സമൂഹമദ്ധ്യത്തിൽ സ്വന്തം കഴിവുകൾ പ്രദർശിപ്പിക്കാനുള്ള മനുഷ്യന്റെ അവസര ബുദ്ധിയെ മനസ്സിലാക്കാം, എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ ഒരിക്കൽ ലോകത്തിന്റെ ഏതോ ഒരു കോണിൽ നടന്ന അബദ്ധത്തെ വീണ്ടും വിളിച്ചു വരുത്തുന്നതിനു ആഹ്വാനം ചെയ്യുന്ന വിഡ്ഢിത്തരങ്ങളെ ഒഴിവാക്കേണ്ടത് ഒരു അനിവാര്യതയായി കണക്കാക്കാം. ഇതിനു മുൻപുണ്ടായിരുന്ന കീകീ ഡാൻസും, ബ്ലൂ വെയിൽ ഗെയിമും വരുത്തിവച്ച അപകടങ്ങൾ പലതും കണ്ട നമ്മുടെ തലമുറ ഇപ്പോൾ “സ്കൾ ബ്രേക്കർ ചലഞ്ച്” എന്ന പുതിയ ഒരു കാഴ്ചയിലേക്ക് ശ്രദ്ധതിരിച്ചിരിക്കുന്നു.
മൂന്നുപേർ നിൽക്കുന്നതിൽ നടുവിലെ ആൾ മുകളിലോട്ട് ചാടുകയും , തിരിച്ചെത്തി കാലുകുത്തുന്നതിനു മുൻപ് മാറ്റുരണ്ടുപേർ ഇയാളുടെ കാലുവാരുന്നതുമാണ് ഈ അബദ്ധത്തിന്റെ പശ്ചാത്തലം. മറിഞ്ഞു വീഴുന്ന ആൾ തികഞ്ഞ അഭ്യാസിയല്ലങ്കിൽ തലയുടെ പിൻഭാഗം നിലത്തടിച്ച്, ആദ്യം ഈ അബദ്ധം പറ്റി ഇങ്ങിനെ ഒരു പേര് കണ്ടുപിടിച്ച ആളെപോലെ വീഴുന്നു. തുടർന്ന് ചുറ്റും കണ്ടു നിൽക്കുന്നവരും, സമൂഹമാധ്യമത്തിലൂടെ കാണുന്നവരും ഒരു സ്ലാപ്സ്റ്റിക്ക് ഹാസ്യം കണ്ടതുപോലെ ചിരിച്ചു മറ്റൊരു വീഡിയോയിലേക്ക് ചേക്കേറുന്നു. പക്ഷെ ഇതിനൊരു മറുവശം കൂടിയുണ്ട്, നിലതെറ്റി നിലത്തുവീഴുന്നയാൾ തലയടിച്ച് വീണുണ്ടാകുന്ന സാരമായ പരുക്കുകളുടെ വിവരങ്ങളും ഇതിനോടകം പുറത്തുവന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് വേദനകലർന്ന തമാശകൾ നമ്മുടെ തലമുറ കുറയ്ക്കുന്നതായിരിക്കും ഉചിതമെന്നു പോലീസും അഭിപ്രായപ്പെടുന്നു.
കേരള പോലീസ് ജനങ്ങളുടെ സുരക്ഷയ്ക്കായി പുറത്തിറക്കിയ കുറിപ്പിൽ ഇങ്ങിനെ സൂചിപ്പിക്കുന്നു.
“ഈ അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്കൾ ബ്രേക്കർ പോലുള്ള ഗെയിമിങ്ങ് ചലഞ്ചുകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവും. രസകരമായി തോന്നിയേക്കാം പക്ഷെ അപകടം ഒളിഞ്ഞിരിക്കുന്നത് മറക്കരുത്, കുട്ടികൾ അനുകരിക്കാൻ ശ്രമിക്കുന്ന ഇത്തരം അപകടകരമായ ഗെയിമിങ്ങ് ചലഞ്ചുകൾ ടിക് ടോക് പോലുള്ള സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും പ്രചരിക്കുന്നത്. ഇത്തരം ചലഞ്ചുകൾ അനുകരിക്കുന്നത് വഴി നിരവധിപ്പേർക്ക് ഗുരുതരമായി പരിക്കു പറ്റിയിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. ജീവൻ തന്നെ അപകടത്തിലാകുന്ന ഇത്തരത്തിലുളള ഗെയിമിങ്ങ് ചലഞ്ചുകൾ നമ്മുടെ കുട്ടികളുൾപ്പെടെയുള്ളവർ അനുകരിക്കാതിരിക്കുന്നതിന് മാതാപിതാക്കളും സ്‌കൂൾ അധികൃതരും സുഹൃത്തുക്കളും അതീവജാഗ്രത പുലർത്തേണ്ടതാണ്.“
കുട്ടികളേ തെറ്റുകാണുമ്പോൾ ശാസിക്കുക മാത്രമല്ല, ആ തെറ്റിലേക്ക് അവർ പോകാതെ തടയേണ്ടതും സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമായി കണക്കാക്കാം.
1 thought on ““സ്കൾ ബ്രേക്കർ ചലഞ്ച്” – പേരു പോലെത്തന്നെ അപകടം”
Comments are closed.