സംസ്ഥാനത്ത് അഞ്ചു പേർക്കു കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. പത്തനംതിട്ട ജില്ലയിലുള്ളവർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇവരിൽ മൂന്നു പേർ ഇറ്റലിയിൽനിന്ന് എത്തിയവരും രണ്ടു പേർ അവരുമായി സമ്പർക്കം പുലർത്തിയ നാട്ടിലുള്ളവരുമാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലുള്ള ഇവരുടെ ആരോഗ്യ നിലയിൽ നിലവിൽ ആശങ്കയില്ലെങ്കിലും ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നു മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഫെബ്രുവരി 29നാണ് അച്ഛനും അമ്മയും മകനുമടങ്ങിയ മൂന്നംഗ കുടുംബം ഇറ്റലിയിൽനിന്ന് എത്തിയത്. ഇവർ വിമാനത്താവളത്തിൽ പരിശോധനയ്ക്കു വിധേയരായില്ല. വീട്ടിലെത്തിയ ഇവർ തൊട്ടടുത്ത ബന്ധുവീട് സന്ദർശിച്ചിരുന്നു. ബന്ധുവീട്ടിലെ രണ്ടു പേർ പനിയായി റാന്നി താലൂക്ക് ആശുപത്രിയിൽ എത്തി. ഇവർക്കു കോവിഡ്-19 രോഗലക്ഷണങ്ങൾ കണ്ടതിനാൽ ഉടൻ ആശുപത്രിയിൽ ഐസൊലേറ്റ് ചെയ്തു.
ഇവരോടു സംസാരിച്ചതിൽനിന്നാണ് ഇറ്റലിയിൽ നിന്നു വന്ന ബന്ധുക്കൾ വീട്ടിൽ എത്തിയിരുന്നതായി അറിഞ്ഞത്. തുടർന്നു മെഡിക്കൽ സംഘം വീട് സന്ദർശിക്കുകയും അവരോട് അടിയന്തരമായി ആശുപത്രിയിലേക്കു മാറാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇവർ ആരോഗ്യ വകുപ്പിന്റെ നിർദേശം അവഗണിക്കുകയാണുണ്ടായത്. ആരോഗ്യ പ്രശ്നങ്ങളില്ലെന്നു പറഞ്ഞ് ആശുപത്രിയിൽ വരാൻ തയാറായില്ല. എന്നാൽ നിർബന്ധപൂർവം ഇവരെ നിരീക്ഷണത്തിലാക്കി സാമ്പിളെടുത്ത് പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവാണെന്നു വ്യക്തമായത്. ഇവർ പോയ സ്ഥലങ്ങളും ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട ആളുകളേയും കണ്ടെത്താൻ ആരോഗ്യ വകുപ്പ് ശക്തമായ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇറ്റലിയിൽനിന്നെത്തി രോഗബാധ സ്ഥിരീകരിച്ചവർ യാത്രചെയ്ത വിമാനത്തിൽ യാത്രചെയ്ത എല്ലാ വ്യക്തികളും അതതു ജില്ലകളിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി 28ന് ഖത്തർ എയർവേസിന്റെ QR 126 വെനിസ്-ദോഹ ഫ്ലൈറ്റിലോ 29ന് ഖത്തർ എയർവേസിന്റെ QR 514 ദോഹ-കൊച്ചി ഫ്ലൈറ്റിലോ യാത്ര ചെയ്ത എല്ലാ വ്യക്തികളും കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നാണു നിർദേശം.
കോവിഡ് 19 രോഗ ബാധിത പ്രദേശങ്ങളിൽനിന്നു വരുന്നവർ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നു നേരത്തെ ജാഗ്രത നിർദേശം നൽകിയിരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. കൊറോണ ബാധിത മേഖലിയിൽനിന്നു വരുന്നവർ നിർബന്ധമായും ആരോഗ്യ വകുപ്പിൽ റിപ്പോർട്ട് ചെയ്യണം. ഇറാൻ, ഇറ്റലി, സൗത്ത് കൊറിയ, ചൈന എന്നിവിടങ്ങൾ രോഗബാധ ഗുരുതരമായിരിക്കുന്ന രാജ്യങ്ങളാണ്.
ഇവിടങ്ങളിൽനിന്നെത്തുന്നവർ അതീവ ജാഗ്രത പുലർത്തണം. കോവിഡ് 19 ബാധിത രാജ്യങ്ങളിൽ നിന്നും വരുന്നവർ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചില്ലെങ്കിൽ കുറ്റകരമായി കണക്കാക്കും. അയൽപക്കക്കാരും അറിയിക്കാൻ ശ്രദ്ധിക്കണം. സമൂഹമാകെ ശ്രദ്ധിക്കേണ്ടതാണ്. വിദേശത്തിൽ നിന്നും വന്നവർ നിർബന്ധമായും 28 ദിവസം വീട്ടിലെ നിരീക്ഷണത്തിൽ കഴിയണം. ശക്തമായ നിരീക്ഷണം നടത്താനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.