ശ്രുതിപാഠം പദ്ധതി ആരംഭിച്ചു

Kerala News

കാഴ്ചപരിമിതരായ വിദ്യാർഥികൾക്ക് ശബ്ദ ദാനത്തിലൂടെ ഓഡിയോ പാഠപുസ്തകങ്ങൾ തയ്യാറാക്കുന്ന ശ്രുതി പാഠം പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം. പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻണ്ടറി സ്‌ക്കൂളിൽ എൻ.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. കെ.പ്രസാദ് പാഠപുസ്തകം വായിച്ച് റിക്കോർഡ് ചെയ്ത് ശ്രുതിപാഠത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.

ശബ്ദദാനത്തിന്റെ പ്രധാന്യത്തെക്കുറിച്ച് സ്‌കൂളുകളിൽ ശബ്ദദാന ക്യാമ്പുകൾ നടത്തുന്നതിനും അനുബന്ധ വായനാ പുസ്തകങ്ങൾ കുട്ടികളുടെ സഹായത്തോടെ നിർമ്മിക്കുന്നതിനും കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ടീച്ചേഴ്‌സ് ഫോറവുമായി യോജിച്ചാണ് എസ്.സി.ഇ.ആർ.ടി പദ്ധതി നടപ്പാക്കുന്നത്.

ആദ്യ ശബ്ദദാന ക്യാമ്പിൽ സ്‌കൗട്ട്‌സ് & ഗൈഡ്‌സിലെ കുട്ടികളാണ് പങ്കെടുത്തത്. പത്തു കുട്ടികളെ ശ്രുതി പാഠം പദ്ധതിയിലേക്ക് തിരഞ്ഞെടുത്തു. ഓഡിയോപുസ്തകം അടുത്ത അദ്ധ്യയനവർഷാരംഭത്തിൽ പ്രസിദ്ധീകരിക്കും.

കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ടീച്ചേഴ്‌സ് ഫോറം സെക്രട്ടറി സുധീർ, വൈസ് പ്രസിഡന്റ് ഗോപൻ, എസ്.സി.ഇ.ആർ.ടി റിസർച്ച് ഫാക്കൽറ്റി അഞ്ജന വി.ആർ. ചന്ദ്രൻ, സ്‌കൂൾ സീനിയർ അസിസ്റ്റന്റ് രാജി, ശ്യാമള തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.