സൗദി അറേബ്യ: നാല് രാജ്യങ്ങളിൽ നിന്നുള്ള യാത്രികരോട് സ്വയം ക്വാറന്റീനിൽത്തുടരാൻ നിർദ്ദേശം

GCC News

കൊറോണാ പ്രതിരോധനടപടികളുടെ ഭാഗമായി ഇറ്റലി, ദക്ഷിണ കൊറിയ, ഈജിപ്ത്, ലെബനൻ എന്നീ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് മടങ്ങുന്നവരോട് രാജ്യത്ത് പ്രവേശിച്ച ദിവസം മുതൽ 14 ദിവസത്തേയ്ക്ക് സ്വയം ക്വാറന്റീനിൽത്തുടരാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. രോഗം നേരിടുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം യു എ ഇ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്കുള്ള സൗദി അറേബ്യയിലേക്കുള്ള പ്രവേശനം താത്ക്കാലികമായി എയർപോർട്ടുകൾ വഴി മാത്രമാക്കി നിയന്ത്രിച്ചതായി പ്രഖ്യാപിച്ചിരുന്നു.

ഈ രാജ്യങ്ങളിൽ യാത്രചെയ്തവർ, രോഗബാധയുള്ളവരുമായി ഇടപഴകിയവർ എന്നിവർക്കെല്ലാം ഈ നിർദ്ദേശം ബാധകമാണ്. നിലവിൽ രോഗലക്ഷണങ്ങൾ ഒന്നും പ്രകടമല്ലെങ്കിലും വീടുകളിൽ ഐസൊലേഷനിൽ തുടരാനും തങ്ങളുടെയും കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും ആരോഗ്യ സുരക്ഷയ്ക്കായുള്ള നിർദ്ദേശങ്ങൾ പാലിക്കാനും മന്ത്രാലയം അറിയിച്ചു. ഈ രാജ്യങ്ങൾ സന്ദർശിച്ചു മടങ്ങിയവർക്ക് ചെറിയ രോഗലക്ഷണങ്ങൾ പോലും കാണിക്കുന്നുണ്ടെങ്കിൽ ഉടനെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടേണ്ടതാണ് എന്നും അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ച രണ്ടുപേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം എഴായിട്ടുണ്ട്.