സഞ്ചാരികളെ വരൂ, ക്രിസ്മസ് ആഘോഷിക്കാം ബേക്കലിനൊപ്പം

Kerala News

ബേക്കല്‍ കാര്‍ഷിക,പുഷ്പ,ഫല, സസ്യ മേള ഇന്ന് (24 ന്) തുടങ്ങും

ക്രിസ്മസ് അവധി ദിവനങ്ങള്‍  ആഘോഷമാക്കാന്‍ ജില്ലയിലേക്കെത്തുന്ന സഞ്ചാരികളെ എതിരേല്‍ക്കാന്‍ ബേക്കല്‍ ഒരുങ്ങിത്തുടങ്ങി. ഡിസംബര്‍ 24 മുതല്‍ 2020 ജനുവരി ഒന്നു വരെ ബേക്കലിലേക്കെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് കാര്‍ഷിക പുഷ്പ മേളയും, ഭക്ഷ്യമേളയും, കടല്‍ത്തീര കായികമേളയുമൊക്കെയാണ്. ബേക്കലിന്റെ അകത്തളങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനായി അണിയറയില്‍ വിവിധ പരിപാടികളൊരുക്കുന്ന തിരക്കിലാണ്  അഗ്രി ഹോര്‍ട്ടി സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ.

 മേളയ്ക്ക് മുന്നോടിയായി ഡിസംബര്‍ 24 ന് രാവിലെ 10 പത്തിന് ഘോഷയാത്ര നടക്കും. തുടര്‍ന്ന് 10.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം റവന്യു -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.  കെ.കുഞ്ഞിരാമന്‍ എം.എല്‍എ    അധ്യക്ഷനാകും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയാകും.എം.എല്‍.എമാരായ എം.രാജഗോപാലന്‍, എന്‍.എ.നെല്ലിക്കുന്ന്, എം.സി.ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍,  കാഞ്ഞങ്ങാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് എം.ഗൗരി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മധു ജോര്‍ജ്ജ് മത്തായി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.വീണാറാണി,വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, ബി.ആര്‍.ഡി.സി  എം.ഡി ടി.കെ മന്‍സൂര്‍, പ്രോഗ്രാം കമ്മിറ്റി  കണ്‍വീനര്‍, ചെയര്‍മാന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.രവീന്ദ്രന്‍ നന്ദിയും പറയും.

തുടക്കം ഓണ്‍ ദി സ്പോട്ട് മത്സരങ്ങളോടെ

ഡിസംബര്‍ 24 ന് രാവിലെ 10 ന് ഓണ്‍ ദി സ്പോട്ട് മത്സരങ്ങള്‍ നടക്കും. ജാപ്പാനീസ് സ്‌റ്റൈല്‍, ഫ്രീ സ്‌റ്റൈല്‍, മാസ് അറേഞ്ചുമെന്റ്, വണ്‍ ഫ്ളവര്‍ വണ്‍ ലീഫ്, ഫ്ളോട്ടിംഗ്, ഹാല്‍ഗിഗ് അറേഞ്ചുമെന്റ്, വാള്‍ബ്രാക്കറ്റ്, ബൊക്കെ ( പുഷ്പങ്ങളും ഇലകളും മാത്രം), ബൊക്കെ (  ആര്‍ട്ടിഫിഷ്യല്‍ ഫ്ളവര്‍ ഉപയോഗിച്ച്-പ്ലാസ്റ്റിക് ഒഴികെ), പാഴ് വസ്തുക്കളില്‍ നിന്നും അലങ്കാരവസ്തുക്കളുടെ നിര്‍മ്മാണം, ഡ്രൈ ഫ്ളവര്‍ അറേഞ്ച്മെന്റ്, ഫോട്ടോഗ്രാഫി എന്നീ മത്സരങ്ങള്‍ നടക്കും.  മത്സരവേദികളില്‍ തന്നെ എല്ലാം നിര്‍മ്മിക്കണം.ആര്‍ട്ടിഫിഷ്യല്‍ ഫ്ളവര്‍ നേരത്തെ ഉണ്ടാക്കി മത്സരത്തിന് ഉപയോഗിക്കാം.. അലങ്കാര വസ്തുക്കള്‍ നിര്‍മ്മിക്കേണ്ട പാഴ് വസ്തുക്കളും പൂക്കളും മറ്റ് ഉപകരണങ്ങളുമൊക്കെയായി ബേക്കലിലേക്ക് വന്നാല്‍ കൈനിറയെ സമ്മാനങ്ങളുമായി മടങ്ങാം.

പൂക്കളും പച്ചക്കറികളുമായി വന്നോളു,   പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കാം

