വർണോത്സവം – പത്താമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ ഫെബ്രുവരി 5 മുതൽ 15 വരെ

GCC News

പത്താമത് ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ തിയ്യതികളും വേദികളും പ്രഖ്യാപിച്ചു. ഇത്തവണ 19 വ്യത്യസ്ഥ ഇടങ്ങളിലായി ഒരുക്കുന്ന പ്രകാശാലങ്കാരങ്ങൾ പൊതുജനങ്ങൾക്ക് ഫെബ്രുവരി 5 മുതൽ 15 വരെ ആസ്വദിക്കാമെന്ന് ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം ഡെവലൊപ്മെന്റ് അതോറിറ്റി (SCTDA) അറിയിച്ചു.

ഈ വർണ്ണങ്ങളുടെ ഉത്സവത്തിന്റെ ഭാഗമായി ഷാർജയുടെ പ്രധാന ഇടങ്ങളെല്ലാം ദീപാലങ്കാരകാഴ്ചകളും ഷാർജയുടെ ചരിത്രവും സാംസ്കാരികത്തനിമയും വിളിച്ചോതുന്ന വർണ്ണകാഴ്ചകളും കൊണ്ട് സന്ദർശകരെ വരവേൽക്കും. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അണിയിച്ചൊരുക്കുന്ന സന്ദർശകരെകൂടി ഉൾകൊള്ളിക്കുന്ന മൂന്ന് ഇന്ററാക്റ്റീവ് ലൈറ്റ് ഷോകളും ഇതിന്റെ ഭാഗമായുണ്ട്. അൽ മജാസ് വാട്ടർഫ്രണ്ടിൽ രണ്ടും യൂണിവേഴ്സിറ്റി സിറ്റി ഹാളിലും ആണ്‌ ഈ ഇന്ററാക്റ്റീവ് ലൈറ്റ് ഷോകൾ. ഇതിൽ സിറ്റി ഹാളിലെ ഷോ വീഡിയോ മാപ്പിങ്, വിർച്വൽ റിയാലിറ്റി എന്നീ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സന്ദർശകരെ ലോകം ചുറ്റി സഞ്ചരിക്കുന്നതിന്റെ മായക്കാഴ്ച്ചകളാണ് ഒരുക്കുന്നത്.ദിവസവും അൽ മജാസ് വാട്ടർഫ്രണ്ടിൽ രാത്രി 9 മണിക്ക് ലൈവ് ഷോയും, ഖാലിദ് ലഗൂണിൽ വെടിക്കെട്ടും ഒരുക്കുന്നുണ്ട്.

അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജ, ഷാർജ പോലീസ് അക്കാദമി, യൂണിവേഴ്സിറ്റി ഓഫ് ഷാർജ, ഷാർജ മോസ്‌ക്, ഷാർജ സിറ്റി മുൻസിപ്പാലിറ്റി, ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി, മസ്ജിദ് അൽ നൂർ, അൽ ഖസ്ബ, ഒമ്രാൻ തര്യം സ്ക്വയർ, ഷാർജ ചേംബർ ഓഫ് കോമേഴ്‌സ്, അൽ ഹംരിയ ഏരിയ മുൻസിപ്പാലിറ്റി, അൽ വുസ്റ്റ ടീവി ബിൽഡിംഗ്, യൂണിവേഴ്സിറ്റി ഓഫ് ഷാർജ – കൽബ,
ഹൗസ് ഓഫ് ജസ്റ്റിസ് – ഖോർഫാക്കൻ, അറബ് അക്കാദമി ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് മാരിടൈം ട്രാൻസ്പോർട്ട് – ഖോർഫാക്കൻ, ദിബ്ബ അൽ ഹിസ്ൻ എന്നിവിടങ്ങളിലും ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി വർണ്ണകാഴ്ചകൾ ഒരുങ്ങുന്നുണ്ട്.