീട് നല്ല നേട്ടം കൊയ്യാം.
4. സ്വർണ്ണ വിലയിൽ വലിയ കുറവാണ് ഇന്ന് ഉണ്ടായത്. ഒറ്റ ദിവസം കൊണ്ട് പവന് 1200/- രൂപ കുറഞ്ഞത് ചരിത്രത്തിൽ ആദ്യമാണ്. എന്നാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഈ രംഗത്ത് ആഗോളാടിസ്ഥാനത്തിൽ ഇനിയുമുണ്ടാവുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ നൽകുന്ന സൂചന.
5. റിയൽ എസ്‌റ്റേറ്റ് മേഖലയിൽ നിന്ന് എല്ലാവരും മാറി നിൽക്കുന്ന ഈ സമയത്ത് ന്യായമായ വിലയിൽ, ബ്രോക്കന്മാരെ ഒഴിവാക്കി തന്നെ വാങ്ങാവുന്ന നല്ല സമയമാണ്.
ഓർക്കുക. ഈ സമയവും കടന്ന് പോവും. ആപത്ത് കാലത്ത് തൈ പത്ത് നടാനുള്ള നല്ല അവസരമാണ് പ്രവാസികൾക്ക്.
തയ്യാറാക്കിയത്: അബ്ദുൽ റഊഫ് കൊണ്ടോട്ടി.