ഓര്‍ക്കിഡും ആന്തൂറിയവും പച്ചക്കറികളുമൊക്കെ വീട്ടില്‍ നട്ടു പരിപാലിക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ പിന്നെ ഒന്നും നോക്കണ്ട, ഡിസംബര്‍ 24 മുതല്‍ കാഞ്ഞങ്ങാട് ബേക്കല്‍ കോട്ടയില്‍ നടക്കുന്ന കാര്‍ഷിക പുഷ്പ മേളയിലെ പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്ത് കൈ നിറയെ ക്രിസ്മസ് സമ്മാനം നേടാം.  ചട്ടിയില്‍ വളര്‍ത്തുന്ന ചെടികളായി വിവിധ ഇനം റോസ്, ഓര്‍ക്കിഡ്,  ആന്തൂറിയം, പുഷ്പിണികള്‍, ഇലച്ചെടികള്‍, ബോണ്‍സായ്, കാക്റ്റസ്, ആഫ്രിക്കന്‍ വൈലറ്റ്  കാര്‍ഷിക ഉത്പന്നങ്ങളായ വിവിധ ഇനം വാഴക്കുലകള്‍, തേങ്ങാക്കുല, അടയ്ക്കാക്കുല, കിഴങ്ങു വര്‍ഗ്ഗങ്ങള്‍ (ഒരു മൂടു വീതം), പഴവര്‍ഗ്ഗങ്ങള്‍(ഓരോ ഇനവും രണ്ട് എണ്ണം വീതം), പച്ചക്കറികള്‍, മുളക്, പയര്‍, കോവയ്ക്ക- 100 ഗ്രാം വീതം, ഔഷധ സസ്യങ്ങള്‍ എന്നിവയുടെ  പ്രദര്‍ശന മത്സരങ്ങളാണ് നടക്കുക.

 മത്സരത്തിനുള്ള ചെടികളും, കാര്‍ഷിക ഉല്‍പ്പന്നങ്ങളും തന്നെ പ്രദര്‍ശന നഗരിയില്‍ എത്തിക്കണം. ഓരോ ചട്ടിയും കൃത്യമായി ലേബല്‍ ചെയ്തിരിക്കണം. ഓരോ ഇനത്തിനും പ്രത്യേക സമ്മാനങ്ങള്‍ ഉണ്ടായിരിക്കും.ഔഷധ സസ്യങ്ങളുടെ നല്ല ശേഖരണത്തിനു മാത്രമാണ് സമ്മാനം.

ക്രിസ്മസ് ദിനത്തില്‍ പൂരക്കളി, ഓലമടയല്‍ പിന്നെ തിരുവാതിരയും

ഡിസംബര്‍ 25ന് ക്രിസ്മസ് ദിനത്തില്‍ വൈകുന്നേരം ആറിന് ഗാനമേള നടക്കും . ഡിസംബര്‍ 26 ന് 10 മുതല്‍ വെജിറ്റബിള്‍ കാര്‍വിംഗ്, സലാഡ് അറേഞ്ച്മെന്റ്, ഇറുത്തെടുത്ത പുഷ്പങ്ങളും ഇലകളും മാത്രം ഉപയോഗിച്ച് ഫ്ളോറല്‍ കാര്‍പ്പെറ്റ് (ഗ്രൂപ്പ് മത്സരം) എന്നീ മത്സരങ്ങള്‍ നടക്കും. ഉച്ചയ്ക്ക് രണ്ടിന് ഓല മെടയല്‍ മത്സരം, തുടര്‍ന്ന് ഗ്രാമോത്സവത്തില്‍ പൂരക്കളി, തിരുവാതിര മത്സരങ്ങള്‍ നടക്കും.

ഇശല്‍ നൈറ്റും, ഗാനമഞ്ജരിയും മുതല്‍ മെഗാ പാചക മത്സരം വരെ

 ഡിസംബര്‍ 27ന് രാവിലെ പത്തിന് വിള ആരോഗ്യ പരിപാലന സെമനാര്‍ സംഘടിപ്പിക്കും. തുടര്‍ന്ന് കര്‍ഷകര്‍ക്ക് ക്വിസ് മത്സരം നടത്തും. ഉച്ചയ്ക്ക് ഒന്നു മുതല്‍ രണ്ട് വരെ രജിസ്ട്രേഷന്‍ നടത്തും. വൈകുന്നേരം മൂന്നിന് മൈലാഞ്ചിയിടല്‍ മത്സരം, ആറിന് ഇശല്‍ നൈറ്റും നടത്തും. ഡിസംബര്‍ 28  രാവിലെ പത്ത് വരെ രജിസ്ട്രേഷന്‍, പത്തിന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മത്സരം, വൈകുന്നേരം ആറിന് ഓള്‍ഡ് ഈസ് ഗോള്‍ഡ് നടത്തും. ഡിസംബര്‍ 29ന് വൈകുന്നേരം ആറ് മുതല്‍ യുവജനോത്സവത്തില്‍ എ ഗ്രേഡ് ലഭിച്ച വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ നടത്തും. ഡിസംബര്‍ 30 ന് വൈകുന്നേരം നാല് മുതല്‍ കൃഷി ജീവനക്കാരുടെ ഗാനമഞ്ജരി നടക്കും. ഡിസംബര്‍ 31 ന് ഉച്ചയ്ക്ക് ഒന്നുമുതല്‍ രണ്ട് വരെ രജിസ്ട്രേഷന്‍ നടത്തും. ഉച്ചയ്ക്ക് രണ്ട് മുതല്‍ പാചക മത്സരം ( കേക്ക്, പായസം തയ്യാറാക്കി കൊണ്ടുവരണം), വൈകുന്നേരം നാല് മുതല്‍ കര്‍ഷകതിലകം ഖദീജ നയിക്കുന്ന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള സെമിനാര്‍ തുടര്‍ന്ന് കോമഡിനൈറ്റും ഗാനമേളയും നടക്കും. ജനുവരി ഒന്ന് ബുധനാഴ്ച വൈകുന്നേരം മൂന്നിന് സമാപന സമ്മേളനവും നടക്കും